സെബിയേയും അദാനിയേയും കുഴക്കിയ ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രവര്‍ത്തനം ഇങ്ങനെ

കോർപ്പറേറ്റ് വഞ്ചനയും തെറ്റായ പ്രവണതകളും തുറന്നുകാട്ടുന്നതിൽ ശ്രദ്ധ ചെലുത്തുന്ന സ്ഥാപനമാണ് ഹിൻഡൻബർഗ്. ന്യൂയോർക്ക് ആസ്ഥാനമായ സാമ്പത്തിക വിശകലന സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ സ്ഥാപകന്‍ നഥാൻ ആൻഡേഴ്സണാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുളള കമ്പനികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകളാണ് 2017 ൽ സ്ഥാപിച്ച ഹിൻഡൻബർഗ് റിസർച്ച് പ്രസിദ്ധീകരിക്കാറുളളത്. ഇത് പലപ്പോഴും കമ്പനികളുടെ ഓഹരി വിലകള്‍ ഗണ്യമായി ഇടിക്കുന്ന സാഹചര്യം സൃഷ്ടിക്കാറുണ്ട്.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വിശകലനങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് ഉപയോഗിക്കപ്പെടുന്നത്.

ഹിൻഡൻബർഗിന്റെ പ്രവര്‍ത്തനം

കമ്പനികളുടെ അക്കൗണ്ടിങ് ക്രമക്കേടുകൾ, മാനേജ്‌മെന്റിന്റെ മോശം പ്രകടനം, കമ്പനിയുടെ പ്രധാന നിക്ഷേപകന്റെ റോള്‍, വെളിപ്പെടുത്താത്ത കമ്പനിയുടെ ഇടപാടുകൾ, നിയമവിരുദ്ധ/അധാർമ്മിക ബിസിനസ്, നിയമവിരുദ്ധ സാമ്പത്തിക റിപ്പോർട്ടിംഗ് രീതികൾ, വെളിപ്പെടുത്താത്ത സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയാണ് പ്രധാനമായും ഹിൻഡൻബർഗ് അന്വേഷിക്കുന്നത്.
2020 സെപ്റ്റംബറിൽ യു.എസ് കമ്പനിയായ ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പ് നിക്കോള കോർപ്പറേഷനെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഹിൻഡൻബർഗിന്റെ ഏറ്റവും ശ്രദ്ധേയമായ റിപ്പോർട്ടുകളിലൊന്നാണ്. നിക്കോള സാങ്കേതികവിദ്യയും കമ്പനിയുടെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് നിക്ഷേപകരെ വഞ്ചിക്കുകയാണെന്നാണ് ഹിൻഡൻബർഗ് ആരോപണം ഉന്നയിച്ചത്. ഈ റിപ്പോർട്ട് നിക്കോളയുടെ ഓഹരി മൂല്യത്തില്‍ ഗണ്യമായ ഇടിവുണ്ടാക്കി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്.ഇ.സി) ഉൾപ്പെടെയുള്ള യു.എസ് ഫെഡറൽ അധികൃതരുടെ അന്വേഷണത്തിനും ഇത് ഇടയാക്കി.
വിമര്‍ശനങ്ങള്‍ക്കും വിധേയം
ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രവൃത്തികള്‍ പ്രശംസയ്ക്കും വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഓഹരി വിപണികളിൽ സുതാര്യത കൊണ്ടുവരാനുള്ള സ്ഥാപനത്തിന്റെ ശ്രമങ്ങളെ ഒരു വിഭാഗം നിക്ഷേപകരും വിപണി നിരീക്ഷകരും അഭിനന്ദിക്കുന്നുണ്ട്. അതേസമയം നെഗറ്റീവ് റിപ്പോർട്ടിങ് നടത്തി കമ്പനിയുടെ ഓഹരി വിലയിടിവിൽ നിന്ന് ലാഭം നേടുന്ന ഹിൻഡൻബർഗിന്റെ ഷോർട്ട് സെല്ലിംഗ് തന്ത്രം ധാർമ്മിക ആശങ്കകൾ ഉയർത്തുന്നതാണ് വിമർശകർ പറയുന്നു.
അപകീർത്തിപ്പെടുത്തുന്നതിനും വിപണിയിൽ കൃത്രിമം കാണിക്കുന്നതിനുമെതിരെ കമ്പനികൾ ഹിൻഡൻബർഗിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പൊതുവേയുളള അഭിപ്രായം ആൻഡേഴ്സണ്‍ന്റെ റിപ്പോര്‍ട്ടുകള്‍ കമ്പനികളെ സുതാര്യതയ്ക്കും കോർപ്പറേറ്റ് ഭരണം മെച്ചപ്പെടുത്താനും പ്രേരിപ്പിക്കുന്നുവെന്നാണ്.
അദാനി ഗ്രൂപ്പിനെക്കുറിച്ച് ഹിൻഡൻബർഗ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കമ്പനിയുടെ ഓഹരി മൂല്യത്തിൽ വൻ ഇടിവുണ്ടാക്കുകയും ഗവണ്‍മെന്റ് ഏജന്‍സികളുടെ പരിശോധനയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു.

Related Articles

Next Story

Videos

Share it