മരുന്നു കയറ്റുമതി നിരോധനം ഭാഗികമായി നീക്കി ഇന്ത്യ

കൊവിഡ് പടര്‍ന്നതോടെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഭാഗികമായി പിന്‍വലിച്ചു. നിലവില്‍ അമേരിക്കയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ക്ലിയര്‍ ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ത്യ മരുന്ന് തന്നില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ്
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണത്തില്‍ ഇന്ത്യ അയവു വരുത്തിയത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ 'ഗെയിം ചേഞ്ചര്‍' ആണ് ഇതുവരെ മലേറിയയ്‌ക്കെതിരെ ഉപയോഗിച്ചുപോന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്ന് ട്രംപ് പറഞ്ഞിരുന്നു.

ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ശേഷമുള്ള ലഭ്യത കൂടി കണക്കാക്കിയതിനു ശേഷം മാത്രമേ തുടര്‍ന്നുള്ള മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയുള്ളൂവെന്ന് ഇന്നത്തെ പ്രസ്താവനയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.അതേസമയം, മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായി കോവിഡ്-19 വളരെ മോശമായി ബാധിച്ച രാജ്യങ്ങളിലേക്ക് പാരസെറ്റാമോള്‍, ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്നീ മരുന്നുകള്‍ ഇന്ത്യ കയറ്റുമതി ചെയ്യും. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ രാജ്യം ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

'മികച്ച ബന്ധമാണ് ഇന്ത്യയും അമേരിക്കയുമായുള്ളത്. ഞായറാഴ്ച രാവിലെ മോദിയുമായി ഞാന്‍ സംസാരിച്ചിരുന്നു. മരുന്ന് കയറ്റുമതി പുനരാരംഭിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇനിയും ഇക്കാര്യത്തില്‍ അനുമതി നല്‍കുന്നില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും. എന്തു കൊണ്ട് അത് വേണ്ടെന്ന് വയ്ക്കണം?'- ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ ഇന്നലെ പ്രതികരിച്ചതിങ്ങനെ.

ഫെബ്രുവരിയില്‍ ട്രംപ് നടത്തിയ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളുമായുള്ള സമഗ്ര വ്യാപാര കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞിരുന്നില്ല. നവംബറിലെ പ്രസിഡന്റ് തെരഞ്ഞടുപ്പ് കഴിഞ്ഞേ അതിനു സാധ്യതയുള്ളൂ എന്നാണ് പിന്നീടുണ്ടായ സൂചന. എങ്കിലും ഉഭയ കക്ഷി വ്യാപാര ഇടപാടുകള്‍ പുരോഗമിച്ചുവരുന്നതിനിടെയാണ് കൊവിഡ് 19 പ്രതിസന്ധി കടന്നുവന്നത്. ഇതോടെ മിക്കവാറും നിലച്ച വ്യാപാര ബന്ധത്തെ ഗുരുതരമായി ബാധിക്കാനിടയാക്കുന്ന സാഹചര്യമാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിലൂടെ വന്നുപെട്ടിട്ടുള്ളതെന്ന നിരീക്ഷണം ഉയര്‍ന്നിരുന്നു.അമേരിക്കയില്‍ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ പകുതിയും ഇന്ത്യയില്‍ നിന്നാണ് എത്തുന്നത്.

കൊറോണ വൈറസ് ബാധിത രോഗികളുടെ ചികിത്സയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുണഫലമുണ്ടാക്കുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ച ശേഷമാണ് മരുന്നിന്റെ കയറ്റുമതി നിരോധിച്ച് മാര്‍ച്ച് 25ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളെന്നോണമായിരുന്നു ഈ നടപടി. അതേസമയം, മാനുഷിക പരിഗണന കണക്കിലെടുത്ത് ചില ഘട്ടങ്ങളില്‍ മരുന്ന് കയറ്റുമതി ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഗുരുതരമായി കൊവിഡ് 19 രോഗം ബാധിച്ചവര്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ ( ക്ലോറോക്വിന്‍) ഉപയോഗിക്കാനാണ് യുഎസ് മരുന്ന് റെഗുലേറ്റര്‍ ആയ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ആദ്യം അനുമതി നല്‍കിയത്.പക്ഷേ, അടിയന്തിര ഉപയോഗ അംഗീകാരം നല്‍കിക്കൊണ്ട് കഴിഞ്ഞ ആഴ്ച വീണ്ടും ഉത്തരവിറക്കി. അമേരിക്കയില്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്ക് നഗരത്തിലെ രോഗികളില്‍ ഉള്‍പ്പെടെ ഇത് വ്യാപകമായി പരീക്ഷിക്കപ്പെടുന്നുണ്ട്.

അതേസമയം, ട്രംപിന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിലെ വിദഗ്ധര്‍ ഇപ്പോഴും പറയുന്നത് ഹൈഡ്രോക്സിക്ലോറോക്വിന്‍ പ്രയോഗിച്ചതിലൂടെ കോവിഡ് -19 രോഗികള്‍ക്ക് തെളിയിക്കപ്പെട്ട ഗുണ ഫലങ്ങളുണ്ടായിട്ടില്ലെന്നാണ്. യുഎസില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം പിന്നിട്ടു. 3,66,000 പേര്‍ ചികില്‍സയിലാണ്.അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ ഹൈഡ്രോക്‌സി ക്ലോറൈകൈന്‍ കയറ്റുമതി ചെയ്യുന്നത് അഹമ്മദാബാദ് ആസ്ഥാനമായ സൈദസ് ഫാര്‍മസ്യൂട്ടിക്കല്‍സാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it