ഇന്ത്യാ-പാക് ലോകകപ്പ്: 10 സെക്കന്റിന്റെ പരസ്യത്തിന് കണ്ണുതള്ളുന്ന ചെലവ്, കണക്കുകള്‍ ഇങ്ങനെ

ക്രിക്കറ്റ് ആരാധകര്‍ എല്ലാകാലത്തും കാത്തിരിക്കുന്ന മത്സരങ്ങളിലൊന്നാണ് ലോകകപ്പിലെ ഇന്ത്യാ - പാകിസ്ഥാന്‍ പോരാട്ടം. അയല്‍രാജ്യങ്ങള്‍ തമ്മില്‍ ക്രിക്കറ്റ് കളത്തില്‍ കാലങ്ങളായുള്ള വാശി പരസ്യലോകത്തിനും ചാകരയാണ്. സാധാരണ മത്സരങ്ങള്‍ക്ക് ഈടാക്കുന്നതിനേക്കാള്‍ 22 മുതല്‍ 25 ശതമാനം വരെ കൂടുതലാണ് ഈ ദിവസങ്ങളില്‍ കമ്പനികള്‍ക്ക് പരസ്യയിനത്തില്‍ ചെലവിടേണ്ടി വരുന്നത്. ജൂണ്‍ ഒമ്പതിന് നടക്കാനിരിക്കുന്ന ഇന്ത്യാ - പാക് ടി -20 ലോകകപ്പ് മത്സരത്തിന്റെ 10 സെക്കന്‍ഡ് പരസ്യ സ്ലോട്ടിന് 48,000 ഡോളറാണ് ( ഏകദേശം 40 ലക്ഷം രൂപ) ഈടാക്കുന്നത്. മത്സരത്തിന്റെ ഏതാണ്ടെല്ലാ പരസ്യ സ്ലോട്ടുകളും ഇതിനോടകം വിറ്റുപോയതായും റിപ്പോര്‍ട്ടുണ്ട്.
ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ചിരവൈരികള്‍ മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് എ യില്‍ അംഗങ്ങളായ ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടുമെന്ന് ആദ്യം കരുതിയെങ്കിലും ആതിഥേയരായ യു.എസ് എല്ലാവരെയും ഞെട്ടിച്ചു. സൂപ്പര്‍ ഓവറിലേക്ക് വരെ നീണ്ട കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചതോടെ ഗ്രൂപ്പ് എ യില്‍ യു.എസ് ഒന്നാമതെത്തി. ഇന്ത്യയുമായുള്ള മത്സരത്തില്‍ കൂടി പരാജയപ്പെട്ടാല്‍ പാക് ടീമിന്റെ നിലപരുങ്ങലിലാകും. ഇത് കൂടുതല്‍ കാഴ്ച്ക്കാരെ ആകര്‍ഷിക്കാനിടയുണ്ട്. സാധാരണ ഇന്ത്യയുടെ മത്സരങ്ങളുടെ 10 സെക്കന്‍ഡ് പരസ്യ സ്ലോട്ടിന് 20 ലക്ഷം രൂപയാണ് ശരാശരി ചെലവിടേണ്ടി വരുന്നത്. എന്നാല്‍ ക്രിക്കറ്റിലെ
ക്ലാസിക്ക്‌
എന്ന് കരുതപ്പെടുന്ന ഇന്ത്യാ പാക് മത്സരങ്ങള്‍ക്ക് റെക്കോര്‍ഡ് തുകയ്ക്കാണ് പരസ്യ സ്ലോട്ടുകള്‍ വില്‍ക്കുന്നത്.

കൂടുതല്‍ കാഴ്ചക്കാരെത്തും

ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഡിസ്‌നി സ്റ്റാറും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും കഴിഞ്ഞ തവണത്തേതിന് സമാനമായാണ് പരസ്യനിരക്കുകള്‍ ഈടാക്കുന്നത്. ഇന്ത്യാ - പാക് മത്സരത്തിന് മാത്രമാണ് പരസ്യ വില വര്‍ദ്ധിപ്പിക്കുന്നത്. ഈ മത്സരങ്ങള്‍ക്ക് പരസ്യം നല്‍കാനാണ് മിക്ക ബ്രാന്‍ഡുകള്‍ക്കും താത്പര്യം. കൂടുതല്‍ പേര്‍ക്ക് മത്സരം കാണാവുന്ന തരത്തില്‍ മത്സരം ക്രമീകരിച്ചിരിക്കുന്നതും കമ്പനികളെ പരസ്യം നല്‍കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇന്ത്യാ - പാക് മത്സരം ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ആരംഭിക്കുന്നത്.

കഴിഞ്ഞ ലോകകപ്പില്‍ 30 ലക്ഷം

അടുത്തിടെ ഇന്ത്യയില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യാ - പാക് മത്സരങ്ങള്‍ക്ക് 30 ലക്ഷം രൂപയാണ് ശരാശരി ഈടാക്കിയത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ 14ന് അഹമ്മദാബാദില്‍ നടന്ന മത്സരത്തിലെ 10 സെക്കന്‍ഡ് പരസ്യ സ്ലോട്ടിന് 60 ലക്ഷം രൂപ വരെ നിരക്ക് വര്‍ദ്ധനവുണ്ടായി. സമാനമായ രീതിയില്‍ ടി-20 ലോകകപ്പിലെ ഇനി വരാനിരിക്കുന്ന ഇന്ത്യാ - പാക് മത്സരങ്ങളുടെ പരസ്യ സ്ലോട്ടുകള്‍ക്കും വില വര്‍ദ്ധിച്ചേക്കാമെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
Related Articles
Next Story
Videos
Share it