ചൈനീസ് നിക്ഷേപത്തിന് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

സര്‍ക്കാര്‍ നേരിട്ടോ ധനസഹായം നല്‍കിയോ നടപ്പിലാക്കുന്ന പദ്ധതികളുടെ നിര്‍വഹണത്തില്‍ ഇനി ചൈനയടക്കമുള്ള അയല്‍രാഷ്ട്രങ്ങളിലെ കമ്പനികള്‍ക്ക് പങ്കാളിത്തം നേടണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. 2017 ലെ ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍, ചൈനീസ് കമ്പനികള്‍ക്ക് മുക്കുകയറിടാനുള്ള ശ്രമം തുടരുകയാണ്. കര അതിര്‍ത്തി പങ്കിടുന്ന ചൈന, പാക്കിസ്ഥാന്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് നിയമം ബാധകമാകും.

അതേസമയം കൊവിഡ് 19 നെതിരെ ലോകം പൊരുതുന്ന പ്രത്യേക സാഹചര്യത്തില്‍ മെഡിക്കല്‍ സംബന്ധമായ കാര്യങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ പുറത്തിറക്കിയ ഓര്‍ഡര്‍ പ്രകാരം, അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് നിര്‍മാണ-സേവന പ്രവര്‍ത്തനങ്ങള്‍ക്കടക്കമുള്ള ലേലത്തില്‍ പങ്കെടുക്കണമെങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡിനു കീഴിലുള്ള രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. രാഷ്ട്രീയവും സുരക്ഷാപരവുമായ കാര്യങ്ങള്‍ പരിഗണിച്ച ശേഷം മാത്രമേ ഈ അംഗീകാരം നല്‍കുകയുള്ളൂവെന്നും ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് അറിയിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭ്യമാകുന്ന പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് പദ്ധതികള്‍ തുടങ്ങിയ പദ്ധതികളിലെല്ലാം ഭാഗഭക്കാകണമെങ്കില്‍ വിദേശ കമ്പനികള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമായി വരും.

അതേസമയം സ്വകാര്യ പദ്ധതികളിലെ നിക്ഷേപത്തിന് ഇത് ബാധകമല്ല. ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൈനീസ് നിക്ഷേപങ്ങളെയും വിവിധ സാധനങ്ങളുടെ ഇറക്കുമതിയും സര്‍ക്കാര്‍ സസൂക്ഷ്മം വീക്ഷിച്ചു വരികയാണ്. രാജ്യത്തിനകത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരായ വികാരം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ഉയര്‍ന്നു വരുന്ന സാഹചര്യവുമുണ്ട്.

അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് ഉത്തരവിറക്കിയിരുന്നു. മാത്രവുമല്ല, ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തെ നിരവധി റോഡ്, റെയ്ല്‍വേ ടെന്‍ഡണ്ടറുകളില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കിയിരുന്നു. ഇതിനു പുറമേ ഡാറ്റ സംരക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ 29ന് 59 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. ഈ നടപടികളുടെ തുടര്‍ച്ചയെന്നോണമാണ് പുതിയ നിയന്ത്രണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it