കുട്ടികളുടെ ടിക്കറ്റ് നിരക്ക് കൂട്ടി റെയില്‍വേ പോക്കറ്റിലാക്കിയത് കോടികളുടെ അധിക വരുമാനം

കുട്ടികള്‍ക്കുള്ള യാത്രാനിരക്ക് പരിഷ്‌കരിച്ചതുവഴി കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേ നേടിയത് 2,800 കോടി രൂപയുടെ അധിക വരുമാനമെന്ന് വിവരാവകാശ രേഖ (Right to Information /RTI). റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CIS) നല്‍കിയ ആർ.ടി.ഐ അനുസരിച്ച് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 560 കോടി രൂപയാണ് ഈയിനത്തില്‍ ലഭിച്ചത്. റെയില്‍വേക്ക് കൂടുതല്‍ ലാഭകരമായ വര്‍ഷമായിരുന്നു ഇത്.

ടിക്കറ്റിംഗ്, പാസഞ്ചര്‍-ചരക്ക് സേവനങ്ങള്‍, ട്രെയിന്‍ ട്രാഫിക് കണ്‍ട്രോള്‍, ഓപ്പറേഷന്‍സ് എന്നിങ്ങനെയുള്ള റെയില്‍വേയുടെ തന്ത്രപ്രധാന മേഖലകള്‍ക്ക് ഐ.ടി സാങ്കേതികവിദ്യ നല്‍കുന്ന സ്ഥാപനമാണ് CIS.

2016 മാര്‍ച്ച് 31നാണ് അഞ്ചുമുതല്‍ 12 വയസു വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ബെര്‍ത്തോ സീറ്റോ റിസര്‍വ് ചെയ്താൽ മുതിര്‍ന്ന യാത്രികര്‍ക്കുള്ള അതേ നിരക്ക് ഈടാക്കുമെന്ന് റെയില്‍വേ മന്ത്രാലായം പ്രഖ്യാപിച്ചത്. ഏപ്രില്‍ 21 മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരികയും ചെയ്തു. അതുവരെ ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് പകുതി ചാര്‍ജ് ഈടാക്കിയാണ് ബെര്‍ത്ത് അനുവദിച്ചിരുന്നത്.

10 കോടി കുട്ടികള്‍ ഫുൾ ടിക്കറ്റ് യാത്രികർ

2016-17 മുതല്‍ 2022-23 വരെയുള്ള വര്‍ഷങ്ങളിലെ രണ്ട് നിരക്കുകളിലുമുള്ള കുട്ടിയാത്രികരുടെ വിവരങ്ങളാണ് റെയിൽവേ ലഭ്യമാക്കിയിരിക്കുന്നത്. ഈ ഏഴ് വര്‍ഷക്കാലയളവില്‍ 3.6 കോടി കുട്ടികളാണ് സീറ്റോ
ബെര്‍ത്തോ
ഇല്ലാതെ ഇന്ത്യന്‍ റെയില്‍വേ വഴി യാത്ര ചെയ്തത്. അതേസമയം, 10 കോടി കുട്ടികള്‍ മുഴുവന്‍ നിരക്കും നല്‍കി യാത്ര ചെയ്തിട്ടുമുണ്ട്. പ്രത്യേക ബെര്‍ത്തോ സീറ്റോ ഇല്ലാതെ പകുതി ചാര്‍ജ് നല്‍കി മുതിര്‍ന്നവര്‍ക്കൊപ്പം സീറ്റ് പങ്കിട്ട് കുട്ടികള്‍ക്ക് യാത്ര ചെയ്യാൻ ഇപ്പോഴും അനുമതിയുണ്ട്.
ദീര്‍ഘദൂര യാത്രകളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെ കൂടി ഇരുത്തി യാത്ര ചെയ്യുന്നത് സുഖകരമല്ലാത്തതിനാല്‍ പലരും പ്രത്യേക സീറ്റോ ബെര്‍ത്തോ ബുക്ക് ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ നിരക്ക് പരിഷ്‌കരണം ഇന്ത്യന്‍ റെയില്‍വേയ്ക്ക് നേട്ടമായി. കൊവിഡ് കാലത്ത് മാത്രമാണ് ഈ വരുമാനത്തില്‍ കുറവ് വന്നിരിക്കുന്നതെന്നും ആര്‍.ടി.ഐ വെളിപ്പെടുത്തുന്നു. ചന്ദ്ര ഖേഖര്‍ ഗൗര്‍ എന്ന വ്യക്തിയാണ് ആര്‍.ടി.ഐ വഴി ഈ വിവരങ്ങള്‍ നേടിയത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it