Begin typing your search above and press return to search.
18 കോടി യാത്രക്കാരെ അധികം കയറ്റാന്‍ ലക്ഷ്യമിട്ട് റെയില്‍വേ, യാത്രാ ദുരിതം കുറയുമോ?
ജനറല്‍ ക്ലാസില്‍ ടിക്കറ്റെടുത്തവര്‍ ട്രെയിനുകളിലെ റിസര്‍വേഷന്‍, എസി കോച്ചുകള്‍ കയ്യേറുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ജനറല്‍/സെക്കന്‍ഡ് ക്ലാസ് കോച്ചുകളുടെ നിര്‍മാണം കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വേ. ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ലീപ്പര്‍, ജനറല്‍ കോച്ചുകള്‍ കുറച്ച് തേര്‍ഡ് എസി കോച്ചുകള്‍ കൂട്ടാനായിരുന്നു നേരത്തെ റെയില്‍വേയുടെ പദ്ധതി. എന്നാല്‍ 2024-25 വര്‍ഷത്തില്‍ നിര്‍മിക്കുന്ന 6325 എല്‍.ബി.എച്ച് കോച്ചുകളില്‍ 4075 എണ്ണം സ്ലീപ്പര്‍ / ജനറല്‍ കോച്ചുകളാക്കാനാണ് റെയില്‍വേയുടെ പുതുക്കിയ തീരുമാനം. ജനറല്‍ ക്ലാസ് കോച്ചുകളുടെ എണ്ണം 1,171ല്‍ നിന്നും 2,000 ആക്കും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, റെയില്‍ കോച്ച് ഫാക്ടറി കപൂര്‍ത്തല, മോഡേണ്‍ കോച്ച് ഫാക്ടറി റായ്ബറേലി എന്നിവിടങ്ങളിലായിരിക്കും പുതിയ കോച്ചുകള്‍ നിര്‍മിക്കുന്നത്.
ശ്രദ്ധ പ്രീമിയം സേവനങ്ങളില്‍, യാത്രാ ദുരിതം കൂടി
വന്ദേഭാരത് എക്‌സ്പ്രസ് പോലുള്ള പ്രീമിയം ട്രെയിന്‍ സര്‍വീസുകളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ സാധാരണക്കാര്‍ സഞ്ചരിക്കുന്ന ട്രെയിനുകളിലെ യാത്രാദുരിതം വര്‍ധിച്ചു. നേരത്തെ ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകളിലുണ്ടായിരുന്ന നാല് സെക്കന്റ് ക്ലാസ് കോച്ചുകള്‍ പതിയെ രണ്ടായി കുറച്ചു. സെക്കന്റ് ക്ലാസ് കോച്ചുകളില്‍ തിരക്ക് വര്‍ധിക്കുന്നതിനൊപ്പം റിസര്‍വ്ഡ് ക്ലാസുകളിലേക്ക് ആളുകള്‍ തള്ളിക്കയറാനും തുടങ്ങിയതോടെയാണ് റെയില്‍വേ ഉണര്‍ന്നത്. അടുത്തിടെ വന്ദേഭാരത് എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ ആളുകള്‍ തള്ളിക്കയറുന്ന വീഡിയോ വൈറലായിരുന്നു. സെക്കന്‍ഡ് ക്ലാസ് കോച്ചുകളുടെ നിര്‍മാണം വര്‍ധിപ്പിക്കാന്‍ റെയില്‍വേ തയ്യാറായത്. പുതിയ കോച്ചുകള്‍ വന്നാല്‍ പ്രതിവര്‍ഷം 18 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്.
നിലവില്‍ രണ്ട് ജനറല്‍ കോച്ചുകളുള്ള ട്രെയിനുകളില്‍ നാല് ജനറല്‍ ക്ലാസ് കോച്ചുകള്‍ ലഭിക്കുമെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ കോച്ചുകളില്ലാത്ത ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. 150 മുതല്‍ 200 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കോച്ചുകള്‍ വരുന്നതോടെ പ്രതിദിനം അഞ്ച് ലക്ഷം അധിക യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഓര്‍ഡിനറി കോച്ചുകളില്‍ മാത്രമായി ഒരു വര്‍ഷം 18 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. 2500 ഓര്‍ഡിനറി കോച്ചുകളും 1377 സ്ലീപ്പര്‍ കോച്ചുകളും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ തയ്യാറാകുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
അതേസമയം, കേരളത്തിലൂടെ ഓടുന്ന ഏതൊക്കെ ട്രെയിനുകളിലാണ് കൂടുതല്‍ ജനറല്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തുകയെന്ന് വ്യക്തമായിട്ടില്ല.
Next Story
Videos