കറന്റ് അക്കൗണ്ട് കമ്മി 23.9 ബില്യണ്‍ ഡോളര്‍, ജിഡിപിയുടെ 2.8%

ഏപ്രില്‍-ജൂണ്‍ മാസത്തെ രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി (Current Account Deficit) 239.9 ബില്യണ്‍ ഡോളറിലെത്തി. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 2.8 ശതമാനം ആണ് കറന്റ് അക്കൗണ്ട് കമ്മി. കഴിഞ്ഞ 15 പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

13.4 ബില്യണ്‍ ഡോളറായിരുന്നു ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ കറന്റ് അക്കൗണ്ട് കമ്മി. 2021 ഏപ്രില്‍- ജൂണ്‍ കാലയളവില്‍ കറന്റ് അക്കൗണ്ടില്‍ 6.6 ബില്യണ്‍ ഡോളറിന്റെ മിച്ചം രേഖപ്പെടുത്തിയിരുന്നു. ഒരു രാജ്യം ഇറക്കുമതി ചെയ്യുന്ന ആകെ സാധന-സേവനങ്ങളുടെ തുക കയറ്റുമതിയെക്കാള്‍ കൂടുന്ന സാഹചര്യത്തെയാണ് കറന്റ് അക്കൗണ്ട് കമ്മി എന്ന് വിശേഷിപ്പിക്കുന്നത്.
വ്യാപാര കമ്മി വര്‍ധിച്ചതും (Merchandise Trade Deficit) നിക്ഷേപ വരുമാനം കുറഞ്ഞതുമാണ് കറന്റ് അക്കൗണ്ട് കമ്മിക്കുള്ള കാരണമായി ആര്‍ബിഐ (RBI) ചൂണ്ടിക്കാട്ടിയത്. 2022-23 ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ചരക്ക് വ്യാപാര കമ്മി മുന്‍പാദത്തെ അപേക്ഷിച്ച് 54.5ല്‍ നിന്ന് 68.6 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അതേ സമയം സേവന കയറ്റുമതി ഒരു വര്‍ഷം കൊണ്ട് 35.4 ശതമാനം വളര്‍ച്ചയാണ് നേടിയത്.
2022-23 കാലയളവിലെ കടമെടുപ്പ് ലക്ഷ്യം, 10,000 കോടി രൂപ കുറച്ച് കേന്ദ്രം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 14.21 ട്രില്യണ്‍ രൂപയാണ് ഈ വര്‍ഷം രാജ്യം കടമെടുക്കുക. അതില്‍ 5.92 ട്രില്യണ്‍ അഥവാ 41.6 ശതമാനവും ഒക്ടോബര്‍-മാര്‍ച്ച് കാലയളവില്‍ ആയിരിക്കും സമാഹരിക്കുക. 16,000 കോടിയുടെ പ്രഥമ സോവറിന്‍ ഗ്രീന്‍ ബോണ്ടുകളും സര്‍ക്കാര്‍ ഇക്കാലയളവില്‍ പുറത്തിറക്കും.


Related Articles
Next Story
Videos
Share it