Begin typing your search above and press return to search.
45 പൈസയ്ക്ക് ട്രെയിന്‍ യാത്ര ഇന്‍ഷ്വര്‍ ചെയ്യാം; വിശദാംശങ്ങള്‍ ഇങ്ങനെ
യാത്രകളില്‍ അപകടം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ട്രെയിന്‍ യാത്രകളിലാണെങ്കിലും അപകടസാധ്യതയ്ക്ക് കുറവില്ല. അപകടമുണ്ടായാല്‍ നഷ്ടപരിഹാരം കിട്ടാനുള്ള വഴിയും ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിട്ടുണ്ട്. വെറും 45 പൈസ മുടക്കിയാല്‍ ട്രെയിന്‍ യാത്രയിലുണ്ടാകുന്ന അപകടത്തിനോ മരണത്തിനോ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ഇതുവഴി ലഭിക്കുന്നു.
ട്രെയിനില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് പോലും കാര്യമായി അറിവില്ലാത്തതാണ് റെയില്‍വേയുടെ ഇന്‍ഷുറന്‍സ് കവറേജ്. ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുക. ജനറല്‍ കംപാര്‍ട്ട്‌മെന്റ് മുതല്‍ ഉയര്‍ന്ന ക്ലാസിലുള്ള യാത്രകള്‍ക്ക് വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാകും.
ഇന്‍ഷുറന്‍സ് എങ്ങനെ എടുക്കാം
അംഗീകൃത വെബ്‌സൈറ്റ വഴിയോ ആപ്പിലൂടെയോ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ 45 പൈസ അധികം മുടക്കി ഇന്‍ഷുറന്‍സ് കവറേജും സ്വന്തമാക്കാം. വെബ്‌സൈറ്റില്‍ ഇന്‍ഷുറന്‍സ് ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരു ലിങ്ക് യാത്രക്കാരന്റെ ഇ-മെയ്‌ലിലേക്കും മൊബൈല്‍ നമ്പറിലേക്കും വരും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നോമിനിയുടെ വിവരങ്ങള്‍ അടക്കം ചേര്‍ക്കാം.
ഫോാം പൂരിപ്പിക്കുന്ന സമയത്ത് തന്നെ നോമിനിയുടെ പേര് ചേര്‍ക്കുന്നത് ക്ലെയിം നേരത്തെ ലഭിക്കുന്നതിന് സഹായിക്കും. ആശുപത്രിവാസം, സ്ഥിരമായ വൈകല്യങ്ങള്‍, മരണം എന്നിവയുള്‍പ്പെടെയുള്ളതിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനാകും.
ഈ ഇന്‍ഷുറന്‍സ് എടുത്ത യാത്രക്കാരന്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ടതിന്റെ ആഘാതത്തില്‍ 12 മാസത്തിനുള്ളില്‍ മരിച്ചാല്‍ 10 ലക്ഷം രൂപ നോമിനിക്ക് ക്ലെയിം ചെയ്യാം. അപകടത്തില്‍ സ്ഥിരമായ വൈകല്യം സംഭവിച്ചാലും ഇത്രയും തുക ലഭിക്കും. ഓരോ അവയവത്തിനും ഉണ്ടാകുന്ന പരിക്കുകള്‍ക്ക് വ്യത്യസ്തമായ നിരക്കിലാകും നഷ്ടപരിഹാരം ലഭിക്കുക. ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിയുടെ ആശുപത്രിവാസത്തിനും പണം ലഭിക്കും.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 296 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതില്‍ വെറും 54 ശതമാനം യാത്രക്കാര്‍ മാത്രമായിരുന്നു ഇന്‍ഷ്വര്‍ ചെയ്തിരുന്നത്. അന്നത്തെ അപകടത്തിനുശേഷം ട്രെയിന്‍ യാത്രയില്‍ ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
Next Story
Videos