

മണിക്കൂറില്‍ 250 കിലോമീറ്റർ വേഗതയുള്ള ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ് ഇന്ത്യന്‍ റെയില്‍വെ. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വെയുടെ ഉടമസ്ഥതയിലുളള ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്) ടെന്‍ഡറുകള്‍ ക്ഷണിച്ചു.
ബംഗളുരുവിലെ ബി.ഇ.എം.എൽ പ്ലാന്റ് ആണ് ട്രെയിൻ നിര്‍മിക്കാന്‍ സന്നദ്ധത അറിയിച്ച് അപേക്ഷ നല്‍കിയിട്ടുളളത്. സ്റ്റെയിൻലെസ് സ്റ്റീൽ പുറംചട്ടയില്‍ നിര്‍മിച്ചെടുക്കുന്ന ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 280 കിലോമീറ്ററും പ്രവർത്തന വേഗത 250 കിലോമീറ്ററും ആയിരിക്കും.
രണ്ടര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐ.സി.എഫ് ജനറൽ മാനേജർ യു. സുബ്ബ റാവു അറിയിച്ചതായി മണികൺട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ട്രെയിനിന് 200-250 കോടി രൂപ വരെ നിര്‍മാണ ചെലവാണ് പ്രതീക്ഷിക്കുന്നത്.
ബി.ഇ.എം.എല്ലും മേധ സെർവോ ഡ്രൈവ്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നായിരിക്കും ട്രെയിനിന്റെ നിര്‍മാണം നടത്തുക. ബി.ഇ.എം.എല്ലിന്റെ ട്രെയിന്‍ ബോഡികള്‍ നിര്‍മിക്കാനുളള വൈദഗ്ധ്യവും മേധയുടെ പ്രൊപ്പൽഷൻ സിസ്റ്റം കഴിവുകളും ഉപയോഗിച്ച് യൂറോപ്യൻ നിലവാരം പുലർത്തുന്ന ഹൈ-സ്പീഡ് ട്രെയിൻ തദ്ദേശീയമായി നിർമിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
മേധ വികസിപ്പിച്ച പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ചാണ് 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾ സഞ്ചരിക്കുന്നത്. 250 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാവുന്ന പ്രൊപ്പൽഷൻ സിസ്റ്റം വികസിപ്പിക്കാനുളള പ്രവര്‍ത്തനങ്ങളിലാണ് നിലവില്‍ മേധ കമ്പനി. അതേസമയം ബി.ഇ.എം.എല്‍ ഈ വേഗതയുമായി യോജിച്ചു പോകാന്‍ സാധിക്കുന്ന ട്രെയിന്‍ ബോഡികളുടെ ഘടന വികസിപ്പിക്കുന്നതാണ്.
250 കിലോമീറ്റര്‍ പ്രവർത്തന വേഗതയുമുള്ള ആദ്യ ട്രെയിൻ 2026 ഡിസംബറോടെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. സ്റ്റാൻഡേർഡ് 3+2 സീറ്റിംഗ് ക്രമീകരണമുള്ള ഏഴ് ട്രെയിന്‍ ബോഗികളും 2+2 സീറ്റുകളുള്ള ഒരു എക്സിക്യൂട്ടീവ് ബോഗിയും ട്രെയിനിലുണ്ടാകും. മൊത്തം സീറ്റിംഗ് കപ്പാസിറ്റി ഏകദേശം 174 ആയിരിക്കുമെന്നാണ് കരുതുന്നത്.
യാത്രക്കാര്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടുതൽ ബോഗികള്‍ ട്രെയിനില്‍ കൂട്ടിച്ചേർക്കാന്‍ സാധിക്കും. ഭാവിയിൽ ട്രെയിനില്‍ 12 അല്ലെങ്കിൽ 16 ബോഗികള്‍ വരെ നീട്ടാൻ കഴിയുന്ന തരത്തിലാണ് നിര്‍മാണം നടത്തുക.
നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻ.എച്ച്.എസ്.ആർ.സി.എൽ) നിര്‍മിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴിയിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ഡൽഹി-വാരാണസി, മുംബൈ-ഹൈദരാബാദ്, ബംഗളൂരു-ചെന്നൈ തുടങ്ങിയ വരാനിരിക്കുന്ന അതിവേഗ റെയിൽ പാതകളിലും ഇത്തരം ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine