മറൈന്‍ ഡ്രൈവിന്റെ മുഖച്ഛായ മാറും; വരുന്നു വമ്പന്‍ വാണിജ്യ-ഭവന സമുച്ചയം
കൊച്ചി മറൈന്‍ ഡ്രൈവില്‍ 2,150 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര വാണിജ്യ-ഭവന സമുച്ചയം നിര്‍മ്മിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റില്‍ പറഞ്ഞു. ഭവന നിര്‍മ്മാണ ബോര്‍ഡ് നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനുമായി (എന്‍.ബി.സി.സി) ചേര്‍ന്ന് 3.59 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാണിജ്യ സമുച്ചയവും 35.25 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്‌സും നിര്‍മ്മിക്കും. ഒപ്പം പരിസ്ഥിതി സൗഹൃദ പാര്‍ക്കുകളും 19.42 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പാര്‍ക്കിംഗ് സൗകര്യവും ഉണ്ടാകും.
കഴിഞ്ഞ സെപ്റ്റംബറില്‍ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതിന്റെ നിര്‍മാണ ജോലികള്‍ ജൂണില്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന. ഗോശ്രീ റോഡില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ജി. ശങ്കരക്കുറുപ്പ് സ്മാരകത്തോടുചേര്‍ന്നുള്ള ഹൗസിങ് ബോര്‍ഡിന്‍ന്റെ സ്ഥലത്ത് രണ്ടു സോണുകളിലായാണ് സമുച്ചയത്തിന്റെ നിര്‍മാണം. രണ്ടു സോണുകളിലുമായി മൂന്ന്, നാല് കിടപ്പുമുറി സൗകര്യത്തോടെ ഏറ്റവും ആധുനിക സുരക്ഷാ സംവിധാനവും പ്രീമിയം നിലവാരവുമുള്ള അപ്പാര്‍ട്ട്മെന്റുകളാണ് പണിയുന്നത്.
മറൈന്‍ ഡ്രൈവിലെ നിര്‍ദിഷ്ട ഭൂമിയുടെ പേരില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. മുമ്പ് ഈ ഭൂമി ഹൈക്കോടതി വികസനത്തിനായി വിട്ടുനല്‍കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഹൗസിങ് ബോര്‍ഡ് ഇതിനെ എതിര്‍ത്തിരുന്നു. പദ്ധതി പ്രദേശത്തിനുചുറ്റും ഒരുലക്ഷം ചതുരശ്രയടി ഗ്രീന്‍ബെല്‍റ്റായി നിലനിര്‍ത്തും. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ എന്‍.ബി.സി.സി ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതിയുടെ നിര്‍വഹണച്ചുമതല എന്‍.ബി.സി.സിക്കും മേല്‍നോട്ടച്ചുമതല ഹൗസിങ് ബോര്‍ഡിനുമാണ്. സംസ്ഥാനത്ത് ഹൗസിങ് ബോര്‍ഡ് നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയായിരിക്കും ഇത്.