ഇൻ്റലിനെ സ്വാഗതം ചെയ്ത് കേന്ദ്ര ഐടി മന്ത്രി

ചിപ്പ് നിര്‍മാണ ഫാക്ടറി സ്ഥാപിക്കാന്‍ ഈ രംഗത്തെ വമ്പന്മാരായ ഇൻ്റല്‍ രാജ്യത്തേക്ക് എത്തിയേക്കും. ഇൻ്റല്‍, ഇന്ത്യയിലേക്ക് സ്വാഗതം എന്നാണ് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് ട്വീറ്റ് ചെയ്തത്. ഇൻ്റല്‍ ഫൗണ്ടറി സര്‍വീസസ് പ്രസിഡന്റ് രണ്‍ദീര്‍ താക്കൂറിൻ്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് കേന്ദ്രമന്ത്രി കമ്പനിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്. സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മാണം, ഡിസൈന്‍ എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു രണ്‍ദീറിൻ്റെ ട്വീറ്റ്.

ഇന്ത്യയെ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മാണത്തിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി അടുത്ത ആറുവര്‍ഷം കൊണ്ട് 76,000 കോടി രൂപയാണ് കേന്ദ്രം ചെലവഴിക്കുന്നത്. വമ്പന്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു.
ഇൻ്റല്‍, ടിഎസ്എംസി, സാംസംഗ് ഉള്‍പ്പടെയുള്ളവര്‍ ഇന്ത്യയില്‍ ചിപ്പ് നിര്‍മാണം ആരംഭിക്കുന്നത് സര്‍ക്കാര്‍ ഉറ്റുനോക്കുന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പറഞ്ഞു. അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ ഒരു ഡസനോളം കമ്പനികള്‍ രാജ്യത്ത് ചിപ്പ് നിര്‍മിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിപ്പ് നിര്‍മാതാക്കള്‍ നടത്തുന്ന നിക്ഷേപങ്ങളിലൂടെ രാജ്യത്ത് ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ്. ആഗോള തലത്തില്‍ നേരിടുന്ന ചിപ്പ് ക്ഷാമത്തിന് 2022 പകുതിയോടെ അയവുവരും എന്നാണ് കരുതുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it