Begin typing your search above and press return to search.
കേരളത്തിലെ കാർഷികമേഖലയുടെ സമഗ്ര മാറ്റം ലക്ഷ്യമിട്ടുളള ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നു
സംസ്ഥാനത്തെ കാർഷികമേഖലക്ക് പുത്തനുണർവ് നൽകുന്നതിനും സമഗ്രമായ പദ്ധതികളിലൂടെ കാർഷിക സംസ്കാരത്തിന് മാറ്റം കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടുളള ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനവും കാർഷിക സംഗമവും ശനിയാഴ്ച (ഓഗസ്റ്റ് 17) കൊച്ചിയില്‍ നടക്കും. കാക്കനാട് ചിറ്റിലപ്പള്ളി സ്ക്വയറിൽ രാവിലെ 9 മണിമുതൽ 4 മണിവരെയാകും സംഗമം സംഘടിപ്പിക്കുക. പ്രൊഫഷണൽ സർവീസസ് ഇന്നോവേഷന്റേയും ഗ്രാസ്സ്റൂട്സ് ഇമ്പാക്ട് ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് കർഷകസംഗമം സംഘടിപ്പിക്കുന്നത്.
2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ 50,000 കർഷകരെ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. 170 ഓളം സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജൈവഗ്രാമം പദ്ധതി ചീഫ് കോ ഓർഡിനേറ്റർ അനന്തു കൃഷ്ണൻ പറഞ്ഞു.
രണ്ടാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി ഈ വർഷം മുതൽ മികച്ച കാർഷിക സംരംഭകന് പുരസ്കാരം നൽകുന്നതാണ്. പ്രഥമ പുരസ്കാരം തൃശ്ശൂർ മാള സ്വദേശി ഡേവിസ് കൈതാരത്തിനാണ് ലഭിച്ചിരിക്കുന്നത്.
കാർഷികമേഖലയിൽ സമഗ്ര മാറ്റം ലക്ഷ്യമിടുന്നു
സുസ്ഥിര കൃഷി രീതിയിലൂടെ കാർഷികമേഖലയിൽ മാറ്റം കൊണ്ടുവരുന്നതിനാണ് രണ്ടാം ഘട്ട ജൈവഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി കേരളത്തിലെ 14 ജില്ലകളിലെയും കർഷകർക്ക് കൈത്താങ്ങായി നിൽക്കുന്ന പദ്ധതിയാണ് കമ്മ്യൂണിറ്റി ഡെവെലപ്മെന്റ് ഇനിഷ്യേറ്റീവ് ഓഫ് പ്രൊഫഷണൽ സർവീസസ് ഇന്നവേഷന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ സംഘടനകളുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന ജൈവഗ്രാമം പദ്ധതി. ഇടുക്കി ജില്ലയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഇതിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
വിവിധ സർക്കാർ ഏജൻസികളില്‍ നിന്നുളള ഫണ്ടുകള്‍, വിവിധ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകൾ മുതലായവ കർഷകരിലെത്തിക്കുന്നതിന് പദ്ധതി കർഷകരെ സഹായിക്കും. അതാത് പ്രദേശങ്ങളിലെ കാർഷിക ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനും വിതരണം ചെയ്യാനും പദ്ധതിയില്‍ നിന്ന് സഹായം ലഭിക്കും.
പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സംരംഭകത്വ വികസന സംഘടനകൾ, മറ്റു പങ്കാളികൾ എന്നിവരുമായി ചേർന്നായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. കാർഷിക മേഖലയിലെ സംരംഭകത്വ വികസനം ലക്ഷ്യമിട്ട് കൊണ്ട് കർഷക ക്ലസ്റ്റർ രൂപീകരിക്കാനും കോമൺ ഫെസിലിറ്റി സെന്റർ ആരംഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
സബ്സിഡിയില്‍ കർഷകർക്ക് ഉപകരണങ്ങള്‍ നല്‍കും
നൂതന കാർഷിക രീതികൾ, ഉല്‍പ്പാദനത്തിൽ മികവുണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ, വിവിധയിനം വിത്തുകൾ, തൈകൾ, വളങ്ങൾ, യന്ത്രങ്ങൾ, കാർഷിക ഉപകരണങ്ങള്‍ തുടങ്ങിയവ 50 ശതമാനം സബ്സിഡിയോടെ കർഷകർക്ക് എത്തിച്ചു നൽകുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ രണ്ടു വർഷമായി ജൈവഗ്രാമം പദ്ധതിയിലൂടെ സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
കർഷകരിൽ നിന്ന് ഉൽപ്പങ്ങൾ സംഭരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റി പൊതുവിപണയിലെത്തിക്കുന്നതിനും പദ്ധതി കർഷകരെ സഹായിക്കുന്നു. ഇതിലൂടെ കഴിഞ്ഞ വർഷങ്ങളിൽ 18,000 ത്തോളം കർഷകർക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അനന്തു കൃഷ്ണൻ പറഞ്ഞു.
ഗ്രാസ്സ്റൂട്സ് ഇമ്പാക്ട് ഫൗണ്ടേഷൻ പ്രതിനിധികളായ കൃഷ്ണർജുൻ പി, സന്ദീപ് കുമാർ എം, സൈഹ സോഫ്റ്റ്വെയർ ഫൗണ്ടർ സുബി പി.എസ്, പി.എസ്.ഐ പ്രതിനിധി ദർശന എന്നിവരും വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Next Story
Videos