മലയാള സിനിമയില്‍ 'ശുദ്ധികലശം' വൈകില്ല, നിര്‍മാതാക്കള്‍ക്ക് ബജറ്റ് ആശങ്ക; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇംപാക്ട് എങ്ങനെ

ഞെട്ടിക്കുന്ന അണിയറ കഥകള്‍ പുറത്തു കൊണ്ടുവന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുതിയൊരു തൊഴില്‍ സംസ്‌കാരത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയില്‍ മലയാള സിനിമാലോകം. ചില കോക്കസുകളും പുരുഷ കേന്ദ്രീകൃതവുമായ രീതിയില്‍ നിന്ന് കൂടുതല്‍ പ്രെഫഷണല്‍ രീതികളിലേക്ക് സിനിമ വ്യവസായം മാറുമെന്ന സ്വപ്നം പലരും പങ്കുവയ്ക്കുന്നുണ്ട്.

പ്രതിഫലത്തിലെ അന്തരം

കോടികള്‍ പ്രതിഫലം പറ്റുന്ന സൂപ്പര്‍താരങ്ങള്‍ മുതല്‍ ദിവസം 500 രൂപ മാത്രം ദിവസവേതനമുള്ള ജൂണിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെ മലയാള സിനിമയിലുണ്ട്. പ്രതിഫലത്തിലെ അസമത്വം ഏറ്റവും കൂടുതലുള്ള മേഖലകളിലൊന്നാണ് സിനിമ. ജൂണിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയ മോഹികളായതിനാല്‍ ഇവരെ കൂടുതല്‍ ചൂഷണം ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇതില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ല.
തൊഴിലിടങ്ങളിലും വലിയ ചൂഷണമാണ് നടക്കുന്നത്. പല ലൊക്കേഷനുകളിലും 14-16 മണിക്കൂറുകള്‍ വരെ ഇത്തരത്തില്‍ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് അസംഘടിതരായ ഇത്തരം ആളുകള്‍. മറ്റ് ടെക്‌നീഷ്യന്മാര്‍ക്ക് ശക്തമായ സംഘടന ഉള്ളതിനാല്‍ ഇവര്‍ക്ക് കൂടുതല്‍ ജോലി ചെയ്യുന്നതിന് അധിക പ്രതിഫലം നല്‍കാറുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ കാര്യം തീരെ പരിതാപകരമാണ്.

ചെലവ് കൂടുമോയെന്ന് ആശങ്ക

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതരമായ പല വിഷയങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ലൊക്കേഷനുകളില്‍ സ്ത്രീ സൗഹൃദ ശുചിമുറികളോ മറ്റ് സൗകര്യങ്ങളോ ഒരുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. സിനിമ രംഗത്തെ പലരും ഈ റിപ്പോര്‍ട്ട് വെളിച്ചം കാണാതിരിക്കാന്‍ ആഗ്രഹിക്കുന്നതിന് സാമ്പത്തിക കാരണങ്ങള്‍ കൂടിയുണ്ട്. കമ്മിറ്റി നിര്‍ദ്ദേശിച്ച സൗകര്യങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ ചെലവ് വരും.
നിലവില്‍ സൂപ്പര്‍ താരങ്ങള്‍ക്കും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കും മാത്രമാണ് ഭേദപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലവനിതകള്‍ക്ക് പലപ്പോഴും കൃത്യമായ പ്രതിഫലം പോലും ലഭിക്കുന്നില്ലെന്നത് പരസ്യമായ രഹസ്യമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതുപോലെ നടപ്പിലാക്കിയാല്‍ നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ പണചെലവ് ഉണ്ടാകുമെന്ന് ഇതുമൂലം പലരും സിനിമ നിര്‍മാണത്തില്‍ നിന്ന് പിന്മാറുമെന്ന ഭയവും ഒരുകൂട്ടം ആളുകള്‍ക്കുണ്ട്.

നടപ്പിലാക്കുമെന്ന് മന്ത്രി

ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച 24 നിര്‍ദേശങ്ങളും നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സിനിമ നയ രൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി ആരംഭിക്കുമെന്നും ഇതിനായി ഒരു കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമ്മ, ഡബ്ല്യൂ.സി.സി തുടങ്ങി എല്ലാ സിനിമാ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സിനിമ നയം കൊണ്ടുവരുന്നതിനായി കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ കണ്‍വീനറായ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ള സിനിമ മേഖലയിലെ പ്രമുഖരുമായി ചര്‍ച്ച നടത്തിയിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടുകളും വിവിധ സിനിമ സംഘടനകളുടെ അഭിപ്രായങ്ങളുള്‍പ്പെടുത്തി കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Related Articles
Next Story
Videos
Share it