കേരളത്തിന്റെ ജനശതാബ്ദി പുത്തന്‍ മേക്കോവറിലേക്ക്, ജര്‍മന്‍ ഡിസൈന്‍ കോച്ചുകള്‍ വന്നാല്‍ എന്താണ് ഗുണം?

കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ ഈ മാസം അവസാനത്തോടെ ആധുനിക കോച്ചിലേക്ക് മാറും. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് എല്‍.എച്ച്.ബി (ലിങ്ക് ഫോഫ്മാന്‍ ബുഷ്) കോച്ചുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്ത് നിന്നും സെപ്റ്റംബര്‍ 29 മുതല്‍ പുറപ്പെടുന്ന സര്‍വീസുകള്‍ (ട്രെയിന്‍ നമ്പര്‍ 12081) പുതിയ കോച്ചിലേക്ക് മാറും. കണ്ണൂരില്‍ നിന്നുള്ള സര്‍വീസ് (ട്രെയിന്‍ നമ്പര്‍ 12082) 30നും എല്‍.ബി.എച്ചിലേക്ക് മാറും. കോച്ചുകള്‍ കപൂര്‍ത്തലയിലെ റെയില്‍ ഫാക്ടറിയില്‍ നിന്നും എത്തിയിട്ടുണ്ട്.

എന്താണ് എല്‍.എച്ച്.ബി കോച്ചുകള്‍

ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ആധുനിക റെയില്‍ കോച്ചുകളാണ് എല്‍.എച്ച്.ബി. ഉയര്‍ന്ന സുരക്ഷ ഉറപ്പുനല്‍കുന്നതും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മിച്ചതുമാണിവ. വീതി കൂടിയ സീറ്റുകളും കാല്‍നീട്ടി വയ്ക്കാനുള്ള സൗകര്യവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. 2000 മുതലാണ് ഇന്ത്യന്‍ റെയില്‍വേ ഇത്തരം കോച്ചുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ പഞ്ചാബിലെ കപൂര്‍ത്തല റെയില്‍ കോച്ച് ഫാക്ടറിയിലാണ് നിര്‍മിക്കുന്നത്. 160 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഓടാന്‍ കഴിയുന്ന കോച്ചുകളാണിവ. ഏതാണ്ട് 15 തരത്തിലുള്ള എല്‍.എച്ച്.ബി കോച്ചുകള്‍ ഇന്ത്യന്‍ റെയില്‍വേ ഉപയോഗിക്കുന്നുണ്ട്.

സുരക്ഷയില്‍ മുന്നില്‍

മറ്റുള്ള കോച്ചുകളേക്കാള്‍ എല്‍.എച്ച്.ബിക്ക് റെയില്‍വേ മുന്‍ഗണന നല്‍കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് സുരക്ഷയാണ്. കൂട്ടിയിടിച്ചാല്‍ പോലും മറിയാത്ത രീതിയിലുള്ള സാങ്കേതിക വിദ്യയിലാണ് ഇവ നിര്‍മിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ക്ക് പോലും അനായാസം യാത്രചെയ്യാനാവുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്ന സസ്‌പെന്‍ഷനാണ് ഇവയ്ക്കുള്ളത്. എല്ലാ കോച്ചുകളിലും അഡ്വാന്‍ഡ്‌സ് ന്യൂമാറ്റിക് ഡിസ്‌ക് ബ്രേക്ക് സിസ്റ്റം ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഉയര്‍ന്ന വേഗത്തിലും കാര്യക്ഷമമായ ബ്രേക്കിംഗ് സാധ്യമാണ്. പരമ്പരാഗത കോച്ചുകള്‍ 100 ഡെസിബല്‍ ശബ്ദം വരെ പുറപ്പെടുവിക്കുമ്പോള്‍ എല്‍.എച്ച്.ബി കോച്ചുകള്‍ക്ക് 60 ഡെസിബല്‍ ശബ്ദം മാത്രമേയുള്ളൂവെന്നതും ശ്രദ്ധേയമാണ്. ബയോ ടോയ്‌ലറ്റുകള്‍ ഘടിപ്പിച്ച എല്‍.എച്ച്.ബി കോച്ചുകള്‍ വൃത്തിയിലും യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. മികച്ച ലൈറ്റുകളും ചാര്‍ജിംഗ് സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

പുതിയ സെറ്റപ്പ് ഇങ്ങനെ

- 3 എ.സി ചെയര്‍ കാറുകള്‍
- 16 ചെയര്‍ കാറുകള്‍
- 1 ലഗേജ് കം ബ്രേക്ക് വാന്‍
- 1 സെക്കന്‍ഡ് ക്ലാസ് കോച്ച്

കാലവധിയെത്തുന്നതിന് മുമ്പേ കോച്ചുകള്‍ മാറ്റിയതെന്തിന്?

കേരളത്തിലൂടെ ഓടുന്ന വേണാട് ട്രെയിനുകള്‍ അടക്കം എല്‍.എച്ച്.ബിയിലേക്ക് മാറിയിട്ടും ജനശതാബ്ദിയെ പരിഗണിച്ചിരുന്നില്ല. 25 വര്‍ഷമാണ് ഒരു കോച്ചിന്റെ കാലവധി. ഇത്രയും കാലം ഓടിയാലേ ടിക്കറ്റ് വരുമാനത്തിലൂടെ കോച്ചിന്റെ നിര്‍മാണ ചെലവ് നികത്താന്‍ പറ്റൂ. നിലവില്‍ ജനശതാബ്ദി ട്രെയിനുകളില്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ള കോച്ചുകളാണുള്ളത്. സുരക്ഷാ കാരണങ്ങളാലാണ് കാലാവധി കഴിയുന്നതിന് മുമ്പേ കോച്ചുകള്‍ മാറ്റാന്‍ റെയില്‍വേ തയ്യാറായതെന്നാണ് വിവരം. ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ കൈകാര്യം ചെയ്യുന്ന 70 ശതമാനം ദീര്‍ഘദൂര സര്‍വീസുകളും എല്‍.എച്ച്.ബിയിലേക്ക് മാറിയിട്ടുണ്ട്. കേരളത്തില്‍ ആദ്യം സര്‍വീസ് തുടങ്ങിയ തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ട്രെയിനുകളും എല്‍.എച്ച്.ബിയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Related Articles
Next Story
Videos
Share it