Begin typing your search above and press return to search.
എ.ഐ അവസരങ്ങള്‍ അടുത്തറിയാന്‍ കൊച്ചി ഒരുങ്ങി; കോണ്‍ക്ലേവ് നാളെ മുതല്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ) സാധ്യതകളും സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും അതിന്റെ സ്വാധീനവും ചര്‍ച്ചചെയ്യുന്ന ദ്വിദിന ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവ് വ്യാഴം, വെള്ളി (ജൂണ്‍ 11,12) കൊച്ചിയില്‍ നടക്കും. ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) ഐ.ബി.എമ്മുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 10.15ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ. വി. വേണു, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് എം.ഡിയും ചെയര്‍മാനുമായ എം.എ യൂസഫലി തുടങ്ങിയവര്‍ പങ്കെടുക്കും.
ആയിരത്തോളം പ്രതിനിധികള്‍
പാനല്‍ ചര്‍ച്ചകള്‍, വിദഗ്ധരുടെ പ്രഭാഷണങ്ങള്‍, സംവേദനാത്മക സെഷനുകള്‍ എന്നിവയാണ് കോണ്‍ക്ലേവിന്റെ മുഖ്യ ആകര്‍ഷണം. എ.ഐ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ നേരിട്ട് മനസിലാക്കാനുള്ള സെഷനുകളും ഒരുക്കിയിട്ടുണ്ട്.
ജെന്‍ എ.ഐ ഈസ് ദ ന്യൂ ടെക്‌നോളജി നോര്‍ത്ത് സ്റ്റാര്‍, ഡ്രൈവിംഗ് ഇന്നൊവേഷന്‍ വിത്ത് വാട്സണ്‍എക്സ്, ജെന്‍ എ.ഐ ഇന്‍ റൈസിംഗ് ഭാരത്, ഓപ്പണ്‍ സോഴ്‌സ് എ.ഐയുടെ ശക്തി പ്രയോജനപ്പെടുത്തി ബിസിനസ് നവീകരണം ത്വരിതപ്പെടുത്തല്‍, റോബോട്ടിക്‌സിലും ആപ്ലിക്കേഷനിലെയും എ.ഐ, നാസയിലെ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത് നയിക്കുന്ന 'ബഹിരാകാശ സഞ്ചാരിയായുള്ള അനുഭവപാഠങ്ങള്‍' എന്നിവയാണ് ആദ്യ ദിവസത്തെ സെഷനുകള്‍.
കോണ്‍ക്ലേവിനു മുന്നോടിയായി ഐ.ബി.എമ്മുമായി സഹകരിച്ച് തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ ടെക് ടോക്ക് സംഘടിപ്പിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ibm.com/inen/ev--estn/genaiconclav--e
Next Story
Videos