കേരളീയരുടെ കീശ കാലിയാക്കുന്നതില്‍ ആശുപത്രിചെലവിന് മുഖ്യപങ്ക്; സര്‍വേ കണ്ടെത്തല്‍ ഇങ്ങനെ

രാജ്യത്ത് ആശുപത്രി ചെലവുകള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ കേരളം. നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസിന്റെ കുടുംബ ചെലവ് കണക്കെടുപ്പിലാണ് (ഹൗസ്‌ഹോള്‍ഡ് കണ്‍സപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സര്‍വേ) ഈ കണ്ടെത്തല്‍. മലയാളി കുടുംബങ്ങള്‍ മൊത്തം ചെലവിന്റെ 10.8 ശതമാനം ചികിത്സ ചെലവുകള്‍ക്കായിട്ടാണ് മാറ്റിവയ്ക്കുന്നത്. ശരാശരി പ്രതിമാസ കുടുംബ ചികിത്സ ചെലവ് ഉയര്‍ന്നു നില്‍ക്കുന്നത് പല കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
ആശുപത്രി ബില്ലിനും മരുന്നുകള്‍ക്കുമായി ശരാശരി 645 രൂപയാണ് മലയാളികള്‍ ചെലവഴിക്കുന്നത്. ദേശീയതലത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ തുകയാണിത്. ആന്ധ്രാപ്രദേശ് (452.5 രൂപ), പഞ്ചാബ് (451.2 രൂപ) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നിലുള്ളത്.
കൂടുതല്‍ ആശുപത്രിചെലവ് ഗ്രാമങ്ങളില്‍
രാജ്യത്ത് ഗ്രാമങ്ങളിലുള്ളവരാണ് ആശുപത്രിചെലവിനായി കൂടുതല്‍ പണം ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മൊത്തം കുടുംബചെലവിന്റെ 7.13 ശതമാനമാണ് ഗ്രാമങ്ങളിലെ നിരക്ക്. എന്നാല്‍ നഗരങ്ങളില്‍ ഇത് 5.9 ശതമാനം മാത്രമാണ്. സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായ സംസ്ഥാനങ്ങളില്‍ ചെലവ് കുറവാണെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ ഇത് വിപരീത ദിശയിലാണ്.
കൂടുതല്‍ സാക്ഷരതാനിരക്കും ആരോഗ്യ കാര്യങ്ങളിലുള്ള ശ്രദ്ധയുമാണ് കേരളത്തിലുള്ളവരുടെ മെഡിക്കല്‍ ചെലവുകള്‍ കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മരുന്നുകള്‍ വലിയ വിലക്കുറവില്‍ ലഭിക്കുന്ന ജന്‍ ഔഷധി പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണെന്നും സര്‍വേയില്‍ പറയുന്നു.

Related Articles

Next Story

Videos

Share it