Begin typing your search above and press return to search.
മൂന്നാം വന്ദേഭാരതിനെ വരവേല്‍ക്കാന്‍ എറണാകുളം സജ്ജം; എട്ടര മണിക്കൂറുകൊണ്ട് ബംഗളൂരുവിലെത്താം
കാത്തിരിപ്പിനൊടുവില്‍ കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് ട്രെയിനിന്റെ റേക്കുകള്‍ എത്തി. നിലവില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലാണ് മൂന്നാം വന്ദേഭാരതുള്ളത്. എറണാകുളത്തെ മാര്‍ഷലിംഗ് യാര്‍ഡ് മൂന്നാം വന്ദേഭാരതിനെ വരവേല്‍ക്കാനായി സജ്ജമാക്കിയിട്ടുണ്ട്. നേരത്തേ പ്രതീക്ഷിച്ചതുപോലെ എറണാകുളം-ബംഗളൂരു പാതയില്‍ മൂന്നാം വന്ദേഭാരത് സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷകള്‍. എട്ടര മണിക്കൂറായിരിക്കും സര്‍വീസ് ദൈര്‍ഘ്യം.
നിലവില്‍ തിരുവനന്തപുരം-കാസര്‍ഗോഡ്/മംഗലാപുരം പാതയില്‍ രണ്ട് വന്ദേഭാരത് കേരളത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഒന്ന് ആലപ്പുഴ വഴിയും ഒന്ന് കോട്ടയം വഴിയും. ഇരു ട്രെയിനുകളുടെയും സീറ്റിംഗ് ശരാശരി (Occupancy Rate) 150 ശതമാനത്തിലധികമാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ശരാശരിയുമാണിത്. നേരത്തേ, കേരളത്തിനൊരു മൂന്നാം വന്ദേഭാരത് ലഭ്യമാക്കിയിരുന്നെങ്കിലും ഇത് പിന്നീട് തമിഴ്‌നാടിന് നല്‍കിയിരുന്നു. ഈ ട്രെയിന്‍ ഇപ്പോള്‍ ചെന്നൈ-മൈസൂരു റൂട്ടില്‍ ഓടുന്നുണ്ട്. മൂന്നാം വന്ദേഭാരത് തമിഴ്‌നാടിന് നല്‍കിയതിനെതിരെ ഹൈബി ഈഡന്‍ എം.പിയടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ബംഗളൂരു സ്‌പെഷ്യല്‍
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ മൂന്നാം വന്ദേഭാരതിന് ഔദ്യോഗിക ഉദ്ഘാടനമൊന്നും ഉണ്ടാവില്ല. എറണാകുളം-ബംഗളൂരു പാതയിലായിരിക്കും സ്‌പെഷ്യല്‍ എന്നോണം സര്‍വീസ് എന്ന് കരുതുന്നുണ്ടെങ്കിലും റെയില്‍വേ ഇത് സ്ഥിരീകരിച്ചിട്ടില്ല; സമയക്രമമോ സ്‌റ്റോപ്പുകളോ തീരുമാനിച്ചിട്ടുമില്ല.
എന്നാല്‍, നേരത്തേ ഒരു സമയക്രമം പരിഗണിക്കപ്പെട്ടിരുന്നു. രാവിലെ 5ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ ബംഗളൂരുവിലെത്തുകയും തിരികെ 2.05ന് പുറപ്പെട്ട് രാത്രി 10.45ന് എറണാകുളത്തെത്തുകയും വിധമായിരുന്നു ആലോചനകള്‍. തൃശൂര്‍, പാലക്കാട്, ഈറോഡ്, സേലം എന്നിവയാകും സ്‌റ്റോപ്പുകള്‍.
Next Story
Videos