Begin typing your search above and press return to search.
പദ്ധതികളില്‍ കടുംവെട്ടിന് സര്‍ക്കാര്‍, കടമെടുപ്പ് പരിധിയും തീരുന്നു, അവസാന മൂന്ന് മാസത്തെ കാര്യത്തില്‍ ആശങ്ക
സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഭരണാനുമതി നല്‍കിയ പദ്ധതികളില്‍ അനിവാര്യമായത് മാത്രം തുടരാനും ബാക്കിയുള്ളവയുടെ പദ്ധതി വിഹിതത്തില്‍ 50 ശതമാനം കുറവ് വരുത്താനോ മാറ്റിവയ്ക്കാനോ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. ക്ഷേമപെന്‍ഷന്‍ അടക്കമുള്ളവയെ തീരുമാനം ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനവും നിര്‍മാണ പദ്ധതികളും വൈകാനിടയുണ്ട്. ഓണച്ചെലവുകള്‍ക്കായി കോടികള്‍ കണ്ടെത്തുന്നതും സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളിയാണ്.
നിയന്ത്രണങ്ങള്‍ ഇങ്ങനെ
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 29,890 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ 10 കോടി രൂപയ്ക്ക് മുകളില്‍ അടങ്കലുള്ള തുടര്‍ പ്രോജക്ടുകളും പദ്ധതികളും ഉള്‍പ്പെടെ ഭരണാനുമതി നല്‍കിയ പദ്ധതികളുടെ അനിവാര്യത ചീഫ് സെക്രട്ടറി, ധനകാര്യ, ആസൂത്രണ വകുപ്പ് സെക്രട്ടറിമാര്‍, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരുടെ സമിതി പരിശോധന നടത്തും. അതിന് ശേഷം പദ്ധതി മാറ്റിവയ്ക്കുകയോ അനിവാര്യത കണക്കിലെടുത്ത് വകുപ്പിനു ഭരണാനുമതി നല്‍കിയ ആകെ തുകയുടെ 50% ആയി നിജപ്പെടുത്തുകയോ ചെയ്യണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
10 കോടി രൂപയ്ക്ക് താഴെയുള്ള തുടര്‍ പദ്ധതികള്‍ ഉള്‍പ്പെടെ ഭരണാനുമതി നല്‍കിയ പദ്ധതികളുടെ അനിവാര്യത സംബന്ധിച്ച് വകുപ്പ് സെക്രട്ടറി, വകുപ്പ് അധ്യക്ഷനുമായി കൂടിയാലോചിച്ച് വകുപ്പിന് ഭരണാനുമതി നല്‍കിയ മൊത്തം തുകയുടെ 50% ആയി നിജപ്പെടുത്തി പട്ടിക ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കണം.
സെക്രട്ടറിമാര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതോടൊപ്പം ആസൂത്രണ ബോര്‍ഡ് മെമ്പര്‍മാരെയും അറിയിക്കേണ്ടതാണ്. മെമ്പര്‍മാര്‍ അവരുടെ അഭിപ്രായങ്ങള്‍ വൈസ് ചെയര്‍പേഴ്സണ്‍ വഴി മന്ത്രിസഭാ ഉപസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ ചീഫ് സെക്രട്ടറി / വകുപ്പ് സെക്രട്ടറിയെ നേരിട്ട് അറിയിക്കുകയോ ചെയ്യേണ്ടതാണ്. ചീഫ് സെക്രട്ടറി ഇക്കാര്യം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കും. എന്നാല്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് ഈ മാര്‍ഗ നിര്‍ദ്ദേശം ബാധകമല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ലാഭിക്കുന്ന പണം ക്ഷേമപെന്‍ഷന്
ക്ഷേമപെന്‍ഷന്‍ കുടിശിക, സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശിക, ജില്ലകള്‍ക്കുള്ള പാക്കേജ്, സ്‌കോളര്‍ഷിപ്പ്, ധനസഹായം, കരാറുകാര്‍ക്കുള്ള കുടിശിക തുടങ്ങിയ വിഷയങ്ങളില്‍ പണം ചെലവിടുന്നത് സംബന്ധിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. പദ്ധതി വിഹിതത്തില്‍ ക്രമീകരണം നടത്തി ലാഭിക്കുന്ന തുക മേല്‍പ്പറഞ്ഞവയ്ക്ക് വേണ്ടി ചെലവിടാനാണ് സര്‍ക്കാര്‍ തീരുമാനം.
735 കോടി കൂടി കടമെടുക്കുന്നു
ഓണക്കാലത്തെ ചെലവുകള്‍ നേരിടുന്നതിന് ചൊവ്വാഴ്ച 3,000 കോടി രൂപ കടമെടുത്തതിന് പിന്നാലെ 735 കോടി രൂപ കൂടി കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. റിസര്‍വ് ബാങ്ക് ഇറക്കുന്ന കടപ്പത്രങ്ങള്‍ സെപ്റ്റംബര്‍ രണ്ടിന് നടക്കും. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജനുവരി-ഡിസംബര്‍ കാലയളവില്‍ എടുക്കാന്‍ അനുവദിച്ച 21,253 കോടി രൂപയുടെ വായ്പ മുഴുവന്‍ എടുത്തുതീരും. ഇതോടെ അവശേഷിക്കുന്ന മൂന്ന് മാസത്തെ ചെലവുകള്‍ക്കായി വായ്പ എടുക്കാനാവില്ല. ആകെ അനുവദിച്ച 37,512 കോടി രൂപയില്‍ ബാക്കി അടുത്ത വര്‍ഷം എടുക്കാന്‍ സാധിക്കും.
എന്നാല്‍ പബ്ലിക്ക് അക്കൗണ്ടില്‍ 4,000 കോടി രൂപയ്ക്ക് കൂടി കേരളത്തിന് അര്‍ഹതയുണ്ടെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ആവശ്യം കേന്ദ്രം അനുവദിക്കുമെന്നാണ് കരുതുന്നത്.
ഓണച്ചെലവിന് വേണം ₹20,000 കോടി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ ഓണാഘോഷം സര്‍ക്കാര്‍ വേണ്ടെന്ന് വച്ചെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം, പെന്‍ഷന്‍, ബോണസ്, ഉത്സവബത്ത, ക്ഷേമപെന്‍ഷന്‍, പലിശയുടെ വായ്പ എന്നിവയ്ക്കായി 20,000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്. ഓണത്തിന് പിന്നാലെ സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമോയെന്ന ആശങ്കയും സാമ്പത്തിക വിദഗ്ധര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
Next Story
Videos