കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം കൂടി, ചെലവ് കുറഞ്ഞു; പ്രധാന മേഖലകളില്‍ ഇനിയും പിന്നിലെന്നും സി.എ.ജി റിപ്പോര്‍ട്ട്

കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.എസ്.ഡി.പി) 2018-19 സാമ്പത്തിക വര്‍ഷം മുതലുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ 8.69 ശതമാനം വളര്‍ന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജി.എസ്.ഡി.പിയില്‍ 11.95 ശതമാനം വര്‍ധനയുണ്ടായെന്നും കഴിഞ്ഞ ദിവസം നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-19 കാലഘട്ടത്തില്‍ 7,88,286 കോടി രൂപയായിരുന്ന കേരളത്തിന്റെ ജി.എസ്.ഡി.പി 10,46,188 കോടി രൂപയായി വര്‍ധിച്ചു.

വരുമാനം കൂടി

അതേസമയം, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ തനത് നികുതി വരുമാനം കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍
വര്‍ഷത്തേക്കാള്‍ ആകെ നികുതി വരുമാനം 18.47 ശതമാനം വര്‍ധിച്ചപ്പോള്‍ തനത് നികുതി വരുമാനം 23.36 ശതമാനം കൂടി. ഈ കാലയളവില്‍ നികുതിയേതര വരുമാനത്തിലും വലിയ വര്‍ധയുണ്ടായി. 10,461.51 കോടി രൂപയുണ്ടായിരുന്ന നികുതി വരുമാനം 15,117.96 കോടി രൂപയായാണ് വര്‍ധിച്ചത്. സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരവ് 92,854.47 കോടി രൂപയില്‍ നിന്നും (2018-19 കാലയളവില്‍) 1,32,724.65 കോടി രൂപയായി ഉയര്‍ന്നു, 10.10 ശതമാനത്തിന്റെ വര്‍ധന. തൊട്ടുമുന്നത്തെ വര്‍ഷം 1,16,640.24 കോടി രൂപയുണ്ടായിരുന്ന റവന്യൂ വരവാണ് 13.79 ശതമാനം വര്‍ധിച്ച് 1,32,724.65 കോടി രൂപയിലെത്തിയത്.

ചെലവ് കുറഞ്ഞു

സംസ്ഥാനത്തിന്റെ മൊത്തചെലവ് 2.75 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. 2021-22 കാലഘട്ടത്തില്‍ 1,63,225.53 കോടി രൂപ ചെലവിട്ടെങ്കില്‍ 2022-23 വര്‍ഷത്തില്‍ ഇത് 1,58,738.42 കോടി രൂപയായി കുറഞ്ഞു. റവന്യൂ ചെലവുകള്‍ 2.89 ശതമാനം കുറഞ്ഞപ്പോള്‍ വരുമാന കമ്മി ( Revenue Deficit) 68.77 ശതമാനമായി കുറഞ്ഞു. 29,539.27 കോടി രൂപയില്‍ നിന്നും വരുമാന കമ്മി 9,226.28 കോടി രൂപയായി കുറഞ്ഞു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ നിക്ഷേപം 9797.48 കോടി രൂപയില്‍ നിന്നും 2022-23 വര്‍ഷത്തില്‍ 10,602.67 കോടിരൂപയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജി.ഡി.പിയും ജി.എസ്.ഡി.പിയും

ഒരു നിശ്ചിത കാലയളവില്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഉത്പാദിപ്പിച്ച ആകെ സേവനങ്ങളുടെയും ഉത്പന്നങ്ങളുടെയും ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജി.ഡി.പി എന്ന് പറയുന്നത്. എന്നാല്‍ സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും കണക്കെടുത്താല്‍ ഇതിനെ ജി.എസ്.ഡി.പി എന്നും വിളിക്കും. സംസ്ഥാനങ്ങളുടെ വരുമാന വളര്‍ച്ച മനസിലാക്കാന്‍ ഉപയോഗിക്കുന്ന സങ്കേതമാണ് ജി.എസ്.ഡി.പി. കേരളത്തിന്റെ ജി.എസ്.ഡി.പിയില്‍ 11.95 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും ദേശീയ ജി.ഡി.പി വളര്‍ച്ചാ നിരക്കിനേക്കാള്‍ താഴെയാണിതെന്നും വിലയിരുത്തലുണ്ട്.

കൂടുതലും സേവന മേഖലയില്‍ നിന്നും

സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് കൂടുതല്‍ സംഭാവന നല്‍കുന്നത് സേവന മേഖലയാണെന്നും (Tertiary sector) റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജി.എസ്.ഡി.പിയുടെ 56.70 ശതമാനവും സേവന മേഖലയില്‍ നിന്നാണ്. പ്രാഥമിക മേഖലയില്‍ നിന്നുള്ള സംഭാവന 2018-19 കാലഘട്ടത്തില്‍ 10.26 ശതമാനമായിരുന്നത് 2022-23ല്‍ 9.46 ശതമാനമായി കുറഞ്ഞു. എന്നാല്‍ ദ്വിതീയ മേഖല 22.27 ശതമാനത്തില്‍ നിന്നും 21.58 ശതമാനമായി കൂടി. 2022-23 കാലഘട്ടത്തില്‍ ദ്വിതീയ മേഖലയില്‍ കാര്യമായ പുരോഗതി സംസ്ഥാനത്ത് രേഖപ്പെടുത്തി. ഉത്പാദന മേഖല 14.02 ശതമാനവും നിര്‍മാണ മേഖല 13.32 ശതമാനവും വൈദ്യുതി, ഗ്യാസ്, ജലവിതരണം മറ്റ് അനുബന്ധ മേഖലകള്‍ എന്നിവ 22.05 ശതമാനവും വളര്‍ന്നു. എന്നാല്‍ സാമ്പത്തിക വികസനത്തില്‍ സുപ്രധാനമായ കൃഷി, വ്യവസായ മേഖലകളില്‍ കേരളം ഇനിയും പിന്നിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Related Articles
Next Story
Videos
Share it