കേരളത്തിലും ബി.എച്ച് രജിസ്ട്രേഷന്‍, സംസ്ഥാനം തീരുമാനിക്കുന്ന നികുതി അടക്കണം; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

തൊഴിലിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ ജീവിക്കേണ്ടി വരുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ പദ്ധതി

ഭാരത് സീരിസില്‍ (ബി.എച്ച്) രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് 1976ലെ കേരള വാഹന നികുതി നിയമ പ്രകാരമുള്ള നികുതിയാണ് ബാധകമെന്ന് ഹൈക്കോടതി. കേരളത്തില്‍ ബി.എച്ച് സീരിസില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന ഒരു കൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് ഡി.കെ സിംഗിന്റെ വിധി. വാഹന നികുതി സംസ്ഥാന വിഷയമായതിനാല്‍ (State list) ബി.എച്ച് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ നികുതി കേന്ദ്രസര്‍ക്കാരിന് മാത്രമായി നിശ്ചയിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്താണ് ബി.എച്ച് രജിസ്‌ട്രേഷന്‍

ഒന്നിലേറെ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സഹായമായ ഭാരത് സീരീസ് രജിസ്‌ട്രേഷന്‍ 2021ലാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. കേന്ദ്ര, സംസ്ഥാന, പൊതുമേഖല ജീവനക്കാര്‍ക്കും സൈനികര്‍ക്കും നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ഈ സൗകര്യം നല്‍കിയത്. ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് 12 മാസത്തിലധികം ഉപയോഗിക്കണമെങ്കില്‍ റീരജിസ്‌ട്രേഷന്‍ ചെയ്യണമെന്ന മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ വകുപ്പ് 47 ബി.എച്ച് വണ്ടികള്‍ക്ക് ബാധകമായിരുന്നില്ല. അതായത് റീരജിസ്‌ട്രേഷന്‍ ചെയ്യാതെ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ ബി.എച്ച് വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന് സാരം. തൊഴിലിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ ജീവിക്കേണ്ടി വരുന്നവര്‍ക്ക് ഈ സൗകര്യം ഏറെ പ്രയോജനകരമായിരുന്നു.

നമ്പര്‍ പ്ലേറ്റ് ഇങ്ങനെ

വാഹനം പുറത്തിറങ്ങിയ വര്‍ഷത്തിന്റെ അവസാന രണ്ടക്ഷരവും ബി.എച്ച് എന്ന ചുരുക്കെഴുത്തുമാണ് നമ്പര്‍ പ്ലേറ്റില്‍ ആദ്യമുണ്ടാവുക. പിന്നാലെ നാലക്ഷര രജിസ്‌ട്രേഷന്‍ നമ്പരും ഏത് സംസ്ഥാനത്താണ് രജിസ്റ്റര്‍ ചെയ്തതെന്ന് മനസിലാകാന്‍ രണ്ടക്ക ചുരുക്കെഴുത്തുമാണുള്ളത്. സാധാരണ വാഹന രജിസ്‌ട്രേഷന് 15 വര്‍ഷത്തെ നികുതി അടക്കണമെങ്കില്‍ ഇവിടെ രണ്ട് വര്‍ഷത്തേക്കാണ് നികുതി. പുതുതായി വാഹനമെടുക്കുന്നതിന്റെ ചെലവ് വലിയ തോതില്‍ കുറക്കാന്‍ ഇത് സഹായിക്കും.

എത്ര നികുതി

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 2021 ലെ റൂള്‍ 51ബി (2) പ്രകാരമാണ് ബി.എച്ച് രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്കുള്ള നികുതി തീരുമാനിക്കുന്നത്. ഇതനുസരിച്ച് 10 ലക്ഷത്തിന് താഴെയുള്ള വാഹനങ്ങള്‍ക്ക് ബില്‍ തുകയുടെ 8 ശതമാനമാണ് നികുതി. 10 മുതല്‍ 20 ലക്ഷം വരെ വിലയുണ്ടെങ്കില്‍ 10 ശതമാനം നികുതി നല്‍കണം. അതിന് മുകളില്‍ 12 ശതമാനവുമാണ് നികുതി ഈടാക്കുന്നത്. ഡീസല്‍ വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം അധിക നികുതിയുണ്ട്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം കുറച്ച് കൊടുത്താല്‍ മതി.

തടസം ഇങ്ങനെ

നികുതി ഈടാക്കാനുള്ള സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ആദ്യം മുതലേ കേരളം ബി.എച്ച് രജിസ്‌ട്രേഷന് എതിരായിരുന്നു. ബി.എച്ച് ചട്ടമനുസരിച്ച് പരമാവധി 14 ശതമാനം വരെ നികുതി ഈടാക്കാന്‍ അനുവാദമുള്ളപ്പോള്‍ സംസ്ഥാനത്ത് 21 ശതമാനം വരെയാണ് നികുതിയുള്ളത്. അതുകൊണ്ട് തന്നെ കേരളത്തില്‍ ബി.എച്ച് രജിസ്‌ട്രേഷന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. തുടര്‍ച്ചയായി ഒരു മാസത്തില്‍ കൂടുതല്‍ കേരളത്തിലോടുന്ന ബി.എച്ച് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ നികുതി നല്‍കണമെന്നും കേരളം നിലപാടെടുത്തു. ഹൈക്കോടതി വിധി വന്നതോടെ കേരളത്തിലും ഇനി ബി.എച്ച് രജിസ്‌ട്രേഷനില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

എങ്ങനെ ബി.എച്ച് രജിസ്റ്റര്‍ ചെയ്യാം

1. ബി.എച്ച് രജിസ്‌ട്രേഷന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കുക
2. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക
3. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക
4. ഓണ്‍ലൈനായി ഫീസടക്കണം
5. ആര്‍.ടി.ഒയില്‍ നിന്നുള്ള അനുമതി
പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഔദ്യോഗിക തിരിച്ചറിയില്‍ കാര്‍ഡ്, ഫോം 60 എന്നീ രേഖകളാണ് ആവശ്യമായി വരുന്നത്.
Related Articles
Next Story
Videos
Share it