മദ്യം വീട്ടിലെത്തിക്കാന്‍ കേരളം: സ്വിഗ്ഗി, സൊമാറ്റോ സഹകരണത്തിന് പ്ലാന്‍ ബി -നീക്കത്തിനു പിന്നില്‍ ഏഴു സംസ്ഥാനങ്ങള്‍

മദ്യം വാങ്ങുന്നവര്‍ ഓര്‍ഡറിനൊപ്പം സെല്‍ഫി ചിത്രവും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും നല്‍കണം
Image Courtesy: canva, ai
Image Courtesy: canva, ai
Published on

ഭക്ഷണ വിതരണ രംഗത്തെ മുന്‍നിര ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ ബിഗ്ബാസ്‌കറ്റ് തുടങ്ങിയവരുമായി ചേര്‍ന്ന് മദ്യം വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതി തുടങ്ങാന്‍ കേരളവും. മറ്റ് ഏഴു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പൈലറ്റ് പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് 'ഇക്കണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി, പഞ്ചാബ്, തമിഴ്‌നാട്, ഗോവ, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിയുമായി രംഗത്തുള്ളത്. ആദ്യ ഘട്ടത്തില്‍ വീര്യം കുറഞ്ഞ വൈന്‍, ബിയര്‍ എന്നിവയാകും വിതരണം ചെയ്യുക. പരീക്ഷണം വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ ഈ രീതിയില്‍ ഓണ്‍ലൈനായി എത്തിക്കും.

തുടക്കം തിരഞ്ഞെടുത്ത സിറ്റികളില്‍

ജനസംഖ്യ കൂടുതലുള്ള നഗരങ്ങളിലാകും ആദ്യ ഘട്ട പരീക്ഷണം നടത്തുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങള്‍ മാത്രമാണ് മദ്യം ഓണ്‍ലൈനായി വിതരണം ചെയ്യുന്നത്. പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും പുതിയ പരീക്ഷണം കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ഓണ്‍ലൈന്‍ കമ്പനികളുടെ നിഗമനം. കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും മദ്യവിതരണ കേന്ദ്രങ്ങള്‍ മാലിന്യം നിറഞ്ഞതും സാമൂഹിക വിരുദ്ധരുടെ താവളവുമാണ്.

നിയന്ത്രണം മാറ്റില്ല

സാധാരണഗതിയില്‍ മദ്യം വാങ്ങാനുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാകും ഓണ്‍ലൈന്‍ വില്പനയും. ഓര്‍ഡര്‍ ചെയ്യുന്നവരുടെ പ്രായം, മറ്റു വിവരങ്ങള്‍ എന്നിവ കൃത്യമായി പരിഗണിച്ചാകും മദ്യം വീട്ടിലെത്തിക്കുക. സെല്‍ഫിയും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഓര്‍ഡറിനൊപ്പം നല്‍കണം. ഒ.ടി.പി സമ്പ്രദായത്തിലാവും വിതരണം നടത്തുക. മദ്യവുമായി വീട്ടിലെത്തുമ്പോള്‍ ഉപയോക്താവ് ഈ ഒ.ടി.പി നല്‍കണം.

മദ്യം വാങ്ങേണ്ടവര്‍ എക്സൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ എടുക്കണം. ടോക്കണ്‍ ലഭിച്ചു കഴിഞ്ഞാല്‍ വാട്സാപ്പിലൂടെയോ കടയില്‍ വിളിച്ചോ ഓര്‍ഡര്‍ നല്‍കണം. തുടര്‍ന്ന് സ്ഥാപനം പാസ് എടുത്തു വേണം മദ്യം വീട്ടിലെത്തിക്കാന്‍.

കോവിഡ് സമയത്ത് മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, അസം സംസ്ഥാനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി മദ്യം വീട്ടിലെത്തിച്ച് നല്‍കിയിരുന്നു. സ്വിഗ്ഗിയും സൊമാറ്റോയും ആയിരുന്നു ഓണ്‍ലൈന്‍ കരാര്‍ എടുത്തത്. സ്വിഗ്ഗി 'വൈന്‍ ഫോപ്പ്' എന്ന വിഭാഗം ആരംഭിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

വില്പന കൂടി

ഓണ്‍ലൈന്‍ വില്പന ആരംഭിച്ച ബംഗാളിലും ഒഡീഷയിലും പ്രീമിയം ബ്രാന്‍ഡുകളുടെ വില്പനയില്‍ 20-30 ശതമാനം വര്‍ധനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ വരുമാനം ലഭിക്കാനും ഇതു കാരണമായി. ഓണ്‍ലൈന്‍ വഴിയുള്ള വിതരണത്തിന് മദ്യ കമ്പനികള്‍ക്കും താല്പര്യമാണ്. വില്പന കൂടുമെന്നതാണ് കാരണം. അതേസമയം, കേരളത്തില്‍ പരീക്ഷണം നടത്തുമ്പോള്‍ വലിയ തോതില്‍ എതിര്‍പ്പ് ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

ഡല്‍ഹി മോഡല്‍ പാളിയതിങ്ങനെ

ഓണ്‍ലൈനായി വീട്ടുപടിക്കല്‍ മദ്യം എത്തിക്കാനുള്ള നീക്കത്തിന് തുടക്കം കുറിച്ചത് ഡല്‍ഹി സര്‍ക്കാരായിരുന്നു. ഇത് വ്യാപകമായ എതിര്‍പ്പിന് കാരണമായി. പുലര്‍ച്ചെ മൂന്നു മണി വരെ മദ്യം വില്‍ക്കാം, വില്പനക്കാര്‍ക്ക് പരിധിയില്ലാതെ ഡിസ്‌കൗണ്ട് നല്‍കാം തുടങ്ങി മദ്യകമ്പനികളെ വഴിവിട്ട് സഹായിക്കാനുള്ള വ്യവസ്ഥകള്‍ വ്യാപക പ്രതിഷേധത്തിന് കാരണമായി.

8,900 കോടി രൂപയുടെ വരുമാന വര്‍ധനയായിരുന്നു ഓണ്‍ലൈന്‍ വിതരണത്തിലൂടെ കമ്പനി ലക്ഷ്യമിട്ടത്. പൊതുസമൂഹത്തില്‍ നിന്ന് വ്യാപക എതിര്‍പ്പുയര്‍ന്നതോടെ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്ന വി.കെ സക്‌സേന റിപ്പോര്‍ട്ട് തേടുകയും പിന്നാലെ ഈ പദ്ധതി സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്യുകയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com