Begin typing your search above and press return to search.
കേരളത്തിലേക്ക് മൂന്നാം വന്ദേഭാരത് ഉടന്‍; എറണാകുളം-ബംഗളൂരൂ സര്‍വീസിന് സാധ്യത
കേരളത്തിന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വേ വൈകാതെ തീരുമാനമെടുത്തേക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളം-ബംഗളൂരു പാതയില്‍ പുത്തന്‍ വന്ദേഭാരത് സര്‍വീസ് ആരംഭിക്കാന്‍ സാധ്യതകളുണ്ട്. ഇതിന് പുറമേ നിലവില്‍ ഗോവ-മംഗളൂരു സര്‍വീസ് നടത്തുന്ന വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടാനും സാധ്യതകളേറെയാണ്. എന്നാല്‍, ഇക്കാര്യങ്ങളില്‍ ഔദ്യോഗികമായി റെയില്‍വേ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാല്‍, കേരളത്തിന് മൂന്നാമതൊരു വന്ദേഭാരത് ലഭ്യമാക്കുമെന്ന് അടുത്തിടെ കെ. രാഘവന്‍ എം.പിയോട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ഗോവ-മംഗളൂരു വന്ദേഭാരത് കേരളത്തിലേക്ക് നീട്ടുമെന്നായിരുന്നു അപ്പോഴത്തെ സൂചനകള്‍. ബംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് കേരളത്തിലേക്ക് നീട്ടുന്നത് പരിഗണിക്കണമെന്ന ആവശ്യങ്ങളും ഉയര്‍ന്നിരുന്നു.
എറണാകുളം-ബംഗളൂരുവിന് സാധ്യത
ചെന്നൈയിലെ പെരുമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ICF) നിന്ന് ദക്ഷിണ റെയില്‍വേക്ക് പുതിയ വന്ദേഭാരത് അനുവദിച്ചിട്ടുണ്ട്. ഇത് എറണാകുളം-ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിക്കാന്‍ ഉപയോഗിച്ചേക്കും.
ഇത് റെയില്‍വേ പരിഗണിച്ചാല്‍, ആഴ്ചയില്‍ 6 ദിവസങ്ങളില്‍ ഈ റൂട്ടില്‍ വന്ദേഭാരത് ഓടും. രാവിലെ 5ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് ബംഗളൂരുവില്‍ എത്തും. തിരികെ 2.05ന് പുറപ്പെട്ട് രാത്രി 10.45ന് എറണാകുളത്തെത്തും വിധമാകും യാത്ര. തൃശൂര്‍, പാലക്കാട്, ഈറോഡ്, സേലം എന്നിവയാകും സ്‌റ്റോപ്പുകള്‍.
എന്തുകൊണ്ട് കേരളത്തിന് പരിഗണന?
നിലവില്‍ രാജ്യത്ത് 40ലേറെ വന്ദേഭാരത് ട്രെയിനുകള്‍ ഓടുന്നുണ്ട്. രണ്ട് സര്‍വീസുകളാണ് നിലവില്‍ കേരളത്തിലുള്ളത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേക്ക് ആലപ്പുഴവഴിയും കോട്ടയം വഴിയും അവ ഓടുന്നു. ആലപ്പുഴ വഴി പോകുന്ന വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടാനും തീരുമാനമായിട്ടുണ്ട്.
ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന വന്ദേഭാരതും കേരളത്തില്‍ ഓടുന്നവയാണ്. 193 ശതമാനമാണ് തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് ട്രെയിനുകളുടെ ഒക്യുപന്‍സി നിരക്ക്. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏറ്റവും കുറഞ്ഞ നിരക്കാകട്ടെ ഗോവ-മംഗളൂരു വന്ദേഭാരതിന്റേതാണ്; 50 ശതമാനം യാത്രക്കാരേ ഈ റൂട്ടിലുള്ളൂ.
കേരളത്തിലെ സ്വീകാര്യത കണക്കിലെടുത്താണ് കൂടുതല്‍ വന്ദേഭാരത് അനുവദിക്കാന്‍ ആലോചനകളുള്ളത്. ഗോവ-മംഗളൂരു വന്ദേഭാരത് കേരളത്തിലേക്ക് നീട്ടിയാല്‍ ഒക്യുപന്‍സി നിരക്കും കൂടുമെന്ന് റെയില്‍വേ വിലയിരുത്തുന്നുണ്ട്.
Next Story
Videos