കൂവിയാര്‍ത്ത് പോകേണ്ട ഹേ! ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ വാഹന വകുപ്പ്

കേരളത്തിലെ ടൂറിസ്റ്റ് ബസുകൾ റോഡുകളിൽ വലിയ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതായുളള പരാതികള്‍ വ്യാപകമാകുകയാണ്. ടൂറിസ്റ്റ് ബസുകളില്‍ നിന്ന് പുറത്തേക്ക് സംഗീതം വലിയ ശബ്ദത്തില്‍ കേള്‍ക്കുന്ന തരത്തിലാണ് സ്പീക്കറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനെതിരെ നടപടികള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് എം.വി.ഡി.
അടുത്തിടെ മൂന്നാർ ടൗണിൽ നടന്ന ഒരു സംഭവത്തിൽ ടൂറിസ്റ്റ് ബസിൽ നിന്ന് അസഹനീയമായ ബഹളം വന്നപ്പോള്‍ നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
ടൂറിസ്റ്റ് ബസുകളുടെ എക്‌സ്‌റ്റേണൽ സ്പീക്കറുകളിൽ നിന്ന് വരുന്ന ഉച്ചത്തിലുള്ള സംഗീതമാണ് പലപ്പോഴും തർക്കങ്ങൾക്ക് കാരണമാകുന്നത്. സ്‌കൂൾ, കോളേജ് ഉല്ലാസയാത്രകളിലാണ് ഇത്തരത്തില്‍ കൂടുതൽ ശബ്ദമലിനീകരണം ഉണ്ടാകുന്നത്.
ബസുകളില്‍ സാധാരണയുണ്ടാകുന്ന ഇൻ്റേണൽ സ്പീക്കറുകൾക്ക് പുറമേ, 'വോക്കൽ' എന്നറിയപ്പെടുന്ന ബാഹ്യ സ്പീക്കറുകൾ കൂടി ഘടിപ്പിക്കുന്നതാണ് വലിയ ഒച്ചയുണ്ടാകുന്നതിനുളള കാരണം. ഇത് പലപ്പോഴും ബസിൻ്റെ മുന്നിലോ പിന്നിലോ ആയാണ് സ്ഥാപിക്കുന്നത്.
2023 ലെ വടക്കാഞ്ചേരി ബസ് അപകടത്തെ തുടർന്ന് ടൂറിസ്റ്റ് ബസുകൾക്ക് കേരള മോട്ടോർ വാഹന വകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി, ഒരു യാത്ര ആരംഭിക്കുന്നതിന് കുറഞ്ഞത് ഏഴ് ദിവസം മുമ്പായി ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർ അവരുടെ വാഹന വിവരങ്ങൾ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ സമർപ്പിക്കണം.
കൂടാതെ, ഉല്ലാസയാത്രയ്ക്ക് മുമ്പായി ബസുകള്‍ പരിശോധനയ്ക്കും വിധേയമാക്കണം. പരിശോധന റിപ്പോർട്ട് വാഹന ഉടമയും ആർ.ടി.ഒ ഓഫീസറും സൂക്ഷിക്കേണ്ടതാണ്. ഓരോ 30 ദിവസത്തിലും ഒരു പരിശോധന എന്ന ക്രമത്തിലെങ്കിലും നടത്തണമെന്നാണ് എം.വി.ഡി യുടെ നിര്‍ദേശമുളളത്. അതേസമയം, ഇക്കൊല്ലം ഈ പരിശോധന പൂർണമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
Related Articles
Next Story
Videos
Share it