പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് ജനം; നിര്‍മ്മലയുടെ ബാഗില്‍ ഇക്കുറി ഇടക്കാല ബജറ്റ്

കേന്ദ്ര ബജറ്റിന് ഇനി രണ്ടുനാള്‍ മാത്രം. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക കാഴ്ചപ്പാടും സാമ്പത്തിക മുന്‍ഗണനകളും രൂപപ്പെടുത്തുന്ന സമഗ്രമായ പ്ലാനാണ് ബജറ്റ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ ബജറ്റ് ഒരു ഇടക്കാല ബജറ്റായിരിക്കും. പൊതുതിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറുന്ന സര്‍ക്കാര്‍ വൈകാതെ തന്നെ ഒരു സമ്പൂര്‍ണ ബജറ്റും അവതരിപ്പിക്കും. എന്താണ് സമ്പൂര്‍ണ ബജറ്റും (Union budget) ഇടക്കാല ബജറ്റുമെന്ന് (Interim budget) നോക്കാം.

സമ്പൂര്‍ണ ബജറ്റ്

പൂര്‍ണ്ണകാല കാലാവധിയോടെയും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റാണ് സമ്പൂര്‍ണ ബജറ്റ്. ഇതില്‍ ഏപ്രില്‍ ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ ഒരു മുഴുവന്‍ സാമ്പത്തിക വര്‍ഷത്തേക്കുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും വിവിധ മേഖലകള്‍ക്ക് വേണ്ട പുതിയ പദ്ധതികളും വിഹിതവും ഉള്‍ക്കൊള്ളുന്നു. നികുതി നിരക്കുകള്‍, ഇളവുകള്‍, റവന്യൂ കളക്ഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക നടപടികള്‍ എന്നിവയിലെ മാറ്റങ്ങള്‍ ഒക്കെ സമ്പൂര്‍ണ ബജറ്റില്‍ ഉള്‍പ്പെടും. പുതിയ നികുതികള്‍ക്കും ചെലവുകള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം വരവിന്റെയും ചെലവുകളുടെയും വിശദമായ കണക്കുകളും സമ്പൂര്‍ണ ബജറ്റില്‍ അവതരിപ്പിക്കും.

സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇതിലെ നിര്‍ദ്ദേശങ്ങള്‍ പാസായിക്കഴിഞ്ഞാല്‍ പിന്നീടിത് നിയമമാകും. കേന്ദ്ര ബജറ്റിന് ഒരു ദിവസം മുമ്പായി മുന്‍ സാമ്പത്തിക വര്‍ഷത്തെ വിശകലന റിപ്പോര്‍ട്ടായി സാമ്പത്തിക സര്‍വേ പുറത്തിറക്കും. ഭരണം തുടരാന്‍ പൂര്‍ണ്ണ അധികാരമുള്ള സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റാണിത്. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതിനാല്‍ സമ്പൂര്‍ണ കേന്ദ്ര ബജറ്റ് പരമപ്രധാനമാണ്. ചുരുക്കി പറഞ്ഞാല്‍ സമ്പൂര്‍ണ ബജറ്റ് ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള സമഗ്ര സാമ്പത്തിക പദ്ധതിക്ക് രൂപം നല്‍കുന്നു.

ഇടക്കാല ബജറ്റ്

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഇടക്കാല ബജറ്റ് സാധാരണയായി അവതരിപ്പിക്കേണ്ടി വരിക. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെയുള്ള കുറച്ച് മാസങ്ങളിലെ അത്യാവശ്യ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള താല്‍ക്കാലിക ബജറ്റാണ് ഇടക്കാല ബജറ്റ്. അതായത് ഏപ്രില്‍ ഒന്നു മുതല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും വരെയുള്ള കാലയളവിലേക്കുള്ള ബജറ്റ്. ഇതില്‍ പൊതുവേ നികുതി ഘടനയിലെ കാര്യമായ മാറ്റങ്ങളൊന്നും അവതരിപ്പിക്കാറില്ല. മാത്രമല്ല വരാനിരിക്കുന്ന സര്‍ക്കാര്‍ നടത്താന്‍ പ്രതിജ്ഞാബദ്ധമായ പുതിയ പദ്ധതികളും ഇടക്കാല ബജറ്റില്‍ പ്രഖ്യാപിക്കാറില്ല.

ഒരു സമ്പൂര്‍ണ ബജറ്റ് പാസാക്കുന്നത് വരെയുള്ള കാലയളവില്‍ സര്‍ക്കാരിന് ചെലവഴിക്കാന്‍ അനുമതി നല്‍കുന്നതിന് വോട്ട് ഓണ്‍ അക്കൗണ്ടിനാണ് ഇതില്‍ വ്യവസ്ഥയുള്ളത്. വോട്ട് ഓണ്‍ അക്കൗണ്ടിന് മാത്രമാണ് ഇവിടെ പാര്‍ലമെന്റിന്റെ അംഗീകാരം തേടുന്നത്. സമ്പൂര്‍ണ ബജറ്റിലേതെന്ന പോലെ ഇടക്കാല ബജറ്റ് അവതരണത്തിന് തലേദിവസം സാമ്പത്തിക സര്‍വേ സാധാരണയായി അവതരിപ്പിക്കാറില്ല. കാര്യമായ പദ്ധതികളുടെ പ്രഖ്യാപനമൊന്നും ഉണ്ടാകില്ലെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള ജനകീയ നടപടികളും പദ്ധതികളും ഈ ഇടക്കാല ബജറ്റില്‍ ഉള്‍പ്പെട്ടേക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it