വൈദ്യുതി ലഭ്യതയില്‍ കുറവ്; മലയാളിയെ കാത്തിരിക്കുന്നത് പവര്‍കട്ടോ?

സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വന്ന വർ‍ധനവും പവർ എക്സ്ചേഞ്ച് മാർ‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം കെ.എസ്.ഇ.ബി കടുത്ത വൈദ്യുതി ക്ഷാമമാണ് നേരിടുന്നത്. ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ജനറേറ്റര്‍ തകരാറിലായതിനെത്തുടർന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ അവിചാരിതമായ കുറവുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി പീക്ക് സമയങ്ങളില്‍ പല പ്രദേശങ്ങളിലും കെ.എസ്.ഇ.ബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

പീക്ക് സമയങ്ങളില്‍ വൈദ്യുതി ലഭ്യത കുറവ്

പീക്ക് സമയങ്ങളില്‍ (വൈകിട്ട് ഏഴു മണിമുതൽ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 മുതല്‍ 650 മെഗാ വാട്ട് വരെ കുറവാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് നേരിടുന്നത്. അതിനാല്‍ വൈകിട്ട് വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അഭ്യർത്ഥിക്കുന്നു.
രാത്രി ആവശ്യത്തിന് വൈദ്യുതി ലഭിക്കുമോ ഇല്ലയോ എന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബോര്‍ഡ്. അതത് ദിവസം വൈകുന്നേരം മാത്രമാണ് ഇതുസംബന്ധിച്ച വ്യക്തത ലഭിക്കുന്നത്. അതിനാല്‍ വൈകുന്നേരം മാത്രമാണ് കെ.എസ്.ഇ.ബി ക്ക് വൈദ്യുതി നിയന്ത്രണം സംബന്ധിച്ച അറിയിപ്പുകള്‍ വിവിധ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കാന്‍ സാധിക്കുന്നത്.

വൈദ്യുതി ക്ഷാമത്തിനുളള കാരണങ്ങള്‍

കേരളത്തില്‍ പ്രതീക്ഷിച്ച പോലെ മഴ ലഭിച്ചില്ല, വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന ഉണ്ടാകുന്നു, വില കുറച്ച് വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന ദീര്‍ഘകാല കരാറുകള്‍ റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയത് പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല തുടങ്ങിയ പ്രതിസന്ധികളാണ് കെ.എസ്.ഇ.ബി നേരിടുന്നത്. വൈദ്യുതിയില്‍ ഉണ്ടാകുന്ന കുറവ് നികത്താന്‍ പവര്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി കിട്ടാത്ത അവസ്ഥയും ഉണ്ടാകുന്നു.

നിരക്ക് കൂട്ടണമെന്ന് അഭ്യര്‍ത്ഥന

അതേസമയം, വൈദ്യുതി നിരക്ക് കൂട്ടാന്‍ കെ.എസ്.ഇ.ബി നല്‍കിയിരിക്കുന്ന അപേക്ഷയില്‍ കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ അടുത്ത മാസം പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിക്കാന്‍ ഇരിക്കുകയാണ്. 2024-25 മുതല്‍ 2026-27 വരെയുളള മൂന്നു വര്‍ഷത്തെ നിരക്കു വര്‍ധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്.
2024-25 ല്‍ യൂണിറ്റിന് 30 പൈസയുടെ വര്‍ധനവ് വൈദ്യുതി നിരക്കില്‍ വരുത്തണമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. 2025 ജനുവരി മുതല്‍ മേയ് വരെയുളള മാസങ്ങളില്‍ യൂണിറ്റിന് 10 പൈസ വേനല്‍ക്കാല നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്നും കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Related Articles
Next Story
Videos
Share it