പുതുവര്‍ഷത്തില്‍ ഇരുട്ടടി; പെന്‍ഷന്‍ ബാധ്യത കറന്റ് ബില്ലില്‍ 'കൂട്ടാ'നൊരുങ്ങി കെ.എസ്.ഇ.ബി
പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് തുടരുമെന്ന് കെ.എസ്.ഇ.ബി. അധിക ബാധ്യതയെന്ന് പറഞ്ഞ് 19 പൈസ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയാണ് ജനങ്ങള്‍ക്ക് കെ.എസ്.ഇ.ബി ഇരുട്ടടി നല്‍കുന്നത്. നേരിട്ട് 10 പൈസ ചുമത്തിയും പുതുതായുള്ള 9 പൈസയും ചേര്‍ത്താണ് ഈ സര്‍ചാര്‍ജ് ഈടാക്കുന്നത്.
നവംബറില്‍ അധികമായി വൈദ്യുതി വാങ്ങാന്‍ ചെലവിട്ട പണമാണ് സര്‍ചാര്‍ജ് ആയി ഈടാക്കുന്നതെന്ന് പറയുമ്പോഴും കെ.എസ്.ഇ.ബിയുടെ ശമ്പളച്ചെലവും പെന്‍ഷന്‍ ബാധ്യതയും പെരുകുന്നത് ജനങ്ങളുടെ തലയില്‍ കെട്ടി വയ്ക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 2,524.10 കോടി രൂപയാണ് കെ.എസ്.ഇ.ബിയുടെ പെന്‍ഷന്‍ ബാധ്യത. 2021-22 വര്‍ഷത്തിലെ ബാധ്യത 2,376.69 കോടി രൂപയായിരുന്നു. ജനങ്ങളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പ് നടത്താനിരിക്കുകയാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍. ജനുവരി നാലിനാണ് ഇത് നടത്തുക. ഏപ്രിലില്‍ ഈ ബാധ്യത കൂടി ചേര്‍ത്താകും നിരക്ക് വര്‍ധനയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പെന്‍ഷന്‍ ബാധ്യത മാത്രമല്ല, അടുത്ത വര്‍ഷത്തെ ശമ്പള വര്‍ധന കൂടി കണക്കിലെടുക്കുമ്പോള്‍ 480 കോടി രൂപ അധിക ബാധ്യത ആകും. ഇത് കൂടി കണക്കിലെടുത്ത് താരിഫ് ഉയര്‍ത്താനാണ് കെ.എസ്.ഇ.ബി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.