Begin typing your search above and press return to search.
അമരാവതിയില്‍ റിയല്‍ എസ്റ്റേറ്റ് ബൂം! 48 മണിക്കൂറില്‍ സ്ഥലവില 100% കുതിപ്പ്
ആന്ധ്രാപ്രദേശിന്റെ ഭരണസാരഥ്യം വീണ്ടും ചന്ദ്രബാബു നായിഡുവിന്റെ കൈകളിലേക്ക് വന്നതോടെ പുതിയ തലസ്ഥാനമാകുന്ന അമരാവതിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍കുതിപ്പ്. സ്ഥല വിലയില്‍ മൂന്നു ദിവസം കൊണ്ട് 50 മുതല്‍ 100 ശതമാനം വരെ വര്‍ധനയാണുണ്ടായത്. ഡിമാന്‍ഡും വിലയും കൂടിയെങ്കിലും വില്പന നാമമാത്രമായി.
സ്ഥലം വാങ്ങിക്കൂട്ടാന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ കളത്തിലുണ്ടെങ്കിലും ആരും വില്ക്കാന്‍ തയാറാകുന്നില്ല. വില ഇനിയും കൂടുമെന്നതിനൊപ്പം മറ്റൊരു കാരണം കൂടിയുണ്ട്. അടുത്തദിവസം ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഈ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമരാവതിയുടെ വികസനത്തെപ്പറ്റി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
വലിയ പ്രോജക്ടുകള്‍ പ്രഖ്യാപിച്ചാല്‍ വില പിടിവിട്ട് ഉയരുമെന്ന തിരിച്ചറിവാണ് സ്ഥലവില്‍പനയില്‍ പെട്ടെന്നൊരു നിശ്ചലാവസ്ഥയ്ക്ക് കാരണം. ജൂണ്‍ 12നാണ് നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ്.
ജഗന്‍ അവഗണിച്ച അമരാവതി
ആന്ധ്രയും തെലങ്കാനയും രണ്ടായതിന് പിന്നാലെ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവാണ് അമരാവതിയെ പുതിയ തലസ്ഥാനമാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചത്. എന്നാല്‍ പിന്നീട് വന്ന തിരഞ്ഞെടുപ്പില്‍ ജഗന്‍ അധികാരത്തിലെത്തിയതോടെ അമരാവതിയുടെ വികസനവും നിലച്ചു.
നായിഡുവിന്റെ സ്വപ്‌ന പദ്ധതിയായതിനാല്‍ അമരാവതിയോട് വലിയ താല്പര്യം കാട്ടാതിരുന്ന ജഗന്‍ 2019ല്‍ മൂന്ന് തലസ്ഥാനങ്ങളാകും ആന്ധ്രയ്ക്ക് ഉണ്ടാകുകയെന്ന് പ്രഖ്യാപിച്ചു. ഇതോടെ അമരാവതിയുടെ വികസന സ്വപ്‌നങ്ങള്‍ നിലച്ചു. സ്ഥലവില 75 ശതമാനത്തോളം ഇടിഞ്ഞു. 'വീ' ഷെയ്പ്പില്‍ ആണ് സ്ഥലവില ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
കര്‍ഷകര്‍ക്കും കോളടിച്ചു
സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചൂടുപിടിച്ചതോടെ അമാരവതിയിലെ കാര്‍ഷികമേഖലയില്‍ അടക്കം പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ സ്ഥലം വാങ്ങാനായി 100ലേറെ ഫോണ്‍കോളുകള്‍ വന്നതായി കര്‍ഷകര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ആറുമാസം മുമ്പുവരെ ആരും എത്താതിരുന്ന സ്ഥാനത്താണിത്. തിരഞ്ഞെടുപ്പ് കാലത്ത് അമരാവതി പദ്ധതി പൊടിതട്ടിയെടുക്കുമെന്ന് നായിഡുവും മകന്‍ നാര ലോകേഷും പലകുറി ആവര്‍ത്തിച്ചിരുന്നു.
നായിഡുവിന്റെ ഭരണകാലത്ത് 10,000 കോടി രൂപയോളം ചെലവഴിച്ചെങ്കിലും അമരാവതിയിലെ സ്വപ്‌നപദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. 2019ലെ തിരഞ്ഞെടുപ്പില്‍ നായിഡുവും തെലുഗുദേശം പാര്‍ട്ടിയും വന്‍ തോല്‍വിയിലേക്ക് വഴുതിവീഴാനുള്ള കാരണങ്ങളിലൊന്ന് അമരാവതിക്ക് നല്‍കിയ അമിതപ്രാധാന്യമായിരുന്നു. നായിഡു സമ്പത്തും അധികാരവും അമരാവതിയിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നുവെന്ന വിമര്‍ശനവും വ്യാപകമായിരുന്നു.
2019ന് മുമ്പ് വന്‍കിട പൊതുമേഖല, സ്വകാര്യ മേഖല കമ്പനികള്‍ അമരാവതിയില്‍ ഭൂമി സ്വന്തമാക്കിയിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സി.എ.ജി, എന്‍.ടിപി.സി, ഒ.എന്‍.ജി.സി ഇന്ത്യന്‍ ബാങ്ക്, എസ്.ബി.ഐ തുടങ്ങിയവര്‍ക്കെല്ലാം അമരാവതിയില്‍ സ്വന്തമായി സ്ഥലമുണ്ട്. രാഷ്ട്രീയ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഈ പദ്ധതികള്‍ക്കും ജീവന്‍വയ്ക്കും.
Next Story
Videos