സ്ഥലങ്ങളും കെട്ടിടങ്ങളും വിറ്റു പണമാക്കാന്‍ എല്‍.ഐ.സി; പുതിയ ഉപകമ്പനി രൂപീകരിച്ചേക്കും

രാജ്യത്തിന്റെ പ്രധാന മേഖലകളിലും മെട്രോ നഗരങ്ങളിലുമുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും വില്‍ക്കാനൊരുങ്ങി ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ (എല്‍.ഐ.സി). 58,000 കോടിരൂപ സമാഹരിക്കുകയാണ് കേന്ദ്ര പൊതുമേഖല സ്ഥാപനത്തിന്റെ ലക്ഷ്യം.
എല്‍.ഐ.സിയുടെ കൈവശമുള്ള വസ്തുവകകളുടെ മൂല്യം നിശ്ചയിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രമുഖ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയെ ഏറ്റെടുത്ത് ഈ രംഗത്തേക്ക് കൂടി ചുവടുവയ്ക്കാന്‍ എല്‍.ഐ.സി ഒരുങ്ങുന്നതായി കഴിഞ്ഞദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വസ്തുവകകള്‍ വിറ്റഴിച്ച് ഫണ്ട് കണ്ടെത്താന്‍ കമ്പനി ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.
പ്രധാന നഗരങ്ങളില്‍ സ്വത്ത്
എല്‍.ഐ.സിക്ക് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സ്വന്തമായി ഭൂമിയും കെട്ടിടങ്ങളുമുണ്ട്. ഡല്‍ഹി കൊണാട്ട് പ്ലേസിലെ ജീവന്‍ ഭാരതി ബില്‍ഡിംഗ്, കൊല്‍ക്കത്തയിലെ ചിത്തരഞ്ജന്‍ അവന്യു തുടങ്ങിയ കെട്ടിടങ്ങള്‍ നഗരത്തിലെ ഏറ്റവും വിലയേറിയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
അവസാനം വിലനിര്‍ണയം നടത്തിയ സമയത്ത് 50,000-60,000 കോടി രൂപയുടെ മൂല്യം ഈ ആസ്തികള്‍ക്ക് ഉണ്ടായിരുന്നു. എല്‍.ഐ.സിക്ക് 51 ലക്ഷം കോടിയിലധികം രൂപയുടെ ആസ്തികളുണ്ടെന്നാണ് കണക്ക്. എല്‍.ഐ.സിയുടെ കൈവശമുള്ള കെട്ടിടങ്ങളുടെ മൂല്യം കണക്കാക്കിയതിലും അഞ്ച് മടങ്ങെങ്കിലും അധികമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.
പുതിയ കമ്പനി രൂപീകരിച്ചേക്കും
റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ആസ്തികളുടെ വില്പനയ്ക്കും പരിപാലനത്തിനുമായി ഉപകമ്പനി രൂപീകരിക്കാന്‍ പദ്ധതിയുണ്ടെന്ന് എല്‍.ഐ.സി വൃത്തങ്ങളെ ഉദ്ധരിച്ച് 'ലൈവ് മിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. മൗസറിയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പ്രവര്‍ത്തിക്കുന്ന കെട്ടിടം, ഡല്‍ഹി, ലക്‌നൗ എന്നിവിടങ്ങളിലെ മാധ്യമസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഓഫീസുകളെല്ലാം എല്‍.ഐ.സിയുടെ ഉടമസ്ഥതയിലുള്ളതാണ്.
മുമ്പും ഈ പൊതുമേഖല സ്ഥാപനത്തിന്റെ ആസ്തികള്‍ വില്‍ക്കാന്‍ നീക്കം ഉണ്ടായിരുന്നെങ്കിലും പലവിധ കാരണങ്ങളാല്‍ നടന്നില്ല. വില്പനയ്ക്കായി എല്‍.ഐ.സി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
എല്‍.ഐ.സിയുടെ 2023-24 സാമ്പത്തികവര്‍ഷത്തെ ലാഭം 40,885 കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തികവര്‍ഷത്തെ 35,997 കോടി രൂപയില്‍ നിന്ന് 4,888 കോടി രൂപയുടെ വര്‍ധന. ഓഹരി ഉടമകള്‍ക്ക് 6 രൂപ വീതം ഡിവിഡന്റും പ്രഖ്യാപിച്ചിരുന്നു.
വില്പന സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നത് എല്‍.ഐ.സിയുടെ ഓഹരികളെ അനുകൂലമായി സ്വാധീനിച്ചിട്ടില്ല. ഇന്ന് (ജൂണ്‍ 18) രാവിലെ 11 രൂപ ഇടിഞ്ഞ് 1,055 രുപയിലെത്തി എല്‍.ഐ.സി ഓഹരികള്‍.
Related Articles
Next Story
Videos
Share it