Begin typing your search above and press return to search.
ലുലു ഗ്രൂപ്പിന്റെ രണ്ട് വന്‍ പ്രോജക്ടുകള്‍, ഗുണം കര്‍ഷകര്‍ക്കും
ഇന്ത്യയിലെ രണ്ട് പ്രമുഖ നഗരങ്ങളില്‍ ഭക്ഷ്യ സംസ്‌കരണ പാര്‍ക്ക് തുടങ്ങാന്‍ കരാറിലൊപ്പിട്ട് ലുലു ഗ്രൂപ്പ്. ഉത്തര്‍പ്രദേശിലെ നോയിഡ, പഞ്ചാബിലെ അമൃത്‌സർ എന്നിവിടങ്ങളിലാകും ലുലുഗ്രൂപ്പിന്റെ പുതിയ പദ്ധതി നിലവില്‍ വരിക.
ഉത്തര്‍പ്രദേശിലെ പദ്ധതിക്കായി 500 കോടി രൂപയാണ് പ്രാഥമിക ഘട്ടത്തില്‍ നിക്ഷേപിക്കുക. കയറ്റുമതി ലക്ഷ്യമിട്ടുള്ള ഫുഡ് പാര്‍ക്കിനായി 20 ഏക്കര്‍ സ്ഥലം ഗ്രേറ്റര്‍ നോയിഡ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി കൈമാറി.
കര്‍ഷകര്‍ക്ക് ഗുണം ചെയ്യും
പ്രാദേശികമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ശീതികരിച്ച് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ലുലു ഗ്രൂപ്പിന്റെ പദ്ധതി. ഇതുവഴി 700 പേര്‍ക്ക് നേരിട്ടും 2,000 പേര്‍ക്ക് പരോക്ഷവുമായി ജോലി ലഭിക്കും. കര്‍ഷകരെയും ഇടത്തരം സംരംഭ ഗ്രൂപ്പുകളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള പദ്ധതിയിലൂടെ സാധാരണക്കാര്‍ക്ക് അധിക വരുമാനം ലഭ്യമാക്കുമെന്ന പ്രതീക്ഷയുമുണ്ട്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്‍കൈയെടുത്താണ് ഈ പദ്ധതിക്കുള്ള സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കിയത്. എട്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലുലു ഗ്രൂപ്പ്.
കര്‍ഷകരില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. കര്‍ഷകരുടെ വരുമാനം ഉയര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമൃത് സറിലും 20 ഏക്കറില്‍
പഞ്ചാബ് സര്‍ക്കാരുമായി ചേര്‍ന്നാണ് അമൃത്സറില് 20 ഏക്കറില്‍ ഭക്ഷ്യസംസ്‌കരണ ഫാക്ടറി തുടങ്ങുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അധികം വൈകാതെ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലീം വ്യക്തമാക്കി. സംരംഭരണം, പ്രോസസിംഗ്, പാക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ഫാക്ടറിയില്‍ ചെയ്ത് വിദേശത്തെയും ഇന്ത്യയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്കും കയറ്റിയയ്ക്കും. രണ്ട് പദ്ധതികളിലുമായി 7,000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
Next Story
Videos