ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ (അലഹബാദ്) 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയിലേക്ക് ഒഴുകുന്നത് 40 കോടിയോളം തീര്‍ഥാടകര്‍. ഇവര്‍ക്ക് സൗകര്യമൊരുക്കാന്‍ യു.പി സര്‍ക്കാര്‍ ചെലവിടുന്നത് 6,400 കോടിയോളം രൂപ. കേന്ദ്രസര്‍ക്കാറും മറ്റ് വകുപ്പുകളും ചെലവാക്കിയത് കൂടി കണക്കാക്കിയാല്‍ 12,670 കോടി രൂപ വരുമിത്. ഇതിലൂടെ ഉത്തര്‍പ്രദേശിന് മാത്രം 25,000 കോടി രൂപയില്‍ കുറയാത്ത വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നികുതി, വാടക, മറ്റ് ചാര്‍ജുകള്‍ എന്നിവയിലൂടെ 25,000 കോടി രൂപയുടെ വരുമാനം സര്‍ക്കാരിന് ലഭിക്കുമെന്നാണ് മഹാകുംഭമേളയുടെ നോഡല്‍ ഓഫീസറായ വിജയ് ആനന്ദ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വിപണിയിലെത്തുക മൂന്ന് ലക്ഷം കോടി
അതേസമയം, മേളയിലെ ആകെ സാമ്പത്തിക ഇടപാടുകളുടെ മൂല്യം രണ്ട് മുതല്‍ 3 ലക്ഷം കോടി രൂപ വരെ എത്തുമെന്നാണ് സര്‍ക്കാരിന്റെയും വ്യാപാര സംഘടനകളുടെയും പ്രതീക്ഷ. വഴിയോര കച്ചവടക്കാര്‍, റിക്ഷാ ഡ്രൈവര്‍മാര്‍, ബോട്ട് ഓപറേറ്റര്‍മാര്‍ തുടങ്ങിയവരിലൂടെ കോടികളെത്തുന്നത് പ്രാദേശിക സാമ്പത്തിക വ്യവസ്ഥക്കും ഊര്‍ജ്ജം നല്‍കും. ഒരു ശതമാനം വരെ ജി.ഡി.പി വളര്‍ച്ച ഇതിലൂടെ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കുമെന്ന് ദി കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും (സി.എ.ഐ.റ്റി) പറയുന്നു. ഒരു തീര്‍ത്ഥാടകന്‍ ശരാശരി 5,000 രൂപയെങ്കിലും കുംഭമേളക്കിടെ ചെലവിടുമെന്നാണ് ഒരു ഏകദേശ കണക്ക്. വിപണിയില്‍ 4 ലക്ഷം കോടി രൂപയുടെ വരെ വ്യാപാരം നടക്കുമെന്ന് ചില കണക്കുകളും പറയുന്നു.
വമ്പന്‍ സജ്ജീകരണവുമായി റെയില്‍വേ
രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും തീര്‍ത്ഥാടകരെ എത്തിക്കാന്‍ പാകത്തില്‍ 10,000 ട്രെയിനുകളാണ് റെയില്‍വേ ക്രമീകരിക്കുന്നത്. ഇതില്‍ 3,134 എണ്ണം സ്‌പെഷ്യല്‍ ട്രെയിനുകളായാണ് സര്‍വീസ് നടത്തുന്നത്. ഇതിന് പുറമെ 554 ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകള്‍, 1,000 സി.സി.ടി.വി ക്യാമറകള്‍, 12 ഭാഷകളിലെ അനൗണ്‍സ്‌മെന്റ്, എല്ലാം നിയന്ത്രിക്കാന്‍ വാര്‍ റൂം എന്നിവയും റെയില്‍വേ സജ്ജമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കുള്ള വിവരങ്ങള്‍ അടങ്ങിയ ബുക്ക്‌ലെറ്റുകള്‍ 22 ഭാഷകളില്‍ തയ്യാറാക്കിയിട്ടുണ്ട്. കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കായി മൂന്ന് വര്‍ഷത്തിനിടെ 5,000 കോടി രൂപ ചെലവാക്കിയിട്ടുണ്ടെന്നും റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.
ബ്രാന്‍ഡുകള്‍ക്ക് വമ്പന്‍ മാര്‍ക്കറ്റിംഗ് അവസരം
40 കോടിയിലേറെ ആളുകളെത്തുന്ന കുംഭമേള വലിയൊരു മാര്‍ക്കറ്റിംഗ് അവസരമാക്കാനാണ് രാജ്യത്തെ വമ്പന്‍ ബ്രാന്‍ഡുകളുടെ തീരുമാനം. എഫ്.എം.സി.ജി കമ്പനികള്‍, ബാങ്കുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഓട്ടോമൊബൈല്‍ കമ്പനികള്‍ തുടങ്ങിയവര്‍ തങ്ങളുടെ ബ്രാന്‍ഡിനെയും ഉത്പന്നങ്ങളെയും വിപണിയില്‍ അവതരിപ്പിക്കാനും പുതിയ ഉത്പന്നങ്ങള്‍ ലോഞ്ച് ചെയ്യാനും ഈ അവസരം നന്നായി ഉപയോഗിക്കും. ബ്രാന്‍ഡുകള്‍ പരസ്യത്തിനും മറ്റുമായി 2,500 കോടി രൂപയിലധികം ചെലവഴിക്കുമെന്നാണ് കണക്ക്. പൊതുവിപണിയില്‍ ഉത്പന്നങ്ങള്‍ ഇറക്കുന്നതിന് മുമ്പുള്ള പരീക്ഷണ കാലമായും പല ബ്രാന്‍ഡുകളും കുംഭമേളയെ കാണുന്നുണ്ട്. ഒരുരാത്രിക്ക് ഒരുലക്ഷം രൂപ വരെ വാടക വാങ്ങുന്ന ലക്ഷ്വറി ടെന്റുകളുമായി ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡുകളും സജീവമാണ്.
അടിസ്ഥാന സൗകര്യങ്ങളിലും കുതിച്ചുചാട്ടം
മഹാകുംഭമേളയോട് അനുബന്ധിച്ച് പ്രയാഗ്‌രാജ് നഗരത്തിലും വമ്പന്‍ മാറ്റങ്ങളാണ് വരുത്തിയത്. വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയില്‍) 45,000 ടണ്‍ സ്റ്റീലാണ് ഇവിടെ എത്തിച്ചത്. തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താന്‍ 200 റോഡുകള്‍ പുനര്‍നിര്‍മിച്ചു. റോഡുകളില്‍ മൂന്ന് ലക്ഷം മരങ്ങളും ഒരു ലക്ഷത്തോളം ചെടികളും നട്ടു. തീര്‍ത്ഥാടകരുടെ സുരക്ഷക്കായി ഗംഗ, യമുന നദികളില്‍ അത്യാധുനിക സജ്ജീകരണങ്ങളോടെ കൂടുതല്‍ പൊലീസുകാരെയും സജ്ജമാക്കിയിട്ടുണ്ട്.
ഒന്നര നൂറ്റാണ്ട് കാത്തിരിക്കണം
ഹരിദ്വാര്‍, പ്രയാഗ്‌രാജ്, നാസിക്, ഉജ്ജയിന്‍ എന്നീ നഗരങ്ങളിലെ നദീതീരങ്ങളില്‍ മൂന്ന് വര്‍ഷം കൂടുമ്പോഴാണ് കുംഭമേളകള്‍ നടത്തുന്നത്. ആറ് വര്‍ഷത്തെ ഇടവേളയില്‍ ഹരിദ്വാറിലും പ്രയാഗ്‌രാജിലും അര്‍ധ കുംഭമേളയും നടക്കും. മഹാകുംഭമേള പ്രയാഗ് രാജില്‍ മാത്രമാണുള്ളത്.