സിനിമയില്‍ തെലുങ്ക്-മലയാളം 'അന്തര്‍ധാര'; പൊരുള്‍ എന്താണ്?

തെലുങ്ക് സിനിമകളില്‍ മലയാളി നടന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നതിന്റെ പൊരുള്‍ എന്താണ്? തെലുങ്കു സിനിമകള്‍ക്ക് ദേശീയ തലത്തില്‍ പ്രചാരം കൂട്ടുന്നതിന് മലയാളി നടന്മാരുടെ സാന്നിധ്യം സഹായിക്കുന്നു. മലയാളി താരങ്ങള്‍ക്കാകട്ടെ, മലയാള സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട പ്രതിഫലവും കിട്ടുന്നു.
ഹിന്ദി സിനിമകളുടെ തകര്‍പ്പന്‍ ബോക്‌സ് ഓഫീസ് രീതികളോട് കിടപിടിക്കുന്ന തെലുങ്കു സിനിമകളുടെ എണ്ണം കൂടിവരുകയാണ്. അതിലെ സാന്നിധ്യം മലയാളി താരങ്ങളുടെ സ്വീകാര്യത ഹിന്ദി ബെല്‍റ്റിലും വര്‍ധിപ്പിക്കുന്നു. തെലുങ്കില്‍ നിര്‍മിക്കുന്ന സിനിമകള്‍ക്ക് കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടകം, തമിഴ്‌നാട് എന്നിങ്ങനെ തെക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല, വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രേക്ഷകര്‍ ഏറി. ഫലത്തില്‍ തെലുങ്ക് സിനിമകളുടെ ദേശീയ സ്വീകാര്യതയില്‍ വന്‍വര്‍ധന. ഗള്‍ഫിലും മറ്റ് വിദേശ നാടുകളിലുമുള്ള പ്രവാസി സമൂഹം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ മലയാളി താരങ്ങളുള്ള തെലുങ്കു സിനിമകള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നു. ഇന്ത്യന്‍ പ്രവാസികളില്‍ നല്ല പങ്ക് മലയാളികളാണെന്നത് തിരിച്ചറിഞ്ഞുള്ള തന്ത്രം കൂടിയാണ് തെലുങ്ക് സിനിമ നിര്‍മാതാക്കളുടേത്.

റീച്ച് കൂടുതല്‍

മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ പലമടങ്ങ് റീച്ചാണ് തെലുങ്ക് സിനിമകളില്‍ അഭിനയിക്കുന്ന മലയാളി താരങ്ങള്‍ നേടുന്നത്. അല്ലു അര്‍ജുന്റെ പുഷ്പ സീരീസില്‍ ഫഹദ് ഫാസില്‍, പ്രഭാസിന്റെ സലാര്‍ പാര്‍ട്ട്-ഒന്ന് സീസ്ഫയറില്‍ പൃഥ്വിരാജ് എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു. പ്രഭാസിന്റെ തന്നെ കല്‍ക്കി-2898 എ.ഡിയില്‍ ദുല്‍ഖര്‍ സല്‍മാന് ചെറുതെങ്കിലും ശ്രദ്ധേയമായ റോളുണ്ട്. മലയാളം പരിചിതമല്ലാത്ത വിപുല പ്രേക്ഷക സമൂഹത്തിലേക്ക് കടന്നു കയറുകയാണ് മലയാളി താരങ്ങള്‍. ഇതിനൊപ്പം സാങ്കേതിക സഹായം നല്‍കുന്ന നിരവധി സംരംഭകര്‍ക്കും തെലുങ്ക് സിനിമകളില്‍ അവസരം കിട്ടുന്നുണ്ട്.

Related Articles

Next Story

Videos

Share it