Begin typing your search above and press return to search.
സംസ്ഥാനത്ത് നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍; നിങ്ങളറിയേണ്ട കാര്യങ്ങള്‍
സംസ്ഥാനത്ത് നാലാം തീയതി മുതല്‍ ഒമ്പത് വരെ (ചൊവ്വ മുതല്‍ ഞായര്‍ വരെ) കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ണം. ശനി, ഞായര്‍ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കുമെന്നും അറിയിപ്പുണ്ട്. വേണമെങ്കില്‍ 10 ന് ശേഷം പ്രാദേശിക ലോക്ഡൗണ്‍ ആലോചിക്കുമെന്നുമാണ് ഇപ്പോള്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍. ഡി എം ആക്ട് ഉപയോഗിക്കേണ്ട സ്ഥലങ്ങളില്‍ അത് ഉപയോഗിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യാത്രാ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഓക്‌സിജന്‍ കൊണ്ട് പോകുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ല. ആംബുലന്‍സുകള്‍ക്കും ആശുപത്രി സന്ദര്‍ശനങ്ങള്‍ക്കും ഇളവുണ്ട്. ടിവി സീരിയല്‍ ഷൂട്ടിംഗ് അറിയിപ്പുണ്ടാകും വരെ നിര്‍ത്തി വെക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ പരസ്പരം കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിക്കണം. കച്ചവടക്കാര്‍ രണ്ട് മാസ്‌കുകള്‍ ധരിക്കണം. സാധിക്കുമെങ്കില്‍ കൈയ്യുറയും ഉപയോഗിക്കണം.
വീട്ടുസാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് കച്ചവടക്കാര്‍ മുന്തിയ പരിഗണന നല്‍കണം. ആവശ്യമുളള സാധനങ്ങളുടെ ലിസ്റ്റ് ഫോണിലോ വാട്‌സ്ആപ്പിലോ നല്‍കിയാല്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതിന് ഡെലിവറി ബോയ്‌സിനെ നിയോഗിക്കുന്നത് നന്നായിരിക്കും. മാര്‍ക്കറ്റിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത് സഹായകരമാകും. ഇതിനായി മാര്‍ക്കറ്റ് കമ്മിറ്റികളുടെ സേവനം തേടാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.
നിയന്ത്രണങ്ങള്‍ ഒറ്റ നോട്ടത്തില്‍
അത്യാവശ്യത്തിനല്ലാതെ ഇതിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ഹാളുകളിലും അടഞ്ഞ സ്ഥലങ്ങളിലും കൂട്ടം കൂടല്‍ ഒഴിവാക്കണം.
വിവാഹ, സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു കര്‍ശന നിയന്ത്രണങ്ങള്‍.
അത്യാവശ്യമല്ലാത്ത യാത്രകള്‍ അനുവദിക്കില്ല, അത്യാവശ്യ യാത്രകള്‍ക്ക് സത്യവാഗ്മൂലം വേണം.
തുണിക്കടകള്‍, ജ്വല്ലറികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയവ തുറക്കരുത്.
പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. പരമാവധി ഡോര്‍ ഡെലിവറി വേണം.
പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിക്കണം, 2 മാസ്‌കുകളും കയ്യുറയും ധരിക്കണം.
ആശുപത്രികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ടെലികോം, ഐടി, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവ മാത്രം പ്രവര്‍ത്തിക്കാം.
കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കു തടസ്സമില്ല.
ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഹോം ഡെലിവറിയും പാഴ്‌സല്‍ സര്‍വീസും മാത്രം.
വീടുകളിലെത്തിച്ചുള്ള മീന്‍ വില്‍പനയാകാം.
ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങള്‍ അത്യാവശ്യത്തിനു മാത്രം. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനും നിയന്ത്രണമുണ്ടാകും. ഇവ പൊലീസ് പരിശോധിക്കും.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കു പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം. സ്ഥാപനങ്ങൾ പരമാവധി വര്‍ക് ഫ്രം ഹോം അനുവദിക്കണം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യവസായ, നിര്‍മാണ യൂണിറ്റുകള്‍ക്കും മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. ജീവനക്കാര്‍ യാത്രയ്ക്കായി സത്യവാഗ്മൂലം കരുതണം.
Next Story
Videos