ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ചെറുപട്ടണങ്ങളിലേക്കും

കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായിക്കൊണ്ടിരിക്കുന്ന നഗരങ്ങളിലേക്ക് കൂടി ദേശീയ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടക്കത്തില്‍ ചെറുപട്ടണങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ആലോചനയെന്ന് ഭവന, നഗരകാര്യ വകുപ്പ് മന്ത്രാലയം ജോയ്ന്റ് സെക്രട്ടറി സഞ്ജയ് കുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ തന്നെ ഇത്തരത്തില്‍ ആലോചന തുടങ്ങിയിരുന്നുവെങ്കിലും ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതേകുറിച്ചുള്ള ചര്‍ച്ച സജീവമായിട്ടുണ്ട്. ഏകദേശം 35,000 കോടിയോളം രൂപ ഇതിനായി അധികം നീക്കിവെച്ചേക്കുമെന്നും സൂചനയുണ്ട്. ഈ വര്‍ഷം പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ ഒരു ലക്ഷം കോടിയിലേറെ രൂപ വകയിരുത്തിയിരുന്നു. കുറഞ്ഞത് 202 രൂപ പ്രതിദിനം കൂലി ഉറപ്പു വരുത്തുന്ന 100 തൊഴില്‍ ദിനങ്ങളാണ് ഗ്രാമീണ മേഖലയില്‍ പദ്ധതി പ്രകാരം നല്‍കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് നഗരങ്ങളിലുള്ളവര്‍ക്ക് കൂടി വരുമാനം ഉറപ്പു വരുത്തുന്ന പദ്ധതിയെകുറിച്ചുള്ള ആലോചന ഉയരുന്നത്.

വന്‍നഗരങ്ങളിലെ പദ്ധതികള്‍ക്ക് അവിദഗ്ധരായ തൊഴിലാളികളെ കൂടുതലായി ആശ്രയിക്കാനാവില്ല എന്നതിനാല്‍ ചെറുപട്ടണങ്ങളിലെ പദ്ധതികളിലാവും തുടക്കത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുക. റോഡ് നിര്‍മാണം, കിണര്‍ കുഴിക്കല്‍ തുടങ്ങിയ പദ്ധതികളിലെല്ലാം നിലവില്‍ പദ്ധതി പ്രകാരം തൊഴില്‍ നല്‍കുന്നുണ്ട്. ഏകദേശം 27 കോടി പേര്‍ ഇതിന്റെ ആനുകൂല്യം നേടുന്നുണ്ടെന്നാണ് കണക്ക്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ നഗരങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ കോവിഡ് തൊഴില്‍രഹിതരാക്കുകയും ഏത് ജോലിയും സ്വീകരിക്കാന്‍ തക്കവണ്ണം ദാരിദ്ര്യത്തില്‍ കൊണ്ടെത്തിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചിരുന്നു. 12.1 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും തൊഴിലില്ലായ്മ നിരക്ക് 23 ശതമാനത്തിലേക്ക് ഉയര്‍ന്നതായും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കുകളും പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it