ലക്ഷ്യം അടിത്തട്ടിലെ രോഷം ശമിപ്പിക്കല്‍; മോദി 3.0 ആദ്യ തീരുമാനങ്ങളിലെ സൂചനകള്‍ വ്യക്തം

പ്രതിപക്ഷത്തിന്റെ ശക്തമായ വെല്ലുവിളി നേരിട്ടാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ മൂന്നാംവട്ടവും അധികാരത്തിലേറിയത്. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സഖ്യകക്ഷികളുടെ സഹായത്തോടെ വലിയ തലവേദനകളില്ലാതെ ഭരിക്കാനുള്ള സാഹചര്യം ബി.ജെ.പിക്കുണ്ട്.
സാമ്പത്തികമായി താഴേത്തട്ടിലുള്ളവരുടെ പിന്തുണയില്‍ കുറവു വന്നുവെന്ന് മനസിലാക്കിയ മോദിയും ബി.ജെ.പിയും മൂന്നാം ടേമില്‍ ഈ വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യം ഒപ്പിട്ട ഫയല്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 2,000 രൂപ വീതം നല്‍കുന്നത് പദ്ധതിയുടേതായിരുന്നു. 20,000 കോടി രൂപയാണ് ഇത്തരത്തില്‍ 9.3 കോടി കര്‍ഷകരിലേക്ക് എത്തിയത്.
3 കോടി വീടുകള്‍ നിര്‍മിക്കും
തിങ്കളാഴ്ച ചേര്‍ന്ന ആദ്യ മന്ത്രിസഭ യോഗത്തിലെ തീരുമാനവും അടിസ്ഥാന വര്‍ഗത്തെ ഉന്നമിട്ടുള്ളതായിരുന്നു. പ്രധാന്‍മന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയില്‍ 3 കോടി വീടുകള്‍ കൂടി നിര്‍മിക്കുന്നതിനുള്ള അംഗീകരമാണ് മന്ത്രിസഭ നല്‍കിയത്. സംസ്ഥാന സര്‍ക്കാരുകളുടെ കൂടി പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
2015-16 സാമ്പത്തികവര്‍ഷം തുടങ്ങിയ പി.എം.എ.വൈ പദ്ധതിയില്‍ ഇതുവരെ 4.21 കോടി ഭവനങ്ങളാണ് നിര്‍മിച്ചത്. ശൗചാലയം, എല്‍.പി.ജി കണക്ഷന്‍, വൈദ്യുതി, കുടിവെള്ള പൈപ്പ് മുതലായവ ഉള്ള ഭവനങ്ങളാണ് പദ്ധതിയില്‍പ്പെടുത്തി നിര്‍മിക്കുന്നത്.
കൂടുതല്‍ പണലഭ്യത
ഗ്രാമങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വിപണിയില്‍ കൂടുതല്‍ പണമൊഴുക്ക് ശക്തമാക്കുകയും ചെയ്യാനുള്ള നടപടികള്‍ കേന്ദ്രത്തില്‍ നിന്ന് വരുംദിവസങ്ങളില്‍ ഉണ്ടായേക്കാം. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയോട് മോദിക്ക് വലിയ താല്പര്യമില്ലായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഈ പദ്ധതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ സാധ്യതയുണ്ട്.
Related Articles
Next Story
Videos
Share it