Begin typing your search above and press return to search.
ഇന്ത്യയിലെ ഈ നഗരങ്ങളിലോടും കൊച്ചി മോഡല്‍ വാട്ടര്‍ മെട്രോ, കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഇങ്ങനെ
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി മാതൃകയാക്കി കൂടുതല്‍ നഗരങ്ങളില്‍ വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്ത, മുംബയ്, ഗുവാഹത്തി, ഗോവ തുടങ്ങിയ സ്ഥലങ്ങളിലാണ് കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ സര്‍വീസ് തുടങ്ങാന്‍ ആലോചിക്കുന്നതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന മാരിടൈം ആന്‍ഡ് വാട്ടര്‍വേസ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസാണ് കൊച്ചിയിലേത്.
കഴിഞ്ഞ വര്‍ഷം സര്‍വീസ് ആരംഭിച്ച വാട്ടര്‍ മെട്രോ കൊച്ചി നഗര ഗതാഗതത്തില്‍ വലിയ മാറ്റമുണ്ടാക്കിയിരുന്നു. വാട്ടര്‍ മെട്രോ സന്ദര്‍ശിക്കാന്‍ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെത്തിയത് വിനോദ സഞ്ചാര മേഖലയ്ക്കും ഉണര്‍വ് നല്‍കി. ചെറിയ നിരക്കില്‍ എസി ബസില്‍ യാത്ര ചെയ്യാന്‍ കഴിയുന്നതും വാട്ടര്‍ മെട്രോയെ ജനപ്രിയമാക്കി. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍- ബോല്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി സര്‍വ്വീസ് നടത്തുന്നത്. പുതിയ ടെര്‍മിനലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വ്വീസ് നടത്തും.
Next Story
Videos