Begin typing your search above and press return to search.
മസ്‌കിന് 3.76 ലക്ഷം കോടി രൂപ പ്രതിഫലം നല്‍കും, കോടതി വിധിയെ വെട്ടി ടെസ്ല ഓഹരിയുടമകള്‍
ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനി ടെസ്ലയുടെ സി.ഇ.ഒ എലോണ്‍ മസ്‌കിന് 45 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 3,76,000 കോടി രൂപ) പ്രതിഫലം നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി ഓഹരി ഉടമകള്‍. അമേരിക്കയിലെ ഡെലാവെയര്‍ സ്റ്റേറ്റിലെ കോടതി മസ്‌കിന് പ്രതിഫലം നല്‍കാനുള്ള കരാര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നില്ലെന്നും മസ്‌കിന് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. ഓഹരിയുടമകളുടെ തീരുമാനം പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിലും ടെസ്ലക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചു. കമ്പനിയുടെ ഓഹരി 3 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്.
ടെസ്ലയുടെ ഓഹരിവില വര്‍ധിച്ച 2021ല്‍ മസ്‌കിന്റെ പ്രതിഫലം 56 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ഓഹരി വില ഇടിഞ്ഞതിനെ തുടര്‍ന്ന് മസ്‌കിന്റെ പ്രതിഫലവും കുറഞ്ഞു. 2018ലാണ് മസ്‌കിന് ഇത്രയും തുക നല്‍കാന്‍ ടെസ്ല തീരുമാനിക്കുന്നത്. 2024 ജനുവരിയില്‍ മസ്‌കിനെതിരെ ചില ഓഹരിയുടമകള്‍ കോടതിയെ സമീപിക്കുകയും പ്രതിഫല കരാര്‍ റദ്ദാക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ടെക്‌സസില്‍ നടന്ന ഓഹരിയുടമകളുടെ യോഗത്തിലാണ് മസ്‌കിന് അനുകൂലമായ തീരുമാനമുണ്ടായത്. ഏറ്റവും മികച്ച ഓഹരിയുടമകളെയാണ് തനിക്ക് ലഭിച്ചതെന്നായിരുന്നു വാര്‍ത്തയോട് മസ്‌കിന്റെ പ്രതികരണം. എന്നാല്‍ കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ തീരുമാനം നിലനില്‍ക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ വീണ്ടും കോടതിയില്‍ പോകുമെന്ന് മസ്‌കിനെ എതിര്‍ക്കുന്നവരും പറയുന്നു.
ടെസ്ലയെന്നാല്‍ മസ്‌ക് തന്നെ
തന്റെ പ്രതിഫലം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ മസ്‌ക് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ടെസ്ലയില്‍ താന്‍ ഉണ്ടാകില്ലെന്ന് വരെ അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇനിയും ടെസ്ല മോട്ടോര്‍സിനെ മസ്‌ക് തന്നെ നയിക്കുമെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍. 2023ലെ കണക്കനുസരിച്ച് മസ്‌കിന് ടെസ്ലയുടെ 20.5 ശതമാനം ഓഹരികളാണുള്ളത്. മസ്‌കില്ലാത്ത ടെസ്ലയെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും അദ്ദേഹത്തിന്റെ കീഴിലാണ് കമ്പനി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയെന്നും പ്രമുഖ നിക്ഷേപകന്‍ റോണ്‍ ബാരോണ്‍ അഭിപ്രായപ്പെട്ടു.
Next Story
Videos