ചെറുകിട വനിതാസംരംഭകര്‍ക്ക് കൈത്താങ്ങ്; ഷോപ്പ് സ്മോള്‍ ഡേയ്സ് സംഘടിപ്പിച്ച് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

ചെറുകിട വ്യാപാര മേഖലയെ സഹായിക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് നടപ്പാക്കി വരുന്ന റീസ്റ്റാര്‍ട്ട് ഇന്ത്യ എന്ന സാമൂഹിക ഉന്നമന പദ്ധതിയുെട ഭാഗമായി ചെറുകിട വനിതാ സംരംഭകര്‍ക്കായി ഷോപ്പ് സ്മോള്‍ ഡേയ്സ് സംഘടിപ്പിച്ചു. കൊച്ചി എംജി റോഡിലുള്ള മുത്തൂറ്റ് ടവേഴ്സിലെ കമ്പനി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ 15 വനിതാസംരംഭകര്‍ പങ്കെടുത്തു.

കോവിഡ് മൂലം വില്‍പ്പനയില്‍ ഇടിവു വന്ന ചെറുകിട വനിതാ സംരംഭകരെ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പദ്ധതിയുടെ ചുമതലയുള്ള ടീനാ മുത്തൂറ്റ് പറഞ്ഞു. ഇവരുടെ നിര്‍മാണ ആവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃതവസ്തുക്കള്‍ വാങ്ങുന്നതിന് റീസ്റ്റാര്‍ട്ട് ഇന്ത്യയുടെ ഭാഗമായി ധനസഹായം നല്‍കുകയായിരുന്നു പദ്ധതിയുടെ ആദ്യ പടി.
ഇതേത്തുടര്‍ന്ന് നിര്‍മിച്ച സ്പൈസ് ഉല്‍പ്പന്നങ്ങള്‍, ഇന്‍ഡോര്‍ പ്ലാന്റ്സ്, സ്നാക്കുകള്‍, റെഡിമേഡ് വസ്ത്രങ്ങള്‍, അലങ്കാരവസ്തുക്കള്‍ തുടങ്ങിയവയുമായാണ് രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ വനിതാസംരഭകര്‍ എത്തിയത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ മധ്യകേരളത്തിലെ വിവിധ ശാഖകലില്‍ നിന്നെത്തിയ സ്റ്റാഫംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയത്. കൊണ്ടു വന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങളും വിറ്റഴിഞ്ഞു.
ഏതാണ്ട് 1.2 ലക്ഷം രൂപയുടെ വില്‍പ്പന നടന്നുവെന്നാണ് കണക്കാക്കുന്നത്. എന്‍എംഎസ്എംഇ മേഖലയിലെ വലിയൊരു വിഭാഗമായ ചെറുകിട വനിതാസംരംഭകര്‍ക്കായി ഇങ്ങനെ ഒരു പദ്ധതി നടപ്പക്കാനായതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും ടീനാ മുത്തൂറ്റ് പറഞ്ഞു. പദ്ധതിയുടെ വിജയത്തെത്തുടര്‍ന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ മറ്റ് റീജിയണല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചും ഷോപ്പ് സ്മോള്‍ ഡേയ്സ് സംഘടിപ്പിക്കാന്‍ ആലോചനയുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it