Begin typing your search above and press return to search.
ഗൾഫ് സെക്ടർ പിടിക്കണം, കേരളത്തിൽ നിന്നും ഒരു എയർ ലൈൻ കമ്പനി കൂടി ഉടൻ, പദ്ധതി ഇങ്ങനെ
കേരളത്തിൽ നിന്നും ഒരു എയർ ലൈൻ കമ്പനി കൂടി ഉടൻ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. എയർ ടിക്കറ്റിംഗ്, ടൂർ ഓപ്പറേറ്റിംഗ്, വിസ രംഗത്ത് പ്രവർത്തിക്കുന്ന അൽ ഹിന്ദ് ഗ്രൂപ്പാണ് പുതിയ എയർ ലൈനിനു പിന്നിൽ. ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ഉദ്യമമെന്ന് സി എൻ ബി സി റിപ്പോർട്ട് ചെയ്യുന്നു.
ഗൾഫ് മേഖലയിൽ നിലവിൽ വിവിധ തരത്തിലുള്ള ഉപയോക്താക്കളെ സൃഷ്ടിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും 20,000 കോടി രൂപയുടെ വരുമാനം ഉണ്ടെന്നും കമ്പനി പ്രൊമോട്ടർമാരിൽ ഒരാളായ മുഹമ്മദ് ഹാരിസ് പറഞ്ഞു. മാത്രവുമല്ല വിവിധ എയർ ലൈൻ കമ്പനികൾക്ക് വേണ്ടി യാത്രാ ബുക്കിംഗ് നടത്തുവാൻ വേണ്ട ജനറൽ സെയിൽസ് ഏജന്റ് ലൈസൻസും ഗ്രൂപ്പിനുണ്ട്. എയർ ലൈൻ തുടങ്ങുന്നതിനുള്ള സുരക്ഷാ പരിശോധന പൂർത്തിയായി. അവസാന ഘട്ട അനുമതി മാത്രമാണ് ബാക്കി. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് ( എൻ. ഒ. സി ), ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് എന്നിവ മാത്രമാണ് ഇനി ലഭിക്കാനുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
പദ്ധതി ഇങ്ങനെ
എ ടി ആർ സീരിസിലെ വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര സർവീസ് നടത്താനാണ് ആദ്യ ഘട്ടത്തിൽ ആലോചിക്കുന്നത്. വിദേശ സർവീസുകൾക്കായി എയർബസ് എ 320 വിമാനങ്ങൾ ഉപയോഗിക്കും. കമ്പനി 30 വർഷത്തിനിടെ വളർത്തിയെടുത്ത കസ്റ്റമർ ബേസ് പുതിയ സർവീസ് തുടങ്ങുമ്പോൾ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. കേരളം അടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കും തായ്‌ലൻഡ്, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാരുടെ പിന്തുണ ലഭിക്കുമെന്നും കമ്പനി കരുതുന്നു.
എയർ കേരള
നേരത്തെ പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ എയർ കേരള എന്ന പേരിൽ വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ ആഭ്യന്തര സർവീസുകൾ നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും കമ്പനി അധികൃതർ അറിയിച്ചിരുന്നു. പ്രാദേശിക എയർ ലൈൻ കമ്പനിയായ സെറ്റ് ഫ്ലൈ ഏവിയേഷനുമായി ചേർന്ന് ടയർ 2, ടയർ 3 നഗരങ്ങളെ ബന്ധിപ്പിച് അടുത്ത വർഷം മുതൽ സർവീസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി അധികൃതർ. എ ടി ആർ 72-600 വിമാനങ്ങൾ ഉപയോഗിച്ചാണ് ആദ്യ ഘട്ടത്തിൽ സർവീസുകൾ നടത്തുക.
Next Story
Videos