കോവിഡ് ടെസ്റ്റ് റിസള്‍ട്ട് 30 മിനിട്ടുകള്‍ക്കകം സ്മാര്‍ട് ഫോണില്‍; പുതിയ പഠനം

ആലോചിച്ച് നോക്കൂ, കോവിഡ് പരിശോധനയ്ക്കുള്ള ശ്രവം പരിശോധനയ്ക്ക് എടുത്ത് ഒരു ഡിവൈസിലേക്ക് വയ്ക്കുന്നതും 15 മുതല്‍ പരമാവധി 30 മിനിട്ടുകള്‍ക്കകം അതിന്റെ റിസള്‍ട്ടുകള്‍ ഫോണ്‍ സന്ദേശങ്ങള്‍ പോലെ നിങ്ങള്‍ക്ക് ലഭിക്കുന്നതും. അത്തരമൊരു സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തത്തിലാണ് സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്ക്‌ലി, ഗ്ലാഡ്‌സ്‌റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക സംഘം. കോവിഡ് ടെസ്റ്റുകള്‍ വലിയൊരു ജനതയ്ക്ക് ഏറ്റവുമെളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയുക എന്നത് രോഗ നിര്‍ണയത്തിലും നിയന്ത്രണത്തിലും ഏറെ പ്രാധാന്യം വഹിക്കുന്ന ഒന്നാണ്. ഈ മേഖലയിലെ ഏറ്റവും ആധുനിക പരീക്ഷണങ്ങളാണ് ഗ്ലാഡ്‌സ്‌റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക സംഘം നടത്തുന്നത്.

രോഗം സ്ഥിരീകരിക്കുന്നതിലെ കാലതാമസവും എളുപ്പത്തില്‍ ടെസ്റ്റ് നടത്താനുള്ള മാര്‍ഗങ്ങളുടെ അഭാവവുമാണ് പലപ്പോഴും രോഗ വ്യാപനത്തിന് കാരണമാകുന്നത്. ടെസ്റ്റ് നടത്തി ദിവസങ്ങളോളം റിസള്‍ട്ടിനായി കാത്തിരിക്കുന്ന അവസ്ഥയാണ് ലോകത്തിന്ന് പലഭാഗത്തുമുള്ളത്. മാത്രമല്ല രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് രോഗമുണ്ടോ എന്നുപോലും പരിശോധിക്കാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്. എന്നാല്‍ വളരെ എളുപ്പത്തില്‍ ടെസ്റ്റ് ചെയ്യാനും ഫലം ലഭിക്കാനും കഴിയും എന്നു വന്നാല്‍ പോസിറ്റിവിറ്റി നിരക്കും കുറയ്ക്കാം. ഇതിലേക്കാണ് തങ്ങളുടെ പുതിയ പഠനങ്ങളെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന മെലാനി ഓറ്റ്, പരിനാസ് ഫസൗനി എന്നിവര്‍ വ്യക്തമാക്കുന്നു.

യുസി ബെര്‍ക്ക്‌ലി ബയോ എന്‍ജിനീയറായ ഡാനിയേല്‍ ഫ്‌ളെച്ചര്‍, ജെനിഫര്‍ ഡോഡ്‌നാ എന്നിവരുമായി ചേര്‍ന്നാണ് ഇവര്‍

ഈ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്. യുസി ബെര്‍ക്ക്‌ലിയിലെ ഇന്നോവേറ്റീവ് ജീനോമിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഇന്‍വെസ്റ്റിഗേറ്ററായ പ്രൊഫസര്‍ ജെനിഫറിനാണ് രസതന്ത്രത്തിലെ 2020 നോബേല്‍ സമ്മാനം ലഭിച്ചത്. സിആര്‍ഐഎസ്പിആര്‍- കാസ് ജീനോം എഡിറ്റിംഗിനായിരുന്നു ഇത്. ഇതേ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയാണ് പുതിയ കണ്ടുപിടുത്തങ്ങളും പുരോഗമിക്കുന്നത്.

നെഗറ്റീവോ പോസിറ്റീവോ എന്ന ടെസ്റ്റ് റിസള്‍ട്ട് മാത്രമല്ല ഈ പുതിയ സാങ്കേതിക വിദ്യ ലഭ്യമാക്കുക. കോവിഡ് പരത്തുന്ന സാര്‍സ്- കോ-വി-2 വൈറസുകളുടെ സാന്നിധ്യത്തിന്റെ തോതും രോഗവ്യാപനവും രോഗത്തിന്റെ കാഠിന്യവും എല്ലാം ഇത്തരത്തില്‍ നടത്തുന്ന സാംപിള്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയും. ഇന്‍ഫെക്ഷന്‍ കുറയുന്നുണ്ടോ കൂടുന്നുണ്ടോ എന്നത് പരിശോധിക്കുന്നതില്‍ ഇത് ഏറെ നിര്‍ണായകമായേക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it