Begin typing your search above and press return to search.
ഭീതിയേറുന്നു; ജനിതക മാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും
കൊറോണ വൈറസ് വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയിട്ടുള്ളത്. ബെംഗളൂരുവിലെ നിം ഹാന്‍സില്‍ ചികിത്സയിലുള്ള മൂന്ന് പേര്‍ക്കും, ഹൈദരാബാദ് സി.സി.എംബിയില്‍ ചികിത്സയിലുള്ള 2 പേര്‍ക്കും, പുനെ എന്‍.ഐ.വിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കുമാണ് പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.
എല്ലാ രോഗികളെയും അതത് സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ പ്രത്യേക പരിരക്ഷാ സൗകര്യങ്ങളോടെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുന്നതായാണ് വിവരം. ഇവരുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരെയും ക്വാറന്റീന് വിധേയമാക്കിയിട്ടുണ്ട്.
ഇവരോടൊപ്പം യാത്ര ചെയ്തവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമായി സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ സാന്നിധ്യം തന്നെ തെക്കേ ഇന്ത്യയിലാണെന്നതിനാല്‍ സംസ്ഥാനങ്ങളെല്ലാം അതീവ സുരക്ഷാ നടപടികള്‍ കൈക്കൊള്ളുവാന്‍ തീരുമാനമാക്കിയിട്ടുണ്ട്. നവംബര്‍ 25 നും ഡിസംബര്‍ 23 നും ഇടയില്‍ 33,000 യാത്രക്കാരാണ് യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത്. അവരില്‍ 114 പേര്‍ക്കാണ് പോസിറ്റീവ് ആയിരുന്നത്.
പുതിയ കൊറോണ വൈറസ് വകഭേദം 70 ശതമാനം കൂടുതല്‍ പകര്‍ച്ചവ്യാധിയുടെ സാധ്യകളുള്ളതാണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇത് കൂടുതല്‍ മാരകമാണെന്നോ വാക്സിന്‍ ഫലപ്രദമാകില്ലെന്നോ കരുതാന്‍ ഇതുവരെ തക്ക കാരണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ ഡിസംബര്‍ 14 നാണ് ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയ കാര്യം സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവാണ് വൈറസിന് രൂപമാറ്റം വന്നതായി വക്തമാക്കിയത്. ബ്രിട്ടനില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണവൈറസ് കേസുകളിലെല്ലാം പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ഇന്ത്യയില്‍ പുതിയ വകഭേദം സ്ഥിരീകരിച്ചതിനാല്‍ വൈറസ് വ്യാപനം തടയാനായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പലയിടത്തും മുന്‍പുണ്ടായ നിയന്ത്രണങ്ങള്‍ ഒരുപരിധി വരെ എടുത്തുകളഞ്ഞിരിക്കുകയാണ്. പുതിയ വൈറസിന് രോഗവ്യാപനതോത് കൂടുതലാണെന്ന് സ്ഥിരീകരിച്ചതിനാല്‍ കനത്ത ജാഗ്രത തന്നെ വേണമെന്നാണ് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അഭിപ്രായപ്പെടുന്നത്. സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യങ്ങളുയരുന്നുണ്ട്. ന്യൂ ഇയര്‍ ആയതിനാല്‍ തന്നെ സമൂഹ വ്യാപനം തടയാനുള്ള നീക്കങ്ങളിലേക്കാകും കടക്കുക.
Next Story
Videos