Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 02, 2021
മുത്തൂറ്റ് ഫിനാന്‍സ് അറ്റാദായം 3,722 കോടി രൂപ; 23 ശതമാനം വര്‍ധന
വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 3,722 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷത്തെ 3,018 കോടി രൂപയെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനവാണിത്. കമ്പനിയുടെ വായ്പാ ആസ്തികള്‍ 2021 മാര്‍ച്ച് 31-ലെ കണക്കു പ്രകാരം 26 ശതമാനം വര്‍ധനവോയെ 52,622 കോടി രൂപയിലും എത്തിയിട്ടുണ്ട്. പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 200 ശതമാനം ലാഭവിഹിതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മുത്തൂറ്റ് ഫിനാന്‍സിന്റെ ആകെ വായ്പാ ആസ്തി 2021 സാമ്പത്തിക വര്‍ഷത്തില്‍ 24 ശതമാനം വര്‍ധിച്ച് 58,280 കോടി രൂപയിലെത്തി. നികുതിക്കു ശേഷമുള്ള സംയോജിത ലാഭം 21 ശതമാനം വര്‍ധിച്ച് 3,819 കോടി രൂപയിലുമെത്തി. പുതിയ ചെയര്‍മാനായി ജോര്‍ജ് ജേക്കബ് മുത്തൂറ്റ് നിയമിതനായി.
പുതുക്കിയ വാടക നിയമത്തിന് മന്ത്രിസഭ അംഗീകാരം
പുതുക്കിയ വാടക നിയമത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തിരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള വാടക നിയമങ്ങള്‍ ഉചിതമായ രീതിയില്‍ ഭേദഗതി ചെയ്യുകയോ പുതിയ നിയമനിര്‍മ്മാണം നടത്തുകയോ ചെയ്യാന്‍ സാധിക്കും. പുതിയ നിമയമപ്രകാരം വാടകക്കാരന്റെ അഡ്വാന്‍സ് സെക്യൂരിറ്റി ഡെപ്പോസിറ്റ് പരമാവധി രണ്ട് മാസത്തെ വാടക മാത്രമേ വാങ്ങാവൂ.മാത്രമല്ല താമസ ആവശ്യത്തിന് അല്ലേങ്കില്‍ 6 മാസത്തെ വാടക മുന്‍കൂറായി വാങ്ങാമെന്നും നിയമത്തില്‍ പറയുന്നു.വാടക കൂട്ടണമെങ്കില്‍ മൂന്ന് മാസം മുന്‍പ് തന്നെ രേഖാ മൂലം അറിയിക്കണം.
കൂടുതല്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് കേരളം; കര്‍മ പദ്ധതി ഒരുങ്ങുന്നു
കേരളത്തിലേക്ക് കൂടുതല്‍ വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും ഇതിലൂടെ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനുമായി സമഗ്ര കര്‍മ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നത് വ്യവസായ മന്ത്രി പി രാജീവ്. അതിന്റെ ഭാഗമായി കേരളത്തിലെ വിവിധ വ്യവസായികളുമായി ഓണ്‍ലൈനില്‍ സംസാരിച്ചു. നൂറുദിനം, ഒരു വര്‍ഷം, അഞ്ചു വര്‍ഷം എന്നിങ്ങനെ കാലപരിധി നിശ്ചയിച്ചുകൊണ്ടാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിലും പ്രകടന പത്രികയിലുമുള്‍പ്പെടുത്തിയിട്ടുള്ള പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയാവും കര്‍മപദ്ധതി തയ്യാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്‌കരണ വ്യവസായ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കും. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ മൂന്നു ലക്ഷം യൂണിറ്റുകള്‍ തുടങ്ങാനും ആറു ലക്ഷം തൊഴില്‍ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഡയറക്റ്റ് ടു കസ്റ്റമര്‍ മോഡല്‍ അവതരിപ്പിക്കാനൊരുങ്ങി മെഴ്‌സിഡസ് ബെന്‍സ്
റീറ്റെയ്ല്‍ ഓഫ് ദി ഫ്യൂച്ചര്‍ (ROTF) എന്ന പുതിയ 'ഡയറക്റ്റ് ടു കസ്റ്റമര്‍' വില്‍പ്പന മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് മെഴ്സിഡസ് ബെന്‍സ് പ്രഖ്യാപിച്ചു. ഈ പുതിയ സെയില്‍സ് മോഡലിലൂടെ മെഴ്സിഡസ് അതിന്റെ കാറുകളുടെ മുഴുവന്‍ സ്റ്റോക്കും ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍പ്പന നടത്തും. ഡീലര്‍മാരിലൂടെ കാറുകള്‍ വാങ്ങാന്‍ അവസരമുള്ളപ്പോഴും വില്‍പ്പന നടത്തുക കമ്പനി നേരിട്ടായിരിക്കും. ഇതോടെ മെഴ്‌സിഡസ് കാറുകള്‍ വിവിധ ഷോറൂമുകളിലൂടെയും ഓണ്‍ലൈന്‍ സെയില്‍സ് പോര്‍ട്ടലിലൂടെയും ഉപഭോക്താവിന് നേരിട്ട് തന്നെ വാങ്ങാനാകും.
4.5 ബില്യണ്‍ ഡോളര്‍ കമ്പനിയാകാനൊരുങ്ങി നൈക്ക
ഈ സാമ്പത്തിക വര്‍ഷം 4.5 ബില്യണ്‍ ഡോളറിന്റെ മൂല്യത്തോടെ ഐപിഒ നടത്താന്‍ ബ്യൂട്ടി ബ്രാന്‍ഡ് ആയ നൈക്ക പദ്ധതിയിടുന്നു. ജൂലൈയിലായിരിക്കും കമ്പനി ഐപിഓയ്ക്ക് ഇറങ്ങുക. ജനുവരിയില്‍ കമ്പനിയുടെ മൂല്യം 3 ബില്യണ്‍ ഡോളറായിരുന്നു. നാലര ബില്യണിലേക്ക് മൂല്യമുയര്‍ത്തുകയാണെന്നും 500 മില്യണ്‍ മുതല്‍ 700 മില്യണ്‍ ഡോളര്‍ വരെയായിരിക്കും ഐപിഒ നിലനിര്‍ത്തുകയെന്ന് ആഭ്യന്തര ചര്‍ച്ചകളെക്കുറിച്ച് നേരിട്ട് അറിയുന്നവര്‍ പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മെയ് മാസത്തെ വാഹന വില്‍പ്പന ഇടിഞ്ഞു
കോവിഡ് തംരംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് വാഹന വിപണിക്ക് തിരിച്ചടിയായി. രാജ്യത്ത് മേയ് മാസത്തില്‍ വാഹന വില്‍പ്പന കുത്തനെ ഇടിഞ്ഞെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയിലെ മുന്‍ വാഹനനിര്‍മ്മാതാക്കളായ മാരുതിക്ക് 71 ശതമാനം ഇടിവാണ് മേയ് മാസത്തില്‍ വില്‍പ്പനയില്‍ സംഭവിച്ചത്. 1,59,691 വാഹനങ്ങളാണ് ഏപ്രില്‍ മാസത്തില്‍ വിറ്റുപോയതെങ്കില്‍ മേയ് മാസത്തില്‍ ഇത് വെറും 46,555 മാത്രമാണ്. ഹുണ്ടായ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹോണ്ട എന്നീ കമ്പനികള്‍ക്കും വില്‍പ്പന വലിയ രീതിയില്‍ ഇടിഞ്ഞു. ഹ്യുണ്ടായ് ആകെ 30,703 കാറുകളാണ് മേയ് മാസത്തില്‍ വിറ്റത്. ടാറ്റ ആകെ 24,552 കാറുകളാണ് മേയ് മാസത്തില്‍ വിറ്റത്. ഏപ്രില്‍ മാസത്തില്‍ ഇത് 59,203 ആയിരുന്നു. മറ്റ് കമ്പനികള്‍ക്കും സമാനമായ കുറവ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
ഇന്‍സൈഡര്‍ ട്രേഡിഗ് നടത്തിയ ഇന്‍ഫോസിസിലെ രണ്ട് ഉന്നതര്‍ക്ക് സെബിയുടെ വിലക്ക്
ഇന്‍സൈഡര്‍ ട്രേഡിംഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഫോസിസിലെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ വിലക്കി. പ്രശാന്ത് ബത്ര, വെങ്കട സുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് ഓഹരി വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയത്. 2020 ജൂലായില്‍ പ്രവര്‍ത്തനഫലം പുറത്തുവിടുംമുമ്പ് കമ്പനിയിലെ വിവരങ്ങള്‍ അറിഞ്ഞ് മുന്‍കൂട്ടി വ്യാപാരംനടത്തിയതുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ സെബിയുടെ വിലക്ക് വന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിലും ഓട്ടോ, മെറ്റല്‍ ഓഹരികളിലും ഇന്ന് നിക്ഷേപകര്‍ ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ചത് ഓഹരി വിപണിയെ താങ്ങി നിര്‍ത്തി. ലാഭമെടുക്കലും എണ്ണ വിലക്കയറ്റം സൃഷ്ടിക്കുന്ന ഭീതിയും മൂലം താഴ്ചയിലേക്ക് പോയ വിപണി സൂചികകള്‍, ഇന്നലത്തേതിന് സമാനമായി വലിയ നഷ്ടമോ നേട്ടമോ ഇല്ലാതെ ക്ലോസ് ചെയ്യാനിടയാക്കിയത് ഈ ഘടകമാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 71 ഡോളറിലേക്ക് കയറുന്നത് വിപണിയെ ആശങ്കപ്പെടുത്തുന്നുണ്ട്. സെന്‍സെക്സ് 85 പോയ്ന്റ് അഥവാ 0.16 ശതമാനം ഇടിഞ്ഞ് 51,849 ല്‍ ക്ലോസ് ചെയ്തു. ഐടിസി ഓഹരി വില ഇന്ന് മൂന്ന് ശതമാനത്തോളം ഇടിഞ്ഞു. റിലയന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എസ്ബിഐ എന്നിവയുടെ ഓഹരി വില രണ്ടുശതമാനത്തിലേറെ ഉയര്‍ന്നു. നിഫ്റ്റി ഒരു ശതമാനം ഉയര്‍ന്ന് 15,576 ലെത്തി.
കേരള കമ്പനികളുടെ പ്രകടനം
ഭൂരിഭാഗം കേരള കമ്പനികളുടെയും ഓഹരി വിലകള്‍ ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തി. മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വിലകള്‍ ഇന്ന് എട്ടുശതമാനത്തിലേറെ ഉയര്‍ന്നു. ഇന്ന് പുറത്തുവിട്ട മികച്ച റിസള്‍ട്ട് കമ്പനിയുടെ ഓഹരി വിലയുടെ കുതിപ്പിന് കാരണമായി. 2021 സാമ്പത്തിക വര്‍ഷത്തില്‍ 3,722 കോടി രൂപയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ധന. പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് 200 ശതമാനം ലാഭവിഹിതം നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
Next Story
Videos