ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 12, 2021

കോവിഡ് രണ്ടാം തരംഗം; രാജ്യത്തിന്റെ വളര്‍ച്ചാ പ്രതീക്ഷ താഴ്ത്തി നോമുറ

ഇന്ത്യയുടെ വളര്‍ച്ച 13.5 ശതമാനത്തില്‍ നിന്ന് 12.6 ശതമാനമായി പുതുക്കി ഗ്ലോബല്‍ ബ്രോക്കറേജ് നോമുറ. കോവിഡ് 19 ന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതുക്കല്‍ നടത്തിയിരിക്കുന്നത്. കോവിഡ് - 19 ന്റെ രണ്ടാമത്തെ തരംഗം വഷളായാല്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 12.2 ശതമാനമായി കുറയുമെന്ന് മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു റിപ്പോര്‍ട്ടില്‍ നോമുറ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യയുടെ വീണ്ടെടുക്കല്‍ 'കെ ആകൃതിയിലുള്ള'തെന്ന് മുന്‍ ആര്‍ബിഐ മേധാവി ദുവ്വുരി സുബ്ബറാവു

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ കെ ഷേപ്ഡ് ആകാന്‍ സാധ്യതയുണ്ടെന്ന് മുന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ദുവ്വുരി സുബ്ബറാവു. കോവിഡ് പ്രതിസന്ധിയോടെ രാജ്യത്ത് ഉടലെടുത്തിരിക്കുന്ന അസമത്വമാകും ഇതിന് കാരണമാകുക. അസമത്വം ധാര്‍മിക പ്രശ്‌നമെന്നതിലുപരി ഉപഭോഗം ഇല്ലാതാക്കുകയും ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളെ വ്രണപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിനോട് പ്രതികരിച്ചു.

സപുട്‌നിക് വാക്‌സിന് അടിയന്തിര അനുമതി

സ്പുട്‌നിക് വാക്‌സിന് രാജ്യത്ത് അടിയന്തിര അനുമതി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്‌കോ) സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയില്‍ നിന്നാണ് സ്പുട്‌നിക്- V ക്ക് അടിയന്തിര അനുമതി ലഭിച്ചത്. കോവി ഷീല്‍ഡിനും കോവാക്‌സിനും ശേഷം ഇന്ത്യയിലെ ഉപയോഗ അനുമതി നേടുന്ന മൂന്നാമത്തെ വാക്സിനായി മാറും റഷ്യയുടെ ഈ വാക്‌സിന്‍. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഎഫ്) ആണ് വാക്‌സിനു ധനസഹായം ചെയ്തിട്ടുള്ളത്.

120 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഫ്‌ളൈറ്റുകളില്‍ ഭക്ഷണമില്ല

രണ്ട് മണിക്കൂര്‍ വരെയുള്ള വിമാന യാത്രയില്‍ ഭക്ഷണം വിളമ്പൽ നിരോധിച്ചു. മാര്‍ച്ച് ആദ്യ വാരം രാജ്യത്ത് ഉണ്ടായ രണ്ടാം തരംഗം രൂക്ഷമായതാണ് പുതിയ തീരുമാനത്തിന് പിന്നില്‍. പുതിയ തീരുമാനം അനുസരിച്ച് 120 മിനിറ്റ് ദൈര്‍ഘ്യമുള്ള വിമാനങ്ങളില്‍ ഭക്ഷണം നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. മറ്റ് ഫ്‌ളൈറ്റുകളില്‍ ഓരോ ഭക്ഷണ വിതരണത്തിനുശേഷവും ക്രൂ പുതിയ ഗ്ലൗസുകള്‍ ധരിക്കാനും നിര്‍ദേശം.

ഇന്ത്യയില്‍ വിപണന ശൃംഖല വികസിപ്പിക്കാന്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഫ്‌ളിപ്കാര്‍ട്ട്

ഇന്ത്യയില്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് വിപണന ശൃംഖല വികസിപ്പിക്കാനുള്ള നീക്കവുമായി ഇ കൊമേഴ്‌സ് കമ്പനി ഫ്ളിപ് കാർട്ട്. റെഗുലേറ്ററി ഫയലിംഗിലാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി അദാനി ലോജിസ്റ്റിക്‌സ് ലിമിറ്റഡ് 534,000 ചതുരശ്ര അടി വലുപ്പത്തില്‍ പ്രത്യേക ഹബ് നിര്‍മിക്കും.

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു

കൊറോണ വൈറസ് രോഗം വീണ്ടും വ്യാപിക്കുന്നുവെന്ന ആശങ്ക രൂപയെ തളര്‍ത്തുന്നു. രൂപയുടെ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തി. ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയിപ്പോള്‍. ഒരു ഡോളറിന് 75.15 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഈ നിലവാരത്തിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. എന്നാല്‍ കൊറോണ ഭീതി അകലുകയും വിപണികള്‍ വീണ്ടും സജീവമാകുകയും ചെയ്തതോടെ നില മെച്ചപ്പെട്ടിരുന്നു. എന്നാൽ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യം രൂപയെ ബാധിച്ചിരിക്കുകയാണ്.

കോവിഡ് രണ്ടാംതരംഗം വിപണിയെ ഉലച്ചു, ഒഴുകിപോയത് നിക്ഷേപകരുടെ 9 ലക്ഷം കോടി രൂപ!

2020 മാര്‍ച്ചിന്റെ തനിയാവര്‍ത്തനമോ ഓഹരി വിപണിയില്‍? കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുമ്പോള്‍ ഇന്ന് ഓഹരി വിപണി കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ പിടിയിലായി. സെന്‍സെക്സ് 1707 പോയ്ന്റ് ഇടിഞ്ഞ് 47883.38ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 524 പോയ്ന്റ് താഴ്ന്ന് 14310ലും ക്ലോസ് ചെയ്തു. സെന്‍സെക്സ് സൂചിക കമ്പനികളില്‍ ഒന്നുമാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്; ഡോ. റെഡ്ഡീസ് ലാബ്. നിഫ്റ്റി സൂചിക കമ്പനികള്‍ നാലെണ്ണവും ഇന്ന് ഇടിയാതെ പിടിച്ചു നിന്നു.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് കിംഗ്സ് ഇന്‍ഫ്ര ഓഹരി വില മാത്രമാണ് ഇടിയാതെ നിന്നത്. ബാക്കിയെല്ലാ കേരള കമ്പനികളുടെയും ഓഹരി വിലകള്‍ താഴേക്ക് പോയി. അപ്പോളോ ടയേഴ്സ് ഓഹരി വില ഒന്‍പതുശതമാനത്തോളം ഇടിഞ്ഞു. ഫെഡറല്‍ ബാങ്ക് ഓഹരി വിലയും എട്ട് ശതമാനത്തിലേറെ ഇടിഞ്ഞു. ധനലക്ഷ്മി ബാങ്ക് ഓഹരി വില അഞ്ച് ശതമാനത്തിലേറെ താഴ്ന്നപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ആറ് ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.


കോവിഡ് നിരക്കുകള്‍ ഏപ്രില്‍ 12, 2021


കേരളത്തില്‍ ഇന്ന് : 5692, മരണം: 11

ഇന്ത്യയില്‍ ഇതുവരെ : രോഗികള്‍: 13,527,717, മരണം: 170,179

ലോകത്ത് ഇതുവരെ: രോഗികള്‍: 135,877,350 , മരണം: 2,935,460







Related Articles
Next Story
Videos
Share it