ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 14, 2021

ചര്‍ച്ച ഉടന്‍; വ്യാപാരിസമരം അവസാനിച്ചു
പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വ്യാപാരികള്‍ സമരത്തില്‍ നിന്നും പിന്മാറി. വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. ഇതിനെ തുടര്‍ന്ന് നാളെ മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി. ഇന്ന് രാവിലെ സെക്രട്ടറിയേറ്റിനു മുന്നില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിനുടനീളം വ്യാപാരികള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.വ്യാപാരി വ്യവസായി എകോപന സമിതി, ഇടത് പക്ഷ സംഘടനയായ വ്യാപാര സമിതി ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുത്തു. ആശാസ്ത്രീയ ലോക്ക്ഡൗണ്‍ ആരോപിച്ചായിരുന്നു സമരം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കടകള്‍ എന്നും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള ആവശ്യവും ഉയര്‍ത്തിയിരുന്നു.
മാസ്റ്റര്‍കാര്‍ഡിന് ആര്‍ബിഐ വിലക്ക്; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാനാകില്ല
മാസ്റ്റര്‍ കാര്‍ഡിന് ഇനി ഇന്ത്യയില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ ഉടനാകില്ല. ആഗോള കാര്‍ഡ് ശൃംഖലയായ മാസ്റ്റര്‍കാര്‍ഡിന് ഇന്ത്യയില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് റിസര്‍വ് ബാങ്കാണ് ബുധനാഴ്ച വിലക്കേര്‍പ്പെടുത്തിയത്. ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് ആര്‍ബിഐ അറിയിച്ചു. നിലവിലെ മാസ്റ്റര്‍കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സേവനങ്ങളില്‍ തടസ്സം നേരിടില്ല. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നാണ് വിലക്ക്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത കൂട്ടി
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 28 ശതമാനമായി കൂട്ടാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മുന്‍പ് ഇത് 17 ശതമാനമായിരുന്നു. ജൂലായ് ഒന്ന് മുതലാകും പുതുക്കിയ ക്ഷാമബത്ത നിലവില്‍ വരിക. 54,000 കോടി രൂപയുടെ മൃഗസംരക്ഷണ-ക്ഷീരവികസന പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 23 ശതമാനമാക്കിയെങ്കിലും കൊവിഡ് പശ്ചാതലത്തില്‍ അത് നല്‍കിയില്ല. മാത്രമല്ല, ജീവനക്കാരുടെ ശമ്പള ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരുന്നു.
ടെലികോം ഉപയോക്താക്കളുടെ എണ്ണത്തില്‍ വളരെ കുറച്ച് മാത്രം വര്‍ധന
കോവിഡ്-19 രണ്ടാം വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ ടെലികോം സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് വളരെ കുറച്ച് വര്‍ധന. 22 ലക്ഷമാണ് ആകെ വര്‍ധന. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 2.72 കോടി സബ്‌സ്‌ക്രൈബര്‍മാരുടെ വര്‍ധന രേഖപ്പെടുത്തിയ ശേഷമാണ് ഏപ്രില്‍ മാസത്തിലെ ഇടിവ്. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് കണക്ക് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എയര്‍ടെലിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ അഞ്ച് ലക്ഷം പേരുടെ വര്‍ധനയാണ് ഉണ്ടായത്. റിലയന്‍സ് ജിയോയുടെ എണ്ണത്തിലുണ്ടായത് 48 ലക്ഷം വര്‍ധനവാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററായി അദാനി ഗ്രൂപ്പ്
മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കിഴിലായി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്റര്‍മാരായിരിക്കുകയാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്(എഎഎച്ച്എല്‍). എഎഎച്ച്എല്‍ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ(എംഐഎഎല്‍) 74% ഓഹരികളാണ് സ്വന്തമാക്കിയിട്ടുള്ളത്. അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു എന്നിവിടങ്ങളില്‍ ഇതിനകം മൂന്ന് വിമാനത്താവളങ്ങള്‍ ഇപ്പോള്‍ തന്നെ എഎഎച്ച്എല്ലിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്വാഹട്ടി, തിരുവനന്തപുരം, ജയ്പൂര്‍ എന്നിവിടങ്ങളില്‍ കൂടി ആകുമ്പോള്‍ ഏഴ് എയര്‍പോര്‍ട്ടുകളാകും അദാനി ഗ്രൂപ്പിന് കീഴില്‍ വരുക.
ഓക്‌സിമീറ്റര്‍, നെബുലൈസര്‍ മുതലായവയുടെയെല്ലാം വിലകുറഞ്ഞേക്കും
ഓക്‌സിമീറ്റര്‍, രക്തസമ്മര്‍ദ്ദ നിരീക്ഷണ യന്ത്രം, നെബുലൈസര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, ഗ്ലൂക്കോമീറ്റര്‍ എന്നിവ പോലുള്ള കോവിഡ് -19 ന്റെ മാനേജ്‌മെന്റിനായി ഉപയോഗിക്കുന്ന അഞ്ച് മെഡിക്കല്‍ ഉപകരണങ്ങളുടെ വില കുറയ്ക്കാന്‍ സാധ്യത. 70% വ്യാപാരമാര്‍ജിന്‍ മറികടന്നതിനെ തുടര്‍ന്നാണിത്. ഈ നടപടി മൂലം ഈ ഉല്‍പ്പന്നങ്ങളുടെ എംആര്‍പിയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വീട്ടില്‍ ചികിത്സയ്ക്കു വിധേയരായ നിരവധി കോവിഡ്-19 രോഗികള്‍ക്ക് സഹായകമാകും.
കരുത്തുകാട്ടി ഐറ്റി ഓഹരികള്‍, സൂചികയില്‍ മുന്നേറ്റം
ഐറ്റി ഓഹരികളുടെ കരുത്തില്‍ മുന്നേറി ഓഹരി സൂചികകള്‍. സെന്‍സെക്സ് 134.32 പോയ്ന്റ് ഉയര്‍ന്ന് 52904.05 പോയ്ന്റിലും നിഫ്റ്റി 41.60 പോയ്ന്റ് ഉയര്‍ന്ന് 15853.95 പോയ്ന്റിലും ക്ലോസ് ചെയ്തു. 1798 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1442 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 138 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 13 എണ്ണ്ത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 10.32 ശതമാനം നേട്ടവുമായി കേരള ആയുര്‍വേദ മികച്ച പ്രകടനം നടത്തിയപ്പോള്‍ കിറ്റെക്സ് മുന്നേറ്റം തുടരുന്നുണ്ട്. 10 ശതമാനം നേട്ടമാണ് കമ്പനി ഇന്ന് കൊയ്തത്. ഇന്‍ഡിട്രേഡ് (8.49 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.82 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.71 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (3.09 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.15 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്.
കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ല. ഇന്ന് മാത്രം പോസിറ്റീവായത് 15,637 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍., ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,48,04,801 സാമ്പിളുകളാണ് പരിശോധിച്ചത്.
Exchange Rates: July 14, 2021

ഡോളര്‍ 74.47

പൗണ്ട് 103.44

യുറോ 88.03

സ്വിസ് ഫ്രാങ്ക് 81.26

കാനഡ ഡോളര്‍ 59.77

ഓസി ഡോളര്‍ 55.77

സിംഗപ്പൂര്‍ ഡോളര്‍ 55.04

ബഹ്‌റൈന്‍ ദിനാര്‍ 197.57

കുവൈറ്റ് ദിനാര്‍ 247.68

ഒമാന്‍ റിയാല്‍ 193.42

സൗദി റിയാല്‍ 19.85

യുഎഇ ദിര്‍ഹം 20.27



Related Articles
Next Story
Videos
Share it