ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 19, 2021

വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 4500 കോടി രൂപ കേന്ദ്ര സഹായം
വാക്‌സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കും ഭാരത് ബയോടെക്കിനും കേന്ദ്ര സര്‍ക്കാര്‍ 4500 കോടിയുടെ ധനസഹായം അനുവദിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയും ഭാരത് ബയോടെക്കിന് 1500 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് ഉല്‍പാദിപ്പിക്കുന്നതു സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഇന്ത്യയുടെ തദ്ദേശീയ വാക്‌സീനായ കോവാക്‌സീന്റെ നിര്‍മാതാക്കളാണ് ഭാരത് ബയോടെക്ക്. ഇതോടെ പ്രതിമാസ ഉല്‍പാദനമായ 70 ദശലക്ഷം ഡോസില്‍നിന്ന് മേയ് അവസാനത്തോട് 100 ദശലക്ഷം ഡോസില്‍ കൂടുതല്‍ ഉല്‍പാദനത്തിലേക്ക് എത്തിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിയും.
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഹോങ്കോംഗ് രണ്ടാഴ്ചത്തേക്ക് നിരോധിച്ചു
ഏപ്രില്‍ 20 മുതല്‍ ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നും ഹോങ്കോംഗിലേക്കുള്ള വിമാന സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കും. ഏഷ്യന്‍ ഫിനാന്‍ഷ്യല്‍ ഹബ് ആയ ഹോങ്കോംഗില്‍ ആദ്യമായി N501Y മ്യൂട്ടന്റ് കോവിഡ് -19 വേരിയന്റ് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. വളരെ ഉയര്‍ന്ന അപകട സാധ്യതയുള്ള ഈ മൂന്നു രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ രണ്ടാഴ്ച നടന്ന വ്യാപനമാണ് സ്ഥിതി വഷളാക്കിയതെന്നും അധികൃതര്‍ പറയുന്നു.
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ നടപ്പാക്കും. രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ. ചരക്ക്, പൊതുഗതാഗതത്തിനു നിയന്ത്രണമുണ്ടാവില്ല. സാധ്യമായ ഇടങ്ങളില്‍ വര്‍ക് ഫ്രം ഹോം നടപ്പാക്കും. വിദ്യാര്‍ഥികളുടെ സ്വകാര്യ ട്യൂഷന്‍ ഒഴിവാക്കും, ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ ഉണ്ടാകൂ. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും. പൂരപ്പറമ്പില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകില്ല. പൂരപ്പറമ്പില്‍ സംഘാടകര്‍ക്കു മാത്രമാകും അനുമതി. പാവറട്ടി പെരുന്നാളും കൂടല്‍ മാണിക്യം ഉത്സവവും റദ്ദാക്കി.
മന്‍മോഹന്‍ സിംഗിന് കോവിഡ്
മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗിന് കോവിഡ് ബാധ. അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോവിഡ് പ്രതിസന്ധി; കയറ്റുമതി രംഗത്തെ പ്രമുഖരുടെ യോഗം നാളെ
വാണിജ്യ വ്യവസായ മന്ത്രാലയം ഏപ്രില്‍ 20 ന് കയറ്റുമതി രംഗത്തെ പ്രമുഖരുടെ യോഗം വിളിച്ചു. യോഗത്തില്‍ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ അധ്യക്ഷത വഹിക്കും. കയറ്റുമതിക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും അന്തര്‍ദേശീയ കയറ്റുമതി ഇനിയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ) ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ മീറ്റിനാണ് സാധ്യത.
ഇന്ത്യ ഇലക്ട്രിക് വാഹന നിര്‍മാണ ഹബ് ആകുമെന്ന് ഗഡ്കരി
വരും വര്‍ഷങ്ങളില്‍ ലോകത്തിലെ വൈദ്യുത വാഹന നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറും എന്നാണ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ നിര്‍മാണ ചെലവാണുള്ളത്. ഇത് വരും കാലങ്ങളില്‍ കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സ്വര്‍ണവില പവന്‌ 35,400 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനതുടരുന്നു. പവന്റെ വില 80 രൂപകൂടി 35,400 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4425 രൂപയുമായി.
കോവിഡ് ആശങ്കയില്‍ ഉലഞ്ഞ് വിപണി; സൂചികകളില്‍ ഇടിവ്
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉലഞ്ഞ് ഓഹരി വിപണി. സെന്‍സെക്സ് 882.61 പോയ്ന്റ് ഇടിഞ്ഞ് 47949.42 പോയ്ന്റിലും നിഫ്റ്റി 258.40 പോയന്റ് ഇടിഞ്ഞ് 14359.50 പോയ്ന്റിലും വ്യാപാരം ക്ലോസ് ചെയ്തു. 723 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2091 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 157 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. അദാനി പോര്‍ട്ട്സ്, പവര്‍ ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ഹീറോ മോട്ടോകോര്‍പ്, ബജാജ് ഫിനാന്‍സ് തുടങ്ങിയവ വിലിയിടിവ് നേരിട്ട ഓഹരികളില്‍ പെടുന്നു. ഡോ റെഡ്ഡീസ് ലബോറട്ടറീസ്, സിപ്ല, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
സൂചികകളിലെ ഇടിവ അതേയളവില്‍ കേരള ഓഹരികളെയും ബാധിച്ചപ്പോള്‍ ഓഹരി വിലയില്‍ കൂട്ടത്തകര്‍ച്ച. രണ്ട് കേരള ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. പാറ്റ്സ്പിന്‍ ഇന്ത്യ 4.33 ശതമാനവും കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് 1.08 ശതമാനവും നേട്ടമുണ്ടാക്കി. ബാക്കി 26 ഓഹരികളും വന്‍ ഇടിവ് നേരിട്ടു. ഇന്‍ഡിട്രേഡ് (6.13 ശതമാനം), ഫെഡറല്‍ ബാങ്ക് (5.83 ശതമാനം), സിഎസ്ബി ബാങ്ക് (5.35 ശതമാനം), എഫ്എസിടി (5.08 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (4.86 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.60 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (4.48 ശതമാനം), ഹാരിസണ്‍സ് മലയാളം (4.12 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാവാതെ പോയ കേരള ഓഹരികള്‍.




കോവിഡ് അപ്‌ഡേറ്റ്‌സ്: ഏപ്രില്‍ 19,2021

കേരളത്തില്‍ ഇന്ന്

രോഗികള്‍: 13644

മരണം: 21

ഇന്ത്യയില്‍ ഇതുവരെ:

രോഗികള്‍:15,061,919

മരണം: 178,769

ലോകത്ത് ഇതുവരെ:

രോഗികള്‍: 141,404,847

മരണം: 3,019,330.0


Related Articles
Next Story
Videos
Share it