Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 27, 2021
ഇന്ത്യയിലെ ഗാര്‍ഹിക സമ്പാദ്യം വര്‍ധിച്ചതായി സര്‍വേ
ഇന്ത്യയിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഗാര്‍ഹിക സമ്പാദ്യത്തിന്റെ തോത് 22.5 ശതമാനം വരെ കൂടിയതായി സര്‍വേ. മോത്തിലാല്‍ ഓസ്വാള്‍ സര്‍വേയിലാണ് രാജ്യത്ത് അടച്ചിലുകളും നിയന്ത്രണങ്ങളും കടുത്തതിനൊപ്പം ഗാര്‍ഹിക സമ്പാദ്യവും കൂടിയതായി റിപ്പോര്‍ട്ട് വരുന്നത്. 2019 ല്‍ 19.8 ശതമാനമായിരുന്നു ഗാര്‍ഹിക സമ്പാദ്യ നിരക്ക്.
ടെസ്ല ബിറ്റ്‌കോയിന്‍ വില്‍പ്പന നടത്തിയത് ദ്രവ്യത തെളിയിക്കാനെന്ന് ഇലോണ്‍ മസ്‌ക്
ടെസ്ല ഇന്‍ക് ബിറ്റ്‌കോയിന്റെ 10 ശതമാനത്തോളം വിറ്റഴിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ക്രിപ്‌റ്റോകറന്‍സിയുടെ ദ്രവ്യത ലോകത്തിന് മുന്നില്‍ തെളിയിക്കാനെന്ന് ഇലോണ്‍ മസ്‌ക്. ട്വിറ്ററിലാണ് ടെസ്ല സിഇഓ ഇലോണ്‍ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്.
കെ എം എം എല്ലിന് 112 കോടി ലാഭം
കോവിഡ് പ്രതിസന്ധിയിലും 2020-21 ല്‍ 112 കോടി രൂപ ലാഭം നേടി കെഎംഎംഎല്‍. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ച് പൊതുമേഖലാ വ്യവസായ സ്ഥാപനം കെ എം എം എല്‍ കരസ്ഥമാക്കിയത് അതിശയിപ്പിക്കുന്ന വളര്‍ച്ചയെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ''കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2020-21ല്‍ 112 കോടി രൂപ ലാഭം നേടിയ സ്ഥാപനം 783 കോടിയുടെ വിറ്റുവരവും സ്വന്തമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനമാണ് കെഎംഎംഎല്‍. അഞ്ചുവര്‍ഷത്തിനിടെ 530 കോടി രൂപയുടെ ലാഭം കൈവരിച്ചു. ടൈറ്റാനിയം സ്‌പോഞ്ച് യൂണിറ്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പാദനം കൈവരിച്ചു. 260 ടണ്‍ ഉല്‍പാദനം നടത്തിയ യൂണിറ്റ് 50 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭവും നേടി''.
ഉപഭോക്താക്കളുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും ഇഞ്ചോടിഞ്ച്
രാജ്യത്തെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും ഇഞ്ചോടിഞ്ച് മത്സരത്തില്‍. ഈ സാഹചര്യത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏകകണ്ഠമായ താരിഫ് വര്‍ധനവുണ്ടാവില്ലെന്ന് ആഭ്യന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ ഗവേഷണ വിഭാഗം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ മൊത്തം നെറ്റ്വര്‍ക്ക് ഉപഭാക്താക്കളില്‍ ജിയോയുടെ പങ്ക് 33.7 ശതമാനമാണ്. എയര്‍ടെല്ലിന് 33.6 ശതമാനം ഉപഭോക്താക്കളാണുള്ളത്.
കോട്ടക് മഹീന്ദ്രയുടെ ഓഹരി വില താഴ്ന്നു
സ്വകാര്യ ബാങ്കുകളുടെ മാനേജിംഗ് ഡയറക്റ്റര്‍, സിഇഒ, മുഴുവന്‍ സമയ ഡയറക്റ്റര്‍ എന്നിവരുടെ നിയമന കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിയ ആര്‍ ബി ഐ നീക്കം കോട്ടക് മഹീന്ദ്ര ബാങ്കിന് അടിയായി. കോട്ടക് മഹീന്ദ്ര ബാങ്ക് എം ഡിയും സിഇഒയുമായ ഉദയ് കോട്ടക്കിനും ജോയ്ന്റ് മാനേജിംഗ് ഡയറക്റ്റര്‍ ദിപക് ഗുപ്തയ്ക്കും 2023ന് ശേഷം പദവികളില്‍ തുടരാന്‍ ആകില്ല. അതായത് 2024ല്‍, ആര്‍ബിഐയുടെ ഇപ്പോഴത്തെ തീരുമാനപ്രകാരം, കോട്ടക് മഹീന്ദ്രയില്‍ നേതൃനിരയില്‍ മാറ്റം സംഭവിക്കും.
ആര്‍ ബി ഐയുടെ പുതിയ ചട്ടം പ്രഖ്യാപിക്കപ്പെട്ടതോടെ കോട്ടക് മഹീന്ദ്രയുടെ ഓഹരി വില ഇന്നുച്ചയോടെ ഒന്നരശതമാനത്തോളം ഇടിഞ്ഞു. ബാങ്കിംഗ് ഓഹരികള്‍ അതേ സമയം 0.6 ശതമാനം ഉയര്‍ച്ചയിലായിരുന്നു.
കല്യാണ്‍ സില്‍ക്‌സ് ദുബായിലെ ഖിസൈസിലും
കോവിഡ് പ്രതിസന്ധിക്കിടയിലും പുതു നേട്ടവുമായി കല്യാണ്‍ സില്‍ക്‌സ്. ദുബായിലെ ഖിസൈസില്‍ പുതിയ ഷോറൂം ഈ 29 ന് തുറക്കുന്നു. ഏപ്രില്‍ 29-ന് രാവിലെ 10.30-നാണ് ഡമാസ്‌കസ് സ്ട്രീറ്റിലുള്ള മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ള ബില്‍ഡിംഗില്‍ കല്യാണ്‍ സില്‍ക്സിന്റെ 31-ാമത് ഷോറൂമിന് തുടക്കമാകുന്നത്. ഗള്‍ഫ് മേഖലയിലുള്ള ആറാമത് ഷോറൂമാണിത്.
റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ അടുത്ത മാസമെത്തുമെന്ന് ഡോ. റെഡ്ഡീസ് ലാബ്
ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി ലഭിച്ച റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ അടുത്ത മാസം തന്നെ ഇന്ത്യയില്‍ വിതരണത്തിനെത്തുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സിഇഒ ദീപക് സപ്ര. രാജ്യത്ത് വാക്‌സിന്‍ മേയ് മുതല്‍ ലഭ്യമാകുമെന്നു വിതരണക്കാരായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് അറിയിച്ചു. വാക്സിന്റെ ആദ്യ ബാച്ച് ഉടന്‍ തന്നെ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുമെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദീപക് സപ്ര അറിയിച്ചത്.
കോവിഡ് വാക്സിന്‍ വില കുറച്ചേക്കും
കോവിഡ് വാക്സിന്റെ വില കുറയ്ക്കണമെന്ന് നിര്‍മാതാക്കളായ ബയോടെക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോവിഡ് വാക്സിനുകളായ കൊവാക്സിന്‍, കൊവിഷീല്‍ഡ് എന്നിവയുടെ വില കൂടുതലാണെന്ന വിവിധ സംസ്ഥാനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്. മേയ് 1ന് മുമ്പ് കമ്പനികള്‍ പുതിയ വില പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പവര്‍ഗ്രിഡ് ഇന്‍വിറ്റ് ഓഹരി വില്‍പ്പന വ്യാഴാഴ്ച മുതല്‍
പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് യൂണിറ്റുകളുടെ ആദ്യ ഓഹരി വില്‍പ്പന (ഐപിഒ) ഏപ്രില്‍ 29ന് ആരംഭിച്ച് മേയ് മൂന്നിന് അവസാനിക്കും. യൂണിറ്റ് ്രൈപസ് ബാന്‍ഡ് 99 - 100 രൂപയാണ്. പവര്‍ഗ്രിഡിന്റെ 49,934.84 ദശലക്ഷം യൂണിറ്റുകളാണ് ഇഷ്യു ചെയ്യുന്നത്. നിക്ഷേപകര്‍ കുറഞ്ഞത് 1100 യൂണിറ്റുകള്‍ക്ക് അപേക്ഷിക്കണം.
ഓഹരി വിപണി സൂചികകള്‍ ഇന്നും കയറി; ഒരു ശതമാനത്തിലേറെ
ഉയരാന്‍ ഓരോ കാരണം തേടുന്ന ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് പ്രതിദിന കോവിഡ് കേസുകളിലെ കുറവ് ആശ്വാസം പകര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ ആന്‍ഡ് ടി, എസ് ബി ഐ, ടിസിഎസ് എന്നീ വമ്പന്മാരുടെ ഓഹരിയില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ ഓഹരി വിപണി സൂചികകള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. സെന്‍സെക്സ് 558 പോയ്ന്റ് അഥവാ ഒരു ശതമാനം ഉയര്‍ന്ന് 48,994ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 168 പോയ്ന്റ് ഉയര്‍ന്ന് 14,653 ല്‍ ക്ലോസ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
ബാങ്കിംഗ് ഓഹരികള്‍ ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോഴും സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ ഇന്ന് ഇടിഞ്ഞു. എന്നാല്‍ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകള്‍ ഉയര്‍ന്നു. എവിറ്റി ഓഹരി ഏഴ് ശതമാനത്തിലേറെ ഉയര്‍ന്നപ്പോള്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിന്റേത് 11 ശതമാനത്തോളം വര്‍ധിച്ചു
കോവിഡ് അപ്ഡേറ്റ്സ് ഏപ്രില്‍ 27
കേരളത്തില്‍ ഇന്ന്
രോഗികള്‍: 32819 , ഇന്നലെ: 21890
മരണം: 32, ഇന്നലെ: 28
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ : 17,636,307
മരണം:197,894
ലോകത്തില്‍ ഇതുവരെ
രോഗികള്‍: 147,872,402
മരണം: 3,120,403
Next Story
Videos