Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 28, 2021
കോവീഷീല്‍ഡ് വാക്‌സിന് 300 രൂപയാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
കോവീഷീല്‍ഡ് വാക്‌സിന് വില കുറച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. അദാര്‍ പൂനാവാലയാണ് പുതിയ വില അറിയിച്ചത്. ഡോസിന് 400 രൂപയില്‍ നിന്ന് 300 രൂപയിലേക്കാണ് കുറച്ചിട്ടുള്ളത്. മാനുഷിക പരിഗണനവച്ചാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന വാക്‌സീന്റെ വില കുറയ്ക്കുന്നതെന്ന് അദാര്‍ പൂനാവാല അറിയിച്ചു. 'മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വാക്‌സീന്റെ വില ഡോസിന് 400 രൂപയില്‍നിന്ന് 300 രൂപയാക്കി കുറച്ചതായി അറിയിക്കുന്നു. ഇത് സംസ്ഥാന സര്‍ക്കാരുകളുടെ കോടിക്കണക്കിന് ഫണ്ടുകള്‍ ലാഭിക്കാന്‍ കാരണമാകും. കൂടുതല്‍ വാക്‌സിനേഷനും എണ്ണമറ്റ ജീവനുകള്‍ രക്ഷിക്കുന്നതിനും കാരണമാകും' പൂനാവാല ട്വീറ്റ് ചെയ്തു.
കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ആമസോണും
കോവിഡ് ചികിത്സയ്ക്ക് സഹായകമാകുന്ന തരത്തിലുളള വെന്റിലേറ്ററുകളാണ് എന്നുറപ്പാക്കുന്നതിന് വേണ്ടി കേന്ദ്ര ആരോഗ്യവകുപ്പുമായും കേന്ദ്ര സര്‍ക്കാരുമായും ചര്‍ച്ച നടത്തിയതായി ആമസോണ്‍ അധികൃതര്‍ അറിയിച്ചു. 100 യൂണിറ്റ് മെഡ്ട്രോണിക്സ് പിബി 980 മോഡല്‍ അത്യാവശ്യ ഉപയോഗത്തിന് വേണ്ടി ഒരുക്കാനും ആമസോണ്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് വിമാന മാര്‍ഗം രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
ആക്‌സിസ് ബാങ്കിന് 2,677 കോടി ലാഭം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദവാര്‍ഷികത്തില്‍ ആക്‌സിസ് ബാങ്കിന് 2,677 കോടി ലാഭം. മുന്‍വര്‍ഷം ഇതേ കാലത്ത് 1,388 കോടി നഷ്ടത്തില്‍ നിന്നാണ് ആക്‌സിസ് ബാങ്ക് ലാഭത്തിലേക്ക് ഇക്കുറിയെത്തിയത്. ബാങ്കിന്റെ നെറ്റ് ഇന്ററസ്റ്റ് വരുമാനം 11 ശതമാനം ഉയര്‍ന്ന് 7,555 കോടിയായി. 2020 മാര്‍ച്ച് 31 ന് അവസാനിച്ച പാദവാര്‍ഷികത്തില്‍ ഇതില്‍ 6,808 കോടി രൂപയായിരുന്നു. പലിശ ഇതര വരുമാനത്തില്‍ 17.1 ശതമാനം വര്‍ധനയാണ് 2021 മാര്‍ച്ച് 31 വരെയുള്ള പാദവാര്‍ഷികത്തില്‍ ബാങ്ക് നേടിയത്. 4,668.3 കോടി രൂപ വരുമിത്. പ്രി പ്രൊവിഷന്‍ പ്രവര്‍ത്തന ലാഭം 6,864.65 കോടി രൂപയാണ്. 17.3 ശതമാനമാണ് ഇതില്‍ തൊട്ടുമുന്‍പത്തെ സാമ്പത്തിക പാദവാര്‍ഷികത്തെക്കാള്‍ നേട്ടമുണ്ടായത്.
18 നു മേല്‍ പ്രായമുള്ളവരുടെ രജിസ്‌ട്രേഷന്‍; കോവിന്‍ വെബ്‌സൈറ്റില്‍ തകരാറെന്ന് പരാതി
18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനു വേണ്ടിയുള്ള കോവിന്‍ വെബ്‌സൈറ്റില്‍ സാങ്കേതിക തകരാറെന്ന് പരാതി. രജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യ മണിക്കൂറിലാണ് തകരാറുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നത്. ഇന്ന് വൈകിട്ട് 4 മുതലാണ് 18 45 പ്രായപരിധിയുള്ളവര്‍ക്ക് റജിസ്റ്റര്‍ ചെയ്യാനായി വെബ്‌സൈറ്റ് തുറന്നു കൊടുത്തത്.
കോവിഡ് രണ്ടാം തരംഗം ജൂണില്‍ അവസാനിച്ചേക്കുമെന്ന് സിഎല്‍എസ്എ
രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡ് രണ്ടാം തരംഗം ജൂണ്‍ മാസത്തില്‍ അതിന്റെ ഉയര്‍ന്ന നിലയിലേക്കെത്തി അവസാനിക്കുമെന്ന് ഫോറിന്‍ ബ്രോക്കറേജായ സിഎല്‍എസ്എ. 12 രാജ്യങ്ങളിലാണ് കോവിഡ് രണ്ടാം തരംഗം വ്യാപകമാകുന്നത്. ഇന്ത്യയില്‍ ജൂണ്‍ പകുതിയോടെ ഉയര്‍ന്ന നിലയിലെത്തുന്ന കോവിഡ് രണ്ടാം തരംഗം ജൂണ്‍ അവസാനത്തോടെ അവസാനിക്കും. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇത് ജൂണ്‍ പകുതിയോടെയായിരിക്കുമെന്നും സിഎല്‍എസ്എ ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണവിലയില്‍ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിയുന്നു. ഇന്നലെ പവന് 120 രൂപ കൂടി കുറഞ്ഞതോടെ വില 35560 രൂപയായി. ഗ്രാമിന് 4445 രൂപ. ഏപ്രില്‍ ആദ്യം മുതല്‍ സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് അനുഭവപ്പെട്ടിരുന്നു. വില വീണ്ടും 36000 രൂപയ്ക്കു മുകളിലെത്തുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ആഴ്ച അവസാനം മുതല്‍ വിലയില്‍ ഇടിവുണ്ടായി. ഡോളര്‍ ശക്തമാകുന്നതിനാല്‍ നിക്ഷേപകര്‍ ചെറിയതോതില്‍ സ്വര്‍ണം വിറ്റു ലാഭമെടുക്കുന്നതാണു കാരണം.
ടെക്‌നോപാര്‍ക്ക് സ്റ്റാര്‍ട്ടപ്പില്‍ 167 കോടിയുടെ നിക്ഷേപം
ടെക്‌നോപാര്‍ക്കിലെ 'കെയര്‍സ്റ്റാക്' സ്റ്റാര്‍ട്ടപ്പില്‍ 167 കോടി രൂപയുടെ നിക്ഷേപം കൂടിയെത്തി. ഇതുവരെ 447 കോടി രൂപയോളമാണു ഫണ്ടിങ്ങിലൂടെ കെയര്‍സ്റ്റാക് സമാഹരിച്ചത്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള സ്റ്റാര്‍ട്ടപ് എന്ന പദവിയും കെയര്‍സ്റ്റാക്കിനു സ്വന്തമാണ്. യുഎസിലെ സ്റ്റെഡ്‌വ്യു ക്യാപിറ്റല്‍, ഡെല്‍റ്റ ഡെന്റല്‍, ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ്, എയിറ്റ് റോഡ്‌സ്, എഫ്‌പ്രൈം ക്യാപിറ്റല്‍ എന്നീ പ്രമുഖ സ്ഥാപനങ്ങളാണ് ഇത്തവണ നിക്ഷേപം നടത്തിയത്.
1.11 ബില്യണ്‍ ഡോളറിന്റെ ഐപിഒ ഫയല്‍ ചെയ്ത് സൊമാറ്റോ
കോവിഡ് ലോക്ഡൗണുകളില്‍ ഭക്ഷ്യ വിതരണം വര്‍ധിച്ചതോടെ 1.11 ബില്യണ്‍ ഡോളറിന്റെ ഐപിഓ ഫയല്‍ ചെയ്ത് സൊമാറ്റോ. പബ്ലിക് ലിസ്റ്റിംഗിലൂടെ 8,250 കോടി രൂപ (ഏകദേശം 1.1 ബില്യണ്‍ ഡോളര്‍) നേടാന്‍ ഉദ്ദേശിക്കുന്നതായി സൊമാറ്റോ അറിയിച്ചു. ഇതില്‍ 7,500 കോടി രൂപ (ഏകദേശം 1 ബില്യണ്‍ ഡോളര്‍) ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യുവിലൂടെ ആയിരിക്കും.
തുടര്‍ച്ചയായ മൂന്നാം ദിനവും നേട്ടമുണ്ടാക്കി ഓഹരി വിപണി
തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടം കൊയ്ത് ഓഹരി വിപണി. സെന്‍സെക്സ് 789.70 പോയ്ന്റ് ഉയര്‍ന്ന് 49733.84 പോയ്ന്റിലും നിഫ്റ്റി 211.50 പോയ്ന്റ് ഉയര്‍ന്ന് 14864 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1730 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1180 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 170 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 14 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. 6.71 ശതമാനം നേട്ടവുമായി കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ ആണ് അതില്‍ ഒന്നാമത്. ഫെഡറല്‍ ബാങ്ക് (3.66 ശതമാനം), അപ്പോളോ ടയേഴ്സ് (3.31 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (3.20 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.65 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
കോവിഡ് അപ്‌ഡേറ്റ്‌സ് ഏപ്രില്‍ 28
കേരളത്തില്‍ ഇന്ന്
രോഗികള്‍: 35013
മരണം: 41
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ : 17,997,267
മരണം: 201,187
ലോകത്തില്‍ ഇതുവരെ
രോഗികള്‍: 148,355,390
മരണം: 3,131,660
Next Story
Videos