ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 28, 2021

എയര്‍ഇന്ത്യ ഉടമസ്ഥാവകാശം; ഉടന്‍ തീരുമാനമായേക്കും

കടക്കെണിയിലായ എയര്‍ഇന്ത്യയുടെ ബിഡ് നാളെ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻ ബിസി റിപ്പോര്‍ട്ട് ചെയ്തു. ദേശീയ വിമാനക്കമ്പിനിയായ എയർ ഇന്ത്യയുടെ സാമ്പത്തിക ബിഡ് ലഭിക്കുക ആര്‍ക്കെന്ന് ഒക്ടോബര്‍ പതിനഞ്ചിന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ടാറ്റ സണ്‍സും അജയ് സിംഗും ലേലത്തിലെ മുൻ നിരക്കാരായുണ്ട്. എയര്‍ ഇന്ത്യ ഉടമസ്ഥാവകാശം ഉടന്‍ തീരുമാനമായേക്കും. ഉപഭോക്താക്കളുടെ ഡാറ്റാ സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് നിര്‍മല സീതാരാമന്‍. ബിപിസിഎല്‍ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. സ്വര്‍ണവിലയില്‍ ഇടിവ്. വിപണി ഇടിഞ്ഞു, സെന്‍സെക്സ് 60000 ല്‍ താഴെ. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ക്ലയന്റ് ഡാറ്റയുടെ സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്; നിര്‍മല സീതാരാമന്‍
ക്ലയന്റ് ഡാറ്റയുടെ സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഡിജിറ്റല്‍ പേയ്മെന്റ് രീതി ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഡാറ്റ സ്വകാര്യതയിലും രാജ്യത്തെ ധനകാര്യസ്ഥാപനങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണമെന്ന് അവര്‍ പറഞ്ഞു. ഫിന്‍ടെക് വ്യവസായം 2021 ജനുവരി-ഓഗസ്റ്റ് മാസങ്ങളില്‍ 6 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഡിജിറ്റല്‍ ഇടപാടുകളുടെ മൂല്യം 2020-ലും 2019-ലും യഥാക്രമം 4 ലക്ഷം കോടിയും 2 ലക്ഷം കോടിയുമായിരുന്നുവെന്നും ധനമന്ത്രി വിശദമാക്കി.
ബിപിസിഎല്‍ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപ എണ്ണ-വാതകവുമായി ബന്ധപ്പെട്ട മേഖലകളില്‍ നിക്ഷേപിക്കും. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണകമ്പനിയായ ബിപിസിഎല്‍-ന്റെ ഓഹരി വില്‍പ്പന വിവാദങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനം.
അമേരിക്കന്‍ എയര്‍ലൈന്‍സുമായി പുതിയ കരാറിലേര്‍പ്പെട്ട് ഇന്‍ഡിഗോ
ഇന്‍ഡിഗോയുമായി അമേരിക്കന്‍ എയര്‍ലൈന്‍സ് ഒരു കോഡ്‌ഷെയര്‍ കരാര്‍ ഒപ്പിട്ടു. ഇന്ത്യന്‍ വിമാനക്കമ്പനിയുടെ 29 ആഭ്യന്തര റൂട്ടുകളിലേക്കാണ് യുഎസ് ആസ്ഥാനമായുള്ള എയര്‍ലൈന്‍ കോഡ് സ്ഥാപിക്കുന്നതിനുള്ള കരാര്‍. ഇത് ഇന്‍ഡിഗോയുടെ ഉപഭോക്താക്കള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നു.
ബിറ്റ്‌കോയിന്‍ നേരിയ ഇറക്കത്തില്‍ നിന്നും വീണ്ടും ഉയര്‍ച്ചയിലേക്ക്
കഴിഞ്ഞ ദിവസത്തെ ഉണര്‍വിന് ശേഷം ക്രിപ്റ്റോ വിപണിയില്‍ നേരിയ ഇറക്കമായിരുന്നു കഴിഞ്ഞ 24 മണിക്കൂറില്‍. മുന്‍നിര കോയിനുകളെല്ലാം മൂല്യത്തില്‍ താഴേക്ക് പോയെങ്കിലും ശക്തമായ തിരിച്ചു വരവ് നടത്തി ബിറ്റ്കോയിന്‍. ബിറ്റ്‌കോയിന്‍ 3.42 ശതമാനം ഇടിവാണ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തിയത്. 33,61,538 രൂപ വരെ ഇടിഞ്ഞ ബിറ്റ്‌കോയിന്‍ 41,924.12 ഡോളറിലേക്ക് ഉയര്‍ന്നു.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില താഴ്ന്നു. പവന് 120 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4320 ലുമാണ് വ്യാപാരം നടക്കുന്നത്.
സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നത് സൂചികകള്‍ ഇടിയാന്‍ കാരണമായി. സെന്‍സെക്സ് 410.28 പോയ്ന്റ് ഇടിഞ്ഞ് 59667.60 പോയ്ന്റിലും നിഫ്റ്റി 106.50 പോയ്ന്റ് ഇടിഞ്ഞ് 17748 പോയ്ന്റിലും ക്ലോസ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ എട്ടെണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.31 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (3.96 ശതമാനം), ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ (1.93 ശതമാനം), എവിറ്റി (1.29 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.88 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.68 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.39 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (0.11 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it