ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 30, 2021

രോഗവ്യാപനം കൂടിയ ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി
രോഗവ്യാപനം അനിയന്ത്രിതമാകുന്ന ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസില്‍ ഒതുക്കുമെന്നും ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ഹോട്ടലുകള്‍ക്ക് പാഴ്‌സല്‍ സര്‍വീസ്, ഓണ്‍ലൈന്‍ ഡെലിവറി എന്നിവ മാത്രം നടത്താം. ഹോം ഡെലിവറി നടത്തുന്നവരുടെ വിവരം ശേഖരിച്ച് നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തും. വിമാനത്താവളത്തിലേക്കു പോകുന്നവര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും തടസ്സമുണ്ടാകില്ല. ടെലികോം ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു തടസ്സമുണ്ടാകില്ല. ബാങ്കുകള്‍ ഓണ്‍ലൈന്‍ ഇടപാട് കൂടുതല്‍ നടത്താന്‍ ശ്രമിക്കണം. ആള്‍ക്കൂട്ടം അനുവദിക്കില്ല. അതിഥി തൊഴിലാളികള്‍ക്ക് അതത് സ്ഥലത്ത് ജോലി ചെയ്യുന്നതിനു തടസ്സമില്ല.
അപേക്ഷ ലഭിച്ച് ഒരുമണിക്കൂറിനകം ക്യാഷ്ലെസ് ചികിത്സയെക്കുറിച്ച് അറിയിക്കണം
കോവിഡ് കേസുകളും ചികിത്സാ ചെലവും സംബന്ധിച്ച് ആശങ്കകള്‍ അധികരിക്കുമ്പോള്‍ പുതിയ തീരുമാനവുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ). ക്യാഷ്‌ലെസ് ചികിത്സാ അപേക്ഷ ലഭിച്ച് ഒരുമണിക്കൂറിനകം ചികിത്സ സംബന്ധിച്ച് തീരുമാനമറിയിക്കണമെന്ന് ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ നിര്‍ദേശം നല്‍കി. കിടത്ത ിചികിത്സയുളളവരുടെ അന്തിമ ബില്ല് സ്വീകരിച്ച് ഒരുമണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നും ഇന്‍ഷുറന്‍സ് റെഗുലേറ്ററുടെ അറയിപ്പില്‍ പറയുന്നു.
ഇന്ത്യയ്ക്ക് യുഎസില്‍ നിന്നുള്ള ആദ്യഘട്ട സഹായമെത്തി
അടിയന്തര ആരോഗ്യ രക്ഷാ ഉപകരണങ്ങളുമായുള്ള സൈനിക വിമാനം വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ഡല്‍ഹിയില്‍ എത്തിയത്. 70 വര്‍ഷത്തെ സുദീര്‍ഘമായ സഹകരണം ദൃഢമാക്കി യുഎസ് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരുന്നുവെന്നും യുഎസ് എംബസി ട്വീറ്റ് ചെയ്തു. യുഎസ് സഹായത്തിന് ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു. 423 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 10 ലക്ഷം റാപ്പിഡ് കോവിഡ് ടെസ്റ്റ് കിറ്റുകള്‍, മരുന്നുകള്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ലഭിച്ചത്.
ലോകത്തെ കരുത്തുറ്റ ഇന്‍ഷുറന്‍സ് ബ്രാന്‍ഡുകളില്‍ എല്‍.ഐ.സി മൂന്നാമത്
ആഗോളതലത്തില്‍ കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ മൂന്നാമതായി ഇടംപിടിച്ച് എല്‍ഐസി. മൂല്യേറിയ പത്താമത്തെ ഇന്‍ഷുറന്‍സ് ബ്രാന്‍ഡുമായി. ലണ്ടന്‍ ആസ്ഥാനമായുള്ള കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ ബ്രാന്‍ഡ് ഫിനാന്‍സിന്റതാണ് വിലയിരുത്തല്‍. ബ്രാന്‍ഡ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം എല്‍ഐസിയുടെ ബ്രാന്‍ഡ് മൂല്യം 6.8ശതമാനം വര്‍ധിച്ച് 8.65 ബില്യണ്‍ ഡോളറായി. പത്ത് കമ്പനികളില്‍ ഏറെയും കയ്യടക്കിയിട്ടുള്ളത് ചൈനീസ് ബ്രാന്‍ഡുകളാണ്. രണ്ട് യുഎസ് കമ്പനികളും ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള ഓരോ കമ്പനികളുമാണ് പത്തില്‍ ഇടംപിടിച്ചത്.
കേന്ദ്ര ധനകാര്യ സെക്രട്ടറിയായി ടി വി സോമനാഥന്‍ ചുമതലയേല്‍ക്കും
കേന്ദ്ര സര്‍ക്കാരില്‍ ധനകാര്യ വകുപ്പിലെ അടുത്ത സെക്രട്ടറിയായി ടി വി സോമനാഥന്‍ ചുമതലയേല്‍ക്കും. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് നിയമന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര കാബിനറ്റിലെ അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റിയാണ് ടി വി സോമനാഥന്റെ നിയമനത്തിന് അംഗീകാരം നല്‍കിയത്.നിലവിലെ ധനകാര്യ സെക്രട്ടറിയായ അജയ് ഭൂഷണ്‍ പാണ്ഡെ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 1987 ലെ തമിഴ്നാട് കേഡര്‍ ഐഎഎസ് ഓഫീസറാണ് ടി വി സോമനാഥന്‍.
ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് ഫോര്‍ഡ് ഇന്ത്യ
കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സഹായം പ്രഖ്യാപിച്ച് ഫോര്‍ഡ് ഇന്ത്യ. പ്രതിസന്ധി നേരിടാന്‍ ഇന്ത്യയെ സഹായിക്കുന്നതിനായി സഹായിക്കുന്നതിനായി 1.48 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യുഎസ് ആസ്ഥാനമായുള്ള കാര്‍ നിര്‍മ്മാതാക്കളാണ് ഫോര്‍ഡ്. നേരത്തെ നിരവധി മോട്ടോര്‍ നിര്‍മാണ കമ്പനികളാണ് ഇത്തരത്തില്‍ പാക്കേജ് പ്രഖ്യാരിച്ച് രംഗത്തെത്തിയത്. ഇന്ത്യയ്ക്ക് പുറമേ കൊവിഡ് വ്യാപനം രൂക്ഷമായ ബ്രസീലിനും കമ്പനി ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആക്‌സിസ് ബാങ്കിന്റെ തലപ്പത്ത് അമിതാഭ് ചൗധരി തുടരും
ആക്‌സിസ് ബാങ്കിന്റെ തലപ്പത്ത് അമിതാഭ് ചൗധരി തുടരും. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി 2022 ജനുവരി ഒന്ന് മുതല്‍ അമിതാഭ് ചൗധരി തന്നെ തുടരാനാണ് തീരുമാനം. ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് യോഗം ഇതിന് അംഗീകാരം നല്‍കി. 2019 ജനുവരി ഒന്നിന് ഈ സ്ഥാനത്തെത്തിയതാണ് ഇദ്ദേഹം. മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം. 2021 ഡിസംബര്‍ 31 ന് ഇത് അവസാനിക്കും. അതാണ് വീണ്ടും മൂന്ന് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചത്.
നാലു ദിവസത്തെ നേട്ടത്തിന് വിരാമം ഓഹരി വിപണിയില്‍ ഇടിവ്
നാലു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഇടിവ് രേഖപ്പെടുത്തി ഓഹരി വിപണി. സെന്‍സെക്സ് 983.58 പോയ്ന്റ് ഇടിഞ്ഞ് 48782.36 പോയ്ന്റിലും നിഫ്റ്റി 263.80 പോയ്ന്റ് ഇടിഞ്ഞ് 14631.10 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1332 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1554 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 166 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണിയില്‍ രണ്ടു ശതമാനത്തോളം ഇന്ന് ഇടിവുണ്ടായപ്പോള്‍ കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. 6.85 ശതമാനം നേട്ടവുമായി ഇന്‍ഡിട്രേഡ് നേട്ടപ്പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു. അപ്പോളോ ടയേഴ്സ് (4.31 ശതമാനം), ഹാരിസണ്‍സ് മലയാളം (3.91 ശതമാനം), ഫെഡറല്‍ ബാങ്ക് (3.42 ശതമാനം), നിറ്റ ജലാറ്റിന്‍ (3.39 ശതമാനം), കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്( 1.63 ശതമാനം) തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.




കോവിഡ് അപ്‌ഡേറ്റ്‌സ് ഏപ്രില്‍ 30

കേരളത്തില്‍ ഇന്ന്

രോഗികള്‍: 37119

മരണം: 49

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 18,762,976

മരണം: 208,330

ലോകത്തില്‍ ഇതുവരെ

രോഗികള്‍: 150,133,654

മരണം: 3,162,166




Related Articles
Next Story
Videos
Share it