ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസറ്റ് 18, 2021

ബാങ്ക് ലോക്കര്‍ നിയമങ്ങളില്‍ അഴിച്ചുപണി നടത്തി റിസര്‍വ് ബാങ്ക്

ബാങ്ക് ലോക്കര്‍ നിയമങ്ങളില്‍ അഴിച്ചുപണി നടത്തി റിസര്‍വ് ബാങ്ക്. മോഷണം മൂലമോ ജീവനക്കാരുടെ വഞ്ചന മൂലമോ ലോക്കര്‍ സാമഗ്രികള്‍ നഷ്ടപ്പെടുന്നതിലെ ബാധ്യത ബാങ്കുകള്‍ക്ക് നിരസിക്കാന്‍ കഴിയില്ലെന്ന് ആര്‍ബിഐ ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇത്തരത്തില്‍ ഉണ്ടായാല്‍ ലോക്കര്‍ വാടകയുടെ 100 മടങ്ങാണ് ബാങ്ക് ഉപഭോക്താവിന് തിരികെ നല്‍കേണ്ടി വരുക. ലോക്കറിലുള്ളതിന്റെ മൂല്യം ഇതില്‍ കണക്കാക്കപ്പെടില്ല എന്നതാണ് സത്യം. അതേസമയം പ്രകൃതിദുരന്തങ്ങള്‍ അല്ലെങ്കില്‍ ഉപഭോക്തൃ അശ്രദ്ധമൂലം ലോക്കര്‍ ഉള്ളടക്കങ്ങള്‍ നഷ്ടപ്പെട്ടാല്‍/കേടുപാടുകള്‍ക്ക് ബാങ്ക് ബാധ്യസ്ഥനല്ലെന്നും ആര്‍ബിഐ പറഞ്ഞു.

ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടികയിലേക്ക് രാധാകിഷന്‍ ദമനിയും

ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം, ലോകത്തിലെ ഏറ്റവും ധനികരായ 100 പേരില്‍ രാധാകിഷന്‍ ദമനിയും ഇടംപിടിച്ചു. റീറ്റെയ്ല്‍ ചെയിന്‍-ഓപ്പറേറ്റര്‍ അവന്യൂ സൂപ്പര്‍മാര്‍ട്‌സ് ഉടമയായ ദാമനിക്ക് നിലവില്‍ 19.2 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ 98-ആം സ്ഥാനത്താണ് അദ്ദേഹം ഇടം പിടിച്ചത്.

മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ മെട്രോ റെയില്‍ മാനേജിംഗ് ഡയറക്റ്റര്‍

മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ റെയില്‍വേ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററായി നിയമിക്കും. മൂന്നു വര്‍ഷത്തേക്കാണു നിയമനം. സിബിഐയിലും എന്‍ഐഎയിലും പ്രവര്‍ത്തിച്ചിട്ടുള്ള ബെഹ്‌റ 2016 ലാണ് പൊലീസ് മേധാവിയായത്. നാലര വര്‍ഷം ഇന്റലിജന്‍സ്, ഓപ്പറേഷന്‍സ് എന്നിവയുടെ ചുമതല വഹിച്ച വ്യക്തിയാണ്.

ബെംഗളുരും സ്റ്റാര്‍ട്ടപ്പിന് മേരീ മീക്കേഴ്‌സ് ഫണ്ടുള്‍പ്പെടെ 225 മില്യണ്‍ നിക്ഷേപമെത്തി

ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസ് (API) പ്ലാറ്റ്‌ഫോം ആയ പോസ്റ്റ്മാന്‍ 225 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി. നിലവിലുള്ള നിക്ഷേപകനായ ഇന്‍സൈറ്റ് പാര്‍ട്‌ണേഴ്‌സിന്റെ നേതൃത്വത്തില്‍ പുതിയ നിക്ഷേപകരായ കോട്ട്, സിലിക്കണ്‍ വാലി നിക്ഷേപകരായ മേരി മീക്കേഴ്‌സ് ബോണ്ട് ക്യാപിറ്റല്‍, ബാറ്ററി വെഞ്ച്വേഴ്‌സ് എന്നിവയുമായി ചേര്‍ന്നാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഈ ഫണ്ടിംഗിന് ശേഷം, പോസ്റ്റ്മാന്റെ മൂല്യം 5.6 ബില്യണ്‍ ഡോളറാകും. ബെംഗളുരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പാണ് പോസ്റ്റ്മാന്‍.

ഫോണ്‍പേയ്ക്ക് ചൈനീസ് കമ്പനിയുടെ 66.5 ദശലക്ഷം ഡോളര്‍ നിക്ഷേപം

ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ ഫോണ്‍പേയ്ക്ക് ചൈനീസ് കമ്പനിയായ ടെന്‍സെന്റില്‍ നിന്നുള്ള നിക്ഷേപം ഉള്‍പ്പെടെ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സ്ഥാപനത്തില്‍ 66.5 ദശലക്ഷം ഡോളര്‍ (ഏകദേശം 492 കോടി രൂപ) ഫണ്ട് ഇന്‍ഫ്യൂഷന്‍ ലഭിച്ചു. ഫ്‌ളിപ്കാര്‍ട്ടിന് കീഴിലുള്ള യുപിഐ അധിഷ്ടിത മണി ട്രാന്‍സ്ഫര്‍ ആപ്പാണ് ഫോണ്‍പേ.

സ്വര്‍ണവില വീണ്ടും വര്‍ധനവില്‍

കേരളത്തിലെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയും ഉയര്‍ന്ന് 35440 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. 4,430 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 160 രൂപയാണ് പവന് ഉയര്‍ന്നത്. എംസിഎക്‌സില്‍, സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.2% ഉയര്‍ന്ന് 47,374 രൂപയായി, വെള്ളി വില 0.37% ഉയര്‍ന്ന് 63,462 രൂപയായി. 4 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്നും 10 ഗ്രാമിന് 45,600 രൂപ എന്ന നിലയിലേക്ക് നിരക്ക് ഉയര്‍ന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന, 56,200 ല്‍ നിന്ന് 9,000 രൂപ കുറവിലാണ് ഇപ്പോള്‍ വ്യാപാരം നടന്നത്.

ലാഭമെടുക്കലില്‍ നേട്ടം ഒലിച്ചുപോയി, ഓഹരി സൂചികള്‍ ഇടിഞ്ഞു

ഓപ്ഷന്‍സ് സെറ്റില്‍മെന്റും വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ ലാഭമെടുക്കലിന് നിക്ഷേപകര്‍ തിടുക്കം കൂട്ടിയതും ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളെ ഇടിവിലേക്ക് നയിച്ചു. വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ സെന്‍സെക്സ് 56,000 പോയ്ന്റ് എന്ന റെക്കോര്‍ഡ് തൊട്ടെങ്കിലും വ്യാപാര അന്ത്യത്തില്‍ 163 പോയ്ന്റ് , 0.23 ശതമാനം, ഇടിഞ്ഞ് 55,629 ലെത്തി. നിഫ്റ്റി 46 പോയ്ന്റ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 16,569 ലെത്തി. വിശാല വിപണിയുടെ പ്രകടനവും സമ്മിശ്രമായിരുന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.26 ശതമാനം ഉയര്‍ന്നപ്പോള്‍ സ്മോള്‍ കാപ് സൂചിക 0.18 ശതമാനം ഇടിഞ്ഞു. ബാങ്കിംഗ്, റിയാല്‍റ്റി, മെറ്റല്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു.

കേരള കമ്പനിയുടെ പ്രകടനം

ആസ്റ്റര്‍ ഡിഎം ഇന്നും ഏഴ് ശതമാനത്തിലേറെ ഉയര്‍ന്നു. ഈസ്ട്രെഡ്സാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റൊരു കേരള കമ്പനി. പത്തുശതമാനത്തോളം വില കൂടി. വി ഗാര്‍ഡ് ഓഹരി വിലയും ഇന്ന് മൂന്നര ശതമാനത്തോളം കൂടി.






Related Articles
Next Story
Videos
Share it