Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 23, 2021
'റിന്യു പവര്‍' കമ്പനി നാസ്ദാക്കില്‍ ലിസ്റ്റ്ചെയ്യും
റിന്യൂവബ്ള്‍ എനര്‍ജി മേഖലയിലെ പ്രമുഖ കമ്പനിയായ 'റിന്യു പവര്‍' നാസ്ദാക്കില്‍ ലിസ്റ്റ്ചെയ്യാനൊരുങ്ങുന്നു. 100 കോടി ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതോടെ യുഎസ് വിപണിയില്‍ ലിസ്റ്റ്ചെയ്യുന്ന ഈ മേഖലയിലെ കമ്പനിയാണ് റിന്യൂ പവര്‍.
യുഎസില്‍ പ്രാരംഭ ഓഹരി വില്പനയിലൂടെ 2020 ഡിസംബറില്‍ 34.5 കോടി ഡോളര്‍ കമ്പനി സമാഹരിച്ചിരുന്നു. നാസ്ദാക്കില്‍കൂടി ലിസ്റ്റ്ചെയ്യുന്നതോടെ 400 കോടി ഡോളര്‍ കമ്പനിയാകുകയാണ് ലക്ഷ്യം. ഗോള്‍ഡ്മാന്‍ സാക്സ്, സിപിപി ഇന്‍വെസ്റ്റ്മെന്റ്സ്, അബുദാബി ഇന്‍വെസ്റ്റുമെന്റ് അതോറിറ്റി തുടങ്ങിയവയാണ് റിന്യൂ പവറിലെ പ്രധാന നിക്ഷേപകര്‍.
ആദായനികുതി വെബ്‌സൈറ്റിലെ പ്രശ്‌നം സെപ്റ്റംബര്‍ 15 നകം പരിഹരിക്കണമെന്ന് ഇന്‍ഫോസിസിനോട് സര്‍ക്കാര്‍
ആദായനികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റിലെ തകരാറുകള്‍ സെപ്റ്റംബര്‍ 15 നകം പരിഹരിക്കാന്‍ ഇന്‍ഫോസിസിനോട് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഉത്തരവിട്ടു. ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ടാക്സ് പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മന്ത്രി ചര്‍ച്ച ചെയ്തത്.
മിന്ത്ര ഫാഷനുമായി പാര്‍ട്ണര്‍ഷിപ്പ് ബിസിനസിനൊരുങ്ങി അര്‍ബനിക് ബ്രാന്‍ഡ്
വോള്‍മാര്‍ട്ട് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡ് ആയ മിന്ത്ര പുതിയ ഒരു ബ്രാന്‍ഡിനെക്കൂടെ തങ്ങളിലേക്ക് ചേര്‍ത്തു. ലണ്ടന്‍ ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്‌ഫോമാണ് അര്‍ബനിക് എന്ന ബ്രാന്‍ഡ്. അര്‍ബനിക് ബ്രാന്‍ഡിന്റെ സമാനമായ ആദ്യ ബ്രാന്‍ഡിംഗ് പാര്‍ട്ണര്‍ഷിപ്പ് ആയിരിക്കും ഇത്.
സൊമാറ്റോ ഓഹരികള്‍ ഇടിഞ്ഞു
ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ ലിമിറ്റഡിന്റെ ഓഹരികള്‍ തിങ്കളാഴ്ച ഏകദേശം 9% ഇടിഞ്ഞു. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ഒരു മാസത്തെ ലോക്ക്-ഇന്‍ കാലാവധി അവസാനിച്ച ദിവസം, നിക്ഷേപക സമ്പത്ത് 1.25 ബില്യണ്‍ ഡോളര്‍ കുറവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ബിഎസ്ഇയില്‍ സ്റ്റോക്ക് 1 0.4%വരെ താഴ്ന്ന് 124.90 രൂപയിലെത്തിയിരുന്നു.
ഡിസ്‌കൗണ്ടുകള്‍ക്ക് നിയന്ത്രണം; മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴ
ഡീലര്‍മാരുടെ ഡിസ്‌കൗണ്ടുകള്‍ നിയന്ത്രിച്ചതിന് വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിക്കെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ 9സിസിഐ) 200 കോടി രൂപ പിഴ ചുമത്തി. ഡീലര്‍ഷിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് അധിക കിഴിവ് നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന പ്രവര്‍ത്തികളില്‍ മാരുതിയേര്‍പ്പെട്ടെന്ന് സിസിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓണത്തിന് വിറ്റഴിച്ചത് 750 കോടിയുടെ മദ്യം: നികുതിയിനത്തില്‍ സര്‍ക്കാരിന് കിട്ടിയത് 600 കോടി
ഓണം സീസണില്‍ ബെവ്കോ (കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ ലിമിറ്റഡ്) വഴി വിറ്റഴിച്ചത് 750 കോടിയുടെ മദ്യം. എല്ലാ കാലത്തെയും ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണിത്. ഓഗസ്റ്റ് 11 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും വലിയ തോതില്‍ മദ്യം കേരളത്തില്‍ വിറ്റഴിച്ചത്. അതേസമയം, ഈ തുകയില്‍ 600 കോടിയിലധികം രൂപ സംസ്ഥാന സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കും. കഴിഞ്ഞ ഓണക്കാലത്ത് ഏകദേശം 565 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്.
ഐറ്റി ഓഹരികളുടെ കരുത്തില്‍ മുന്നേറി ഓഹരി സൂചികകള്‍
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ മുന്നേറി ഓഹരി സൂചികകള്‍. ഐറ്റി ഓഹരികള്‍ തിളങ്ങിയതാണ് മുന്നേറ്റത്തിന് പ്രധാന കാരണം. സെന്‍സെക്സ് 226.47 പോയ്ന്റ് ഉയര്‍ന്ന് 55555.79 പോയ്ന്റിലും നിഫ്റ്റി 46 പോയ്ന്റ് ഉയര്‍ന്ന് 16496.50 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 745 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 2438 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ 135 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ആറെണ്ണത്തിന് മാത്രമേ ഇന്ന് നേട്ടമുണ്ടാക്കാനായുള്ളൂ. പാറ്റ്സ്പിന്‍ ഇന്ത്യ (3.56 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (3.14 ശതമാനം), ആസ്റ്റര്‍ ഡി എം (2.39 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (0.58 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് (0.54 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (0.40 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
Next Story
Videos